കോടിയേരി തിരിച്ചെത്തുന്നു
text_fieldsകണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തുന്നു. നവംബർ മുതൽ കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുത്ത് മാറിനിൽക്കുകയാണ്. ശനിയാഴ്ച സെക്രേട്ടറിയറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്തു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരിച്ചുവരവ് ദിവസങ്ങൾക്കകമുണ്ടാകും. ചികിത്സ വിജയകരമായി പൂർത്തിയാക്കിയ കോടിയേരി ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്.
പാർട്ടി സെൻററിൽ നടക്കുന്ന സുപ്രധാന ചർച്ചകളിലും മറ്റും കോടിയേരി സംബന്ധിക്കുന്നുമുണ്ട്. ചികിത്സക്കുവേണ്ടിയാണ് അവധിയെന്നാണ് പാർട്ടിയും കോടിയേരിയും വിശദീകരിച്ചത്. സ്വർണക്കടത്ത് വിവാദം കത്തിനിൽക്കെ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിൽ കേന്ദ്ര ഏജൻസികളുടെ പിടിയിലായ സാഹചര്യത്തിലായിരുന്നു കോടിയേരി സ്വയം മാറിനിന്നത്. സ്വർണക്കടത്ത് കേസിൽ പ്രതിരോധത്തിലായ പാർട്ടിയെയും സർക്കാറിനെയും കൂടുതൽ കടന്നാക്രമിക്കാൻ പാർട്ടി സെക്രട്ടറിയുടെ മകെൻറ അറസ്റ്റ് പ്രതിപക്ഷം ആയുധമാക്കിയപ്പോൾ അതിൽനിന്ന് തടിയൂരാൻകൂടി ലക്ഷ്യമിട്ടായിരുന്നു അത്.
മാറിയ രാഷ്ട്രീയ സാഹചര്യത്തിലാണ് കോടിയേരി തിരിച്ചുവരവിന് ഒരുങ്ങുന്നത്. സർക്കാറിനെ മുൾമുനയിൽ നിർത്തിയ സ്വർണക്കടത്ത് കേസിന് ഇപ്പോൾ പഴയ തീവ്രതയില്ല എന്നത് കോടിയേരിയുടെ തിരിച്ചുവരവിന് അനുകൂല ഘടകമാണ്. എന്നാൽ, ബിനീഷ് കോടിയേരി ഇപ്പോഴും ജയിലിലാണ്. അത് എതിരാളികൾ ആയുധമാക്കുമെങ്കിലും കോടിയേരി പാർട്ടിയുടെ അമരത്ത് തിരിച്ചെത്തുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും എതിർപ്പില്ല. കോടിയേരിക്ക് പകരം വന്ന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവെൻറ മൂന്നു മാസം വിവാദങ്ങളുടേതുകൂടിയായിരുന്നു.
വിജയരാഘവെൻറ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾ പലതും ബി.ജെ.പി-സി.പി.എം കൂട്ടുകെട്ട് എന്ന പ്രതിപക്ഷ പ്രചാരണത്തിന് ബലമേകി. ഈ സാഹചര്യത്തിൽ മുസ്ലിം വോട്ടുകൾ ഒന്നടങ്കം സി.പി.എമ്മിന് നഷ്ടമായേക്കുമെന്ന ഭീതിയും കോടിയേരിയുടെ തിരിച്ചുവരവിന് പിന്നിലുണ്ട്. തദ്ദേശ വോട്ട് പരാജയത്തിന് പിന്നാലെ കോൺഗ്രസിലെ തിരുത്തൽ നടപടികളിലൂടെ യു.ഡി.എഫ് തിരിച്ചുവരവിെൻറ പാതയിലാണെന്നും പാർട്ടി വിലയിരുത്തുന്നു. മാത്രമല്ല, വിജയരാഘവൻ നയിച്ച എൽ.ഡി.എഫ് വടക്കൻ മേഖല ജാഥ പ്രതീക്ഷിച്ച ഓളം സൃഷ്ടിച്ചില്ലെന്ന വിലയിരുത്തലുമുണ്ട്. ഈ സാഹചര്യത്തിൽ കോടിയേരിയെ പോലൊരു കരുത്തൻതന്നെ തലപ്പത്ത് വേണമെന്നാണ് പാർട്ടി നിശ്ചയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.