വിട...ലാൽസലാം, സഖാവ് കോടിയേരി
text_fieldsചെന്നൈ/തിരുവനന്തപുരം: പ്രത്യയശാസ്ത്ര ദൃഢതയും സൗമ്യസ്വഭാവവും സമന്വയിപ്പിച്ച് കേരളരാഷ്ട്രീയത്തിന് ചെങ്കനൽച്ചൂടേകിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര-ടൂറിസം മന്ത്രിയുമായിരുന്ന കോടിയേരിയുടെ മരണം ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടിനായിരുന്നു. ഞായറാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിനുവെക്കും.
തിങ്കളാഴ്ച രാവിലെ 10ന് കോടിയേരി ബാലകൃഷ്ണന്റെ വസതിയായ മാടപ്പീടികയിലെ വീട്ടിൽ ബന്ധുക്കൾക്ക് കാണാനായി വിട്ടുനൽകും. രാവിലെ 11 മുതൽ ഉച്ച രണ്ടുവരെ സി.പി.എം ജില്ല കമ്മിറ്റി ഓഫിസായ കണ്ണൂരിലെ അഴീക്കോടൻ മന്ദിരത്തിലും പൊതുദർശനത്തിനുവെച്ചശേഷം മൂന്നിന് പയ്യാമ്പലത്ത് സംസ്കരിക്കും.
തുടർച്ചയായി മൂന്നുതവണ സംസ്ഥാന സെക്രട്ടറിയായി സി.പി.എമ്മിനെ നയിച്ച കോടിയേരി ബാലകൃഷ്ണൻ, ചരിത്രത്തിലാദ്യമായി എൽ.ഡി.എഫിന് കേരളത്തിൽ തുടർഭരണം ലഭിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നേതൃപരമായ പങ്കുവഹിച്ചു. 2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാറിൽ ആഭ്യന്തരം, വിജിലൻസ്, ടൂറിസം വകുപ്പുകളുടെ മന്ത്രിയായിരുന്നു. രാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരുമായി കോടിയേരിക്ക് ഊഷ്മളമായ ബന്ധമുണ്ടായിരുന്നു.
1982, 1987, 2001, 2006, 2011 വർഷങ്ങളിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006ലും '11 ലും നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായിരുന്നു. 2015ൽ സി.പി.എം ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ആദ്യമായി സംസ്ഥാന സെക്രട്ടറിയായത്. 2018ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിൽ രണ്ടാം തവണ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2020 നവംബറിൽ അർബുദം തിരിച്ചറിഞ്ഞതിനെ തുടർന്ന് അമേരിക്കയിലെ ചികിത്സക്കായി ഒരുവർഷം അവധിയിൽ പ്രവേശിച്ചു. പ്രവർത്തനത്തിലേക്ക് തിരിച്ചുവന്നശേഷം 2022 ഫെബ്രുവരിയിലെ എറണാകുളം സംസ്ഥാന സമ്മേളനത്തിൽ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും വീണ്ടും ആരോഗ്യകാരണങ്ങളാൽ ആഗസ്റ്റ് 28ന് ഒഴിഞ്ഞു.
1953 നവംബർ 16ന് തലശ്ശേരിയിൽ കുഞ്ഞുണ്ണിക്കുറുപ്പിന്‍റെയും നാരായണിയമ്മയുടെയും മകനായാണ് ജനനം. വിദ്യാഭ്യാസകാലത്തുതന്നെ എസ്.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.എഫിന്‍റെ യൂനിറ്റ് സെക്രട്ടറിയായി ഓണിയൻ ഹൈസ്കൂളിൽ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചു. പിന്നീട് മാഹി എം.ജി കോളജ് യൂനിയൻ ചെയർമാൻ, 1973-79ൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ ജോയന്‍റ് സെക്രട്ടറിയുമായി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലായിരുന്നു ഡിഗ്രി വിദ്യാഭ്യാസം.
1980- 82ൽ ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല പ്രസിഡന്‍റായി. കേരള കർഷകസംഘം ജോയന്‍റ് സെക്രട്ടറി, കണ്ണൂർ ജില്ല സെക്രട്ടറി, കിസാൻസഭ അഖിലേന്ത്യ കമ്മിറ്റി അംഗം, സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം മിസ പ്രകാരം തടവുശിക്ഷ അനുഭവിച്ചു. ഭാര്യ: തലശ്ശേരി മുൻ എം.എൽ.എ പരേതനായ എം.വി. രാജഗോപാലിന്‍റെ മകൾ എസ്.ആർ. വിനോദിനി. മക്കൾ: ബിനോയ്, ബിനീഷ്. മരുമക്കൾ: ഡോ. അഖില, റിനീറ്റ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.