വിമാനത്തിൽ നടന്നത് വധശ്രമം, ഇ.പി സന്ദർഭോചിതമായി ഇടപെട്ടതിനാൽ പിണറായിയെ തൊടാൻ കഴിഞ്ഞില്ല -കോടിയേരി
text_fieldsതിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി നടത്തിയത് വധശ്രമമായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇ പി ജയരാജന്റെയും മറ്റും സന്ദർഭോചിതമായ ഇടപെടൽകൊണ്ടാണ് അക്രമികൾക്ക് പിണറായി വിജയനെ തൊടാൻ കഴിയാത്തതെന്നും അദ്ദേഹം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.
'മുഖ്യമന്ത്രിയെ ആക്രമിക്കാൻ ക്രിമിനലുകളായ മൂന്ന് കോൺഗ്രസുകാർ വിമാനത്തിൽ ശ്രമിച്ചത് നിസ്സാരസംഭവമല്ല. പഞ്ചാബിലെ ഭിന്ദ്രൻവാലാ ശൈലിയിലേക്ക് കേരളത്തെ മാറ്റാനാണ് ഇവിടത്തെ കോൺഗ്രസുകാർ ശ്രമിക്കുന്നത്. ഇതിനെ ജനാധിപത്യപരമായ പ്രതിഷേധമായി കാണാനാകില്ല. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഭീകരവാദികളുടെ മാതൃകയിൽ അക്രമത്തിന് കോപ്പുകൂട്ടിയവരെ കർശന നിയമനടപടികൾക്ക് വിധേയമാക്കണം. വിമാനത്തിൽനിന്ന് മുഖ്യമന്ത്രി പുറത്തിറങ്ങും മുമ്പാണ് കോൺഗ്രസ് അക്രമികൾ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞുചെന്നത്.
ഉയർന്ന നിരക്കിൽ ടിക്കറ്റെടുത്ത് വിമാനത്തിൽ കയറിയവർ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും നടത്തിയാണ് കുറ്റകൃത്യത്തിനെത്തിയത്. സീറ്റ് ബെൽറ്റ് ഊരാൻ അനൗൺസ്മെന്റ് ഉണ്ടാകുന്നതിനുമുമ്പ് ബെൽറ്റഴിച്ച് നിരവധി വരികൾ കടന്ന് മുഖ്യമന്ത്രിയുടെ അടുത്ത് എത്തുകയായിരുന്നു. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ അനിൽകുമാറും പിഎ സുനീഷും അവരെ തടയുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ശരീരത്തിൽ തൊടാൻ കഴിയാതെ വന്നത്.
കോൺഗ്രസ് നടപടിയോട് ബിജെപി വിയോജിച്ചിട്ടില്ല. പകരം അടുത്തദിവസം ക്ലിഫ്ഹൗസ് ലാക്കാക്കി മഹിളാമോർച്ചയുടെ അരാജകത്വ പ്രകടനമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രണ്ട് പ്രതിപക്ഷ മുന്നണികളും പ്രചരിപ്പിച്ചതും ജനങ്ങൾ തള്ളിയതുമായ നുണകളാണ് വീണ്ടും അവതരിപ്പിച്ച് നാട്ടിൽ കലാപമുണ്ടാക്കാൻ നോക്കുന്നത്. ഇത് തിരിച്ചറിയാനുള്ള വിവേകം കേരള ജനതയ്ക്കുണ്ട്' -കോടിയേരി വ്യക്തമാക്കി.
എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെ അപായപ്പെടുത്താനും അപകീർത്തിപ്പെടുത്താനും യുഡിഎഫ്, എൻഡിഎ മുന്നണികൾ സയാമീസ് ഇരട്ടകളെപ്പോലെ പ്രവർത്തിക്കുകയാണെന്നും കോടിയേരി പരിഹസിച്ചു. രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിന്റെയും സോണിയക്ക് നോട്ടീസ് നൽകിയതിന്റെയും പശ്ചാത്തലത്തിൽ ദേശവ്യാപകമായി കോൺഗ്രസ് നടത്തിയ ഇഡി വിരുദ്ധസമരം കേരളത്തിൽ നാമമാത്രമായിരുന്നു. സംസ്ഥാനരാഷ്ട്രീയം ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നേതൃത്വത്തിൽ കൂടുതൽ ധ്രുവീകരിക്കപ്പെടുകയാണ്. ഇടതുപക്ഷത്ത് ജനാധിപത്യ വിശ്വാസികളെ കൂടുതലായി ചേർക്കാനും സമാധാനകാംക്ഷികളെയും മതനിരപേക്ഷ ശക്തികളെയും കൂടുതലായി അണിനിരത്താനും ഇപ്പോഴത്തെ സംഭവവികാസങ്ങൾ ഉപകരിക്കുമെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.