കോടിയേരി ബാലകൃഷ്ണെൻറ വിമർശനങ്ങളെ അതിജീവിച്ച് മടങ്ങിവരവ്
text_fieldsതിരുവനന്തപുരം: സംസ്ഥാന സി.പി.എമ്മിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ 'രണ്ടാമൻ' താൻ തന്നെയെന്ന് തെളിയിച്ചുള്ള മടങ്ങിവരവാണ് കോടിയേരി ബാലകൃഷ്ണെൻറത്. മക്കളുടെ പേരിൽ ഉയർന്ന വിവാദങ്ങൾ കോടിയേരിയുടെ രാഷ്ട്രീയഭാവി തന്നെ ഇല്ലാതാക്കിയെന്ന വിലയിരുത്തലുകളെ അവഗണിച്ചാണ് ഒരുവർഷത്തെ അവധിക്കുശേഷം തിരിച്ചെത്തുന്നത്. അതും ജില്ല സമ്മേളനങ്ങൾ ഡിസംബർ പത്തിന് ആരംഭിക്കാനിരിക്കെ. ഏരിയ സമ്മേളനങ്ങളിൽ വിഭാഗീയത മറനീക്കിയ സാഹചര്യത്തിൽ കോടിയേരിയുടെ മടക്കം സി.പി.എമ്മും ആഗ്രഹിച്ചിരുന്നു.
കഴിഞ്ഞവർഷം നവംബർമുതൽ അവധിയിലായിരുന്നെങ്കിലും പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിൽ നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലുൾപ്പെടെ കൈക്കൊണ്ട നിർണായക തീരുമാനങ്ങൾക്ക് പിന്നിൽ പിണറായിക്കൊപ്പം കോടിയേരിയുമുണ്ടായിരുന്നു.
കഴിഞ്ഞവർഷം നവംബർവരെ കോടിയേരിയുടെ രാഷ്ട്രീയ ജീവിതത്തിൽ കാര്യമായ തിരിച്ചടികളുണ്ടായിട്ടില്ല. മുമ്പ് മക്കൾക്കെതിരെ ചില ആരോപണങ്ങൾ ഉയർന്നെങ്കിലും അതൊന്നും പ്രതിബന്ധങ്ങളായില്ല. പാർലമെൻററി രംഗത്തും പാർട്ടിയിലും വിജയങ്ങൾ മാത്രമായിരുന്നു കോടിയേരിയെ അനിഷേധ്യ നേതാവാക്കിയത്.
2019ൽ അർബുദബാധിതനായെങ്കിലും അതും കോടിയേരിയെന്ന രാഷ്ട്രീയനേതാവിനെ തളർത്തിയില്ല. രോഗത്തിെൻറ അവശതകളുണ്ടായിരുന്നെങ്കിലും മകൻ ബിനീഷ് കോടിയേരിക്കെതിരെ ഉയർന്ന കള്ളപ്പണക്കേസാണ് കോടിയേരിയുടെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്. പല കോണുകളിൽനിന്ന് ആരോപണശരങ്ങൾ ഉയർന്നപ്പോൾ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി മാറിനിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു.അത് അംഗീകരിച്ച സി.പി.എം നേതൃത്വം പക്ഷേ, കോടിയേരിയെ പൂർണമായി സംരക്ഷിക്കുകയായിരുന്നു.
സി.പി.എമ്മിലെ സൗമ്യ മുഖങ്ങളിലൊന്നാണ് കോടിയേരിയുടേത്. രാഷ്ട്രീയത്തിൽ എന്നും പിണറായി വിജയനാണ് കോടിയേരി ബാലകൃഷ്ണെൻറ നേതാവ്. 37ാം വയസ്സിൽ കണ്ണൂർ ജില്ല സെക്രട്ടറിയാകുന്നതിലും 42ാം വയസ്സിൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ആകുന്നതിലും 49ാം വയസ്സിൽ േപാളിറ്റ് ബ്യൂറോ അംഗം ആകുന്നതിലുമൊക്കെ കോടിയേരിയുടെ മുൻഗാമി പിണറായിതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.