കൃഷിഭൂമിയും കര്‍ഷകരുടെ വിയര്‍പ്പും കോര്‍പറേറ്റുകള്‍ക്ക് അടിയറ വെക്കുന്നു -കോടിയേരി
text_fieldsകോഴിക്കോട്: ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന കൃഷിഭൂമിയും കര്‍ഷകരുടെ വിയര്‍പ്പും ജീവിതവും കോര്‍പറേറ്റുകള്‍ക്ക് അടിയറ വെക്കാനാണ് കേന്ദ്ര സര്‍ക്കാർ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കാര്‍ഷിക മേഖലയുടെ തകര്‍ച്ച രാജ്യത്തിന്‍റെ തകര്‍ച്ചയിലേക്കാകും നയിക്കുകയെന്നും ഫേസ്ബുക്ക് കുറിപ്പിൽ കോടിയേരി ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
രാജ്യമാകെ കേന്ദ്രസർക്കാർ പാസാക്കിയെടുത്ത കർഷകദ്രോഹ ബില്ലിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. രാജ്യത്തെ കര്‍ഷകരുടെ ജീവിതം കോര്‍പറേറ്റുകള്‍ക്ക് അടിയറവെക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച സി.പി.എം. പ്രതിനിധികളായ എളമരം കരീമും കെ.കെ രാഗേഷും ഉള്‍പ്പെടെയുള്ള എം.പിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തതിനെതിരെ ചൊവ്വാഴ്‌ച കേരളം പ്രതിഷേധമുയര്‍ത്തും. കോവിഡ് മാനദണ്ഡം പാലിച്ച് വൈകിട്ട് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളോടും ആഹ്വാനം ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം പതിനായിരത്തിലേറെ കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്‌തത്. ഈ ദുരന്തത്തിന്‍റെ തുടര്‍ച്ചക്കാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ വഴിയൊരുക്കുക. ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന കൃഷിഭൂമിയും കര്‍ഷകരുടെ വിയര്‍പ്പും ജീവിതവും കോര്‍പറേറ്റുകള്‍ക്ക് അടിയവെക്കാനാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രമം. കാര്‍ഷിക മേഖലയുടെ തകര്‍ച്ച രാജ്യത്തിന്‍റെ തകര്‍ച്ചയിലേക്കാകും നയിക്കുക.
കര്‍ഷകര്‍ക്കു വേണ്ടിയുള്ള പോരാട്ടം രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. ഈ രാജ്യദ്രോഹ നയത്തിനെതിരെ പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുകയെന്ന ജനാധിപത്യപരമായ കടമയാണ് സി.പി.എമ്മിന്‍റെ അടക്കം എം.പിമാര്‍ നടത്തിയത്. പാര്‍ലമെന്‍റില്‍ ജനാധിപത്യപരമായ വിയോജിപ്പുകള്‍ പോലും അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാറിന്‍റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
പാര്‍ലമെന്‍റില്‍ മാത്രമല്ല, രാജ്യത്താകെ കര്‍ഷക പ്രതിഷേധത്തിന്‍റെ വലിയ അലയൊലി ഉയര്‍ന്നു കഴിഞ്ഞു. അതിന്‍റെ മുന്‍നിരയില്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാർട്ടികള്‍ ഉണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.