എന്നും വാർത്തയിൽ...
text_fieldsഭരണാധികാരിയെന്ന നിലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചതിനൊപ്പം വിവാദങ്ങളും കോടിയേരി ബാലകൃഷ്ണന്‍റെ ജീവിതത്തിൽ പലപ്പോഴും കരിനിഴൽ വീഴ്ത്തി. മന്ത്രിയെന്ന നിലയിലും സി.പി.എം നേതാവായും പല വിവാദങ്ങളിലേക്കും അദ്ദേഹത്തിന്‍റെ പേര് കടന്നുവന്നു.
പൊലീസ് സ്റ്റേഷനിൽ ബോംബ് നിർമ്മിക്കുമെന്ന പരാമർശവും സ്റ്റേഷനുള്ളിൽ കടന്ന് കസ്റ്റഡിയിലിരുന്ന എസ്.എഫ്.ഐക്കാരെ മോചിപ്പിച്ചതുൾപ്പെടെ സി.പി.എം നേതാവ് എന്ന നിലയിൽ അദ്ദേഹം ചെയ്ത കാര്യങ്ങളും വിവാദമായി. സംഭവം പുറത്ത് വിവാദമായെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിൽ കോടിയേരിയുടെ മൂല്യം കൂടി. സി.പി.എം പ്രവർത്തകർ ആക്രമിക്കപ്പെട്ടപ്പോൾ രാഷ്ട്രീയ എതിരാളികളെ അതേ ശബ്ദത്തിൽ വെല്ലുവിളിക്കാനും കോടിയേരി എന്ന നേതാവ് മുന്നിലുണ്ടായിരുന്നു. 'എതിരാളികളെ വെള്ളമൂടി കിടത്തിക്കും' എന്ന കോടിയേരിയുടെ പൊതുസമ്മേളനത്തിലെ പ്രസംഗം വർഷങ്ങൾക്ക് മുമ്പ് വലിയ വിവാദമായിരുന്നു.
വി.എസ്. അച്യുതാനന്ദൻ സർക്കാറിലെ രണ്ടാമനായി കോടിയേരി ബാലകൃഷ്ണൻ വരുന്നത് തന്നെ വിവാദത്തോടെയായിരുന്നു. സി.പി.എമ്മിനുള്ളിൽ നിലനിന്ന വിഭാഗീയതക്കിടയിൽ വി.എസ്. മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തിന് മൂക്കുകയറിടാനാണ് പാർട്ടി കോടിയേരിയെ നിയോഗിച്ചതെന്ന വാദമാണ് ഉയർന്നത്. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് നൽകാതെ കോടിയേരിക്ക് നൽകിയത് അതിന്‍റെ ഭാഗമായെന്ന പറച്ചിലുമുണ്ടായി. വിജിലൻസ് വിട്ടുകൊടുക്കില്ലെന്ന് വി.എസ്. വാശിപിടിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. മന്ത്രിയായി ചുമതലയേറ്റപ്പോൾ തന്നെ കോടിയേരിയുമായി ബന്ധപ്പെട്ട് മറ്റ് ചില വിവാദങ്ങളുമുയർന്നു. ഔദ്യോഗിക വസതി ലക്ഷങ്ങൾ മുടക്കി മോടി പിടിപ്പിച്ചെന്നും വാസ്തു നോക്കി മാറ്റങ്ങൾ വരുത്തിയെന്നുമൊക്കെയുള്ള ആക്ഷേപങ്ങൾ ഉയർന്നു. എന്നാൽ, ഇതെല്ലാം സ്വതസിദ്ധമായ ചിരിയോടെ തള്ളുകയായിരുന്നു അദ്ദേഹം.
സി.പി.എം ആരാധനകളെയും ചടങ്ങുകളെയും എതിർക്കുന്നതിനിടെ കാടാമ്പുഴ ക്ഷേത്രത്തിൽ കോടിയേരി ബാലകൃഷ്ണന്‍റെ പേരിൽ 'പൂമൂടൽ' ചടങ്ങ് നടത്തി എന്നൊരു വിവാദവുമുണ്ടായി. കോടിയേരിയുടെ ഭാര്യയാണ് ഈ പൂജ നടത്തിയതെന്ന ആക്ഷേപമാണ് എതിരാളികൾ ഉയർത്തിയത്. എന്നാൽ, മറ്റൊരു ബാലകൃഷ്ണനാണ് ഈ ചടങ്ങ് നടത്തിയതെന്ന വിവരം പുറത്തുവന്നതോടെ എല്ലാം ശമിച്ചു. ആഭ്യന്തരമന്ത്രിയായി ചുമതലയെടുത്ത ആദ്യകാലത്ത് പൊലീസ് നടപടികളിൽ ചിലർ കൊല്ലപ്പെട്ടതും വിമർശനങ്ങളുയർത്തി. ബീമാപള്ളിയിൽ കേരളം കണ്ട ഏറ്റവും വലിയ പൊലീസ് വെടിവെപ്പ് നടന്നതും കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തായിരുന്നു. 2009 മേയ് 17ന് ഉച്ച തിരിഞ്ഞ് ജനങ്ങൾക്ക് നേരെ പൊലീസ് വെടിവെപ്പ് നടത്തിയ സംഭവത്തിൽ ആറ് പേർ കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അത് സംബന്ധിച്ച വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല.
2009 ആഗസ്റ്റ് 21ന് വ്യവസായിയായിരുന്ന പോള്‍ മുത്തൂറ്റ് കൊല്ലപ്പെട്ടതും അതുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിയായിരുന്ന വിൻസൻ എം. പോളിന്‍റെ പ്രസ്താവനയുമെല്ലാം കോടിയേരിക്കെതിരെയും വിമർശനത്തിന് കാരണമായി. 'എസ്' ആകൃതിയിലുള്ള കത്തിയാണ് കൊലക്ക് ഉപയോഗിച്ചതെന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തലാണ് വിവാദത്തിന് കാരണമായത്. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നായ ടോട്ടൽ ഫോർ യു തട്ടിപ്പ് നടന്നതും കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തായിരുന്നു. ആ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിലുൾപ്പെടെ പൊലീസിന്‍റെ ഭാഗത്തുണ്ടായ വീഴ്ചകൾ പരോക്ഷമായി കോടിയേരിക്കെതിരെയും ആയുധമായി. ഐസ്‌ക്രീം, ലോട്ടറി, ലാവലിൻ കേസുകളുടെ നടത്തിപ്പിനായി സർക്കാർ അഭിഭാഷകരുള്ളപ്പോൾ പുറത്തുനിന്നും അഭിഭാഷകരെ കൊണ്ടുവന്നതിലൂടെ സംസ്ഥാന ഖജനാവിന് മൂന്നുകോടി രൂപ നഷ്ടമുണ്ടാക്കിയെന്ന ആക്ഷേപവും ഉയർന്നു. ഇതുസംബന്ധിച്ച പരാതി അന്വേഷിക്കാൻ കോടതി ഉത്തരവിട്ട സാഹചര്യവുമുണ്ടായി.
മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ പലപ്പോഴും കോടിയേരിയെ സമ്മർദ്ദത്തിലാക്കിയിരുന്നു. മൂത്തമകൻ ബിനോയ്ക്കെതിരെ പീഡനപരാതിയുമായി യുവതി രംഗത്തെത്തിയതും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിദേശത്ത് തടയപ്പെട്ടതും മറ്റൊരു മകൻ ബിനീഷ് കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ജയിലിലായതും കോടിയേരിയെ പല സന്ദർഭങ്ങളിലും പ്രതിരോധത്തിലാക്കി. ഈ വിവാദത്തിനിടയിൽ സി.പി.എം സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തിന് മാറിനിൽക്കേണ്ടിയും വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.