കെവിൻ വധം: വീഴ്ചവരുത്തിയ പൊലീസുകാരെ പിരിച്ചു വിടണം -കോടിയേരി
text_fieldsകോട്ടയം: കെവിൻ കൊലക്കേസിൽ കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിട്ട് സർക്കാർ മാതൃക കാണിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശക്തമായ നടപടികളിൽകൂടി മാത്രമേ ഇത്തരക്കാരായ പൊലീസുകാർ പാഠം പഠിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് സി.പി.എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
ഉമ്മൻ ചാണ്ടിയുടെ ഭരണം മാറിയെന്ന് മനസ്സിലാക്കാത്ത പൊലീസ് ഇപ്പോഴുമുണ്ട്. എൽ.ഡി.എഫ് സർക്കാറിന് അൽപായുസ്സാണെന്ന് കരുതിയവരാണ് ഇക്കൂട്ടർ. കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐ ബിജുവിെൻറ അനാസ്ഥ ബോധപൂർവം ആയിരുന്നോ എന്ന് അന്വേഷിക്കണം.
ഉമ്മൻ ചാണ്ടിയുടെ സ്റ്റാഫ് അംഗമായിരുന്ന ഇയാൾ യു.ഡി.എഫ് ഭരണകാലത്ത് പൊലീസ് അസോസിയേഷൻ ഭാരവാഹിയായിരുന്നു. കോൺഗ്രസ് നേതൃത്വവുമായി ഇയാൾ ഒത്തുകളിക്കുകയായിരുന്നു. എസ്.പിയടക്കം നടപടിക്ക് വിധേയരായി. ഡി.വൈ.എഫ്.ഐ ബന്ധമുണ്ടെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചവരും അറസ്റ്റിലായി. പാർട്ടി നോക്കിയല്ല കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നത്.
വേട്ടക്കാർക്കല്ല, ഇരക്കാണ് സർക്കാർ നീതി നൽകുന്നത്. ഒരു കുടുംബം നടത്തിയ അക്രമത്തെ രാഷ്ട്രീയസംഭവമാക്കാനാണ് കുത്തക മാധ്യമങ്ങൾ നോക്കിയത്. വിഷയത്തോടുള്ള പ്രതിബദ്ധത ആയിരുന്നില്ല, ചെങ്ങന്നൂർ തെരഞ്ഞെടുപ്പായിരുന്നു അവരുടെ ലക്ഷ്യം. മാധ്യമ ജഡ്ജിമാരും ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽനിന്ന് പാഠം ഉൾക്കൊള്ളമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.