കോടതി വിധി അടിയന്തരാവസ്ഥയുടെ ശബ്ദം, പണിമുടക്ക് തൊഴിലാളികളുടെ അവസാന ആയുധമെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: പണിമുടക്ക് സമരങ്ങളിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നതിനെ വിമർശിച്ച ഹൈകോടതിക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പണിമുടക്ക് തൊഴിലാളികളുടെ അവസാന ആയുധമെന്ന് കോടിയേരി പറഞ്ഞു.
ഹൈകോടതിയുടേത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന വിധിയാണ്. കോടതി വിധി അടിയന്തരാവസ്ഥയുടെ ശബ്ദമാണ്. മിണ്ടരുത്, പ്രതിഷേധിക്കരുത് എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി.
മാർച്ചിൽ പണിമുടക്ക് നോട്ടീസ് ലഭിച്ചിട്ടും ഉത്തരവുകളിലൂടെയോ മറ്റോ സർക്കാർ അത് തടയാൻ ശ്രമിച്ചില്ലെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. പണിമുടക്ക് സമരങ്ങളിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് തടഞ്ഞ് സർക്കാർ ഉത്തരവിറക്കണമെന്ന വിധി പുറപ്പെടുവിച്ചായിരുന്നു ഹൈകോടതിയുടെ വിമർശനം.
കടകമ്പോളങ്ങളും സർക്കാർ ഓഫിസുകളും അടഞ്ഞുകിടക്കുകയും ഗതാഗതം നിലക്കുകയും ചെയ്ത കാഴ്ചയാണ് കൺമുന്നിലുള്ളത്. ട്രേഡ് യൂനിയൻ ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ട്രേഡ് യൂനിയനുകൾക്ക് അവരുമായി ബന്ധമില്ലാത്ത കാര്യത്തിൽ ഇപ്രകാരം ദേശീയതലത്തിൽ ഭരണനിർവഹണം സ്തംഭിപ്പിക്കാൻ കഴിയുമോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
സംസ്ഥാന സർക്കാർ എന്ന തൊഴിൽ ദാതാവുമായി തൊഴിൽ തർക്കങ്ങളൊന്നും നിലവിലില്ല. എന്നാൽ, മാർച്ചിൽ പണിമുടക്ക് നോട്ടീസ് ലഭിച്ചിട്ടും ഉത്തരവുകളിലൂടെയോ മറ്റോ സർക്കാർ അത് തടയാൻ ശ്രമിച്ചില്ല. ജീവനക്കാർക്ക് ജോലിക്ക് എത്താനാവുംവിധം ബസുകൾ ഓടിക്കാൻ തയാറായില്ല. ജീവനക്കാരെ തടയുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതോ വാഹനങ്ങൾ ഓടിക്കേണ്ടതോ സംബന്ധിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ചില്ല.
പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത മാത്രമല്ല, ജോലികൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പിക്കാനുള്ള ബാധ്യതയും ഒരു ക്ഷേമ സർക്കാറിനുണ്ട്. ജീവനക്കാർക്ക് ജോലിക്കെത്താൻ പൊലീസ് സംരക്ഷണത്തോടെ മതിയായ ബസ് സർവിസുകൾ സർക്കാർ ഉറപ്പു വരുത്തേണ്ടിയിരുന്നു. സമരം തുടരുന്നവർക്കെതിരെ ഡയസ്നോൺ ഉപയോഗിക്കാനും കഴിയുമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.