രവീന്ദ്രൻ പട്ടയം ലഭിച്ചവരെ ഒഴിപ്പിക്കില്ല, നിയമസാധുത പരിശോധിക്കുകയാണെന്ന് കോടിയേരി
text_fieldsആലുവ: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ ആശങ്ക വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ലെന്നും കോടിയേരി പറഞ്ഞു.
പട്ടയത്തിന്റെ നിയമസാധുത പരിശോധിക്കുക മാത്രമാണ് ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്. ഒാരോ പട്ടയവും പരിശോധിച്ച് ക്രമപ്പെടുത്തേണ്ടതുണ്ട്. പട്ടയം നഷ്ടപ്പെടുന്നവർ വീണ്ടും അപേക്ഷ നൽകി നടപടി പൂർത്തിയാക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നാറിലെ രവീന്ദ്രന് പട്ടയങ്ങള്‍ 45 ദിവസത്തിനുള്ളില്‍ റദ്ദാക്കാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതുസംബന്ധിച്ച നിർദേശം റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക് ആണ് ഇടുക്കി കലക്ടർക്ക് നൽകിയത്. നാലുവര്‍ഷം നീണ്ട പരിശോധനക്കു ശേഷമാണ് 530 അനധികൃത പട്ടയങ്ങള്‍ റദ്ദാക്കാൻ തീരുമാനിച്ചത്. അതേസമയം, അര്‍ഹതയുള്ളവര്‍ക്ക് വീണ്ടും പട്ടയത്തിന് അപേക്ഷ നല്‍കാം.
1999ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം.ഐ. രവീന്ദ്രന് അധികാര പരിധി മറികടന്ന് മൂന്നാറില്‍ അനുവദിച്ച 530 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കുന്നത്. അനധികൃതമായി നൽകിയ പട്ടയങ്ങളുടെ നിജസ്ഥിതി പരിശോധിക്കാനും അർഹതയുള്ളവർക്ക് പുതിയ പട്ടയം നൽകാനും മറ്റുള്ളവ റദ്ദാക്കാനും സർക്കാർ നിർദേശം നൽകിയിരുന്നു.
ദേവികുളം ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ അഞ്ചുപേരടങ്ങുന്ന രണ്ട് സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.