ബിനീഷ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെ -കോടിയേരി
text_fieldsതിരുവനന്തപുരം: ബിനീഷ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവനെ ശിക്ഷിക്കട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തൂക്കികൊല്ലണമെങ്കിൽ കൊല്ലട്ടെ. കുറ്റം ചെയ്യുന്ന മകനെ ഒരു രക്ഷിതാവും സംരക്ഷിക്കില്ല. എന്തും നേരിടാൻ തയാറാണ്. കേസിൽ പ്രതിപക്ഷം കള്ളക്കഥ പ്രചരിപ്പിക്കുകയാണ്. വ്യാജപ്രചാരണമാണ് ഉണ്ടാവുന്നതെന്നും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വെഞ്ഞാറമൂട് രക്തസാക്ഷികളെ കോൺഗ്രസ് ഗുണ്ടകളെന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ്. കൊലപാതകത്തെ തള്ളിപ്പറയാൻ കോൺഗ്രസ് തയാറാവുന്നില്ല. കോൺഗ്രസ് നിലപാട് അപലപനീയമാണെന്നും കോടിയേരി പറഞ്ഞു.
കൊലപാതക രാഷ്ട്രീയത്തിനെതിരെ സി.പി.എം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിെൻറ ഭാഗമായി ഏരിയ കേന്ദ്രങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു. കേരളത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് നേതാക്കൾ ഇപ്പോൾ ജോസ്.കെ മാണിക്ക് പിറകെയാണ്. യു.ഡി.എഫിന് വേണ്ടപ്പെട്ട ആളായി അദ്ദേഹം മാറിയിരിക്കുകയാണ്. ജോസ്.കെ മാണി നിലപാട് വ്യക്തമാക്കിയാൽ സി.പി.എം അഭിപ്രായം പറയും. സി.പി.എം ജോസ്.കെ മാണിയോട് നിഷേധാത്മക നിലപാട് സ്വീകരിക്കില്ല. യു.ഡി.എഫ് പുറത്താക്കിയാൽ അദ്ദേഹം തെരുവിലാകില്ല.
സർക്കാർ നൽകുമെന്ന് അറിയിച്ച ഭക്ഷ്യകിറ്റ് കോൺഗ്രസുകാർക്കും ലഭിക്കും. വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകാനുള്ള പദ്ധതി വിപ്ലവകരമായ തീരുമാനമാണ്. യുവാക്കൾക്ക് തൊഴിൽ നൽകുന്നതിൽ എൽ.ഡി.എഫ് സർക്കാർ ബഹുദൂരം മുന്നിലാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.