മുഖം വികൃതമായപ്പോൾ യു.ഡി.എഫ് കണ്ണാടി തല്ലിപൊളിക്കുന്നുവെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: സോളാർ അഴിമതിയിൽ പുറത്തുവന്ന റിപ്പോർട്ട് യു.ഡി.എഫ് ഭരണകാലത്തെ വൻ കുംഭകോണത്തിെൻറ തെളിവുകളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുൻ മുഖ്യമന്ത്രി, മുൻ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, യു.ഡി.എഫ് നേതാക്കൾ എന്നിങ്ങനെ 20 ലധികം പേർ പ്രതിക്കൂട്ടിൽ നിൽക്കുന്ന റിപ്പോർട്ടാണ് ജസ്റ്റിസ് ശിവരാജൻ കമീഷൻ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടിലെ നിഗമനങ്ങൾ ദേശീയതലത്തിൽ രാഷ്ട്രീയ പ്രവർത്തകരെ കുറിച്ചുള്ള ധാരണകളെ തകിടം മറിക്കുന്നതാണ്. റിപ്പോർട്ട് രാജ്യത്തിനു മുമ്പിൽ കേരള രാഷ്ട്രീയത്തെ അപമാനിക്കുന്നതാണെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റിപ്പോർട്ടിലൂടെ ഉമ്മൻചാണ്ടിയുൾപ്പെടെയുള്ള നേതാക്കളുടെ തനിനിറം പുറത്തുവന്നു. സോളാർ അഴിമതിയിൽ പ്രതികളാകാൻ പോകുന്നവരെയും യു.ഡി.എഫ് സംരക്ഷിക്കാൻ ശ്രമിക്കുന്നു. കളങ്കിതരായി കമീഷൻ കണ്ടെത്തിയവരുടെ കാര്യത്തിൽ
കോൺഗ്രസ് ഹൈകമാൻഡ് നിലപാട് വ്യക്തമാക്കണം. സോളാർ അഴിമതിയിൽ കോൺഗ്രസ് ദേശീയാധ്യക്ഷ സോണിയാഗാന്ധി അവരുടെ നിലപാടെന്തന്ന് പ്രഖ്യാപിക്കണം. ഗൗരവതരമായ റിപ്പോർട്ട് എന്ന വിലയിരുത്തി കെ.പി.സി.പി മുൻ അധ്യക്ഷൻ വി.എം സുധീരൻ രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച കോൺഗ്രസിെൻറ നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
സോളാർ കേസ് രാഷ്ട്രീയ പ്രേരിതമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാദം ബാലിശമാണ്. കേസിൽ ജസ്റ്റിസ് ശിവരാജൻ കമീഷനെ നിയോഗിച്ചത് യു.ഡി.എഫ് സർക്കാറാണ്. യു.ഡി.എഫ് നിയമിച്ച കമീഷെൻറ റിപ്പോർട്ട് പ്രതിപക്ഷ നേതാവ് അംഗീകരിക്കാത്തത് തങ്ങൾക്ക് അനുകൂലമായ റിപ്പോർട്ട് വരാത്തതുകൊണ്ടാണ്. കമീഷെൻറ പരിശോധനാഘട്ടത്തിൽ ആരും അതിനെതിരെ രംഗത്തുവന്നിട്ടില്ല. ഇേപ്പാൾ മുഖം വികൃതമായപ്പോൾ കണ്ണാടി തല്ലിപൊളിക്കുകയാണ് പ്രതിപക്ഷനേതാവ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അഴിമതിക്കെതിരായ ഇടതുപക്ഷ സമരങ്ങളെ ലാത്തിചാർജ് നടത്തിയും ഗ്രനേഡ് പ്രേയാഗിച്ചുമാണ് യു.ഡി.എഫ് അടിച്ചമർത്തിയത്. യു.ഡി.എഫ് നേതാക്കളുടെ അഴിമതിയും അബദ്ധസഞ്ചാരങ്ങളുമാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.ഉമ്മൻചാണ്ടിയുടെ പ്രതിഛായ തകർക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ നിയമസഭയിൽ പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങൾക്ക് നുണയാണ് അദ്ദേഹം പറഞ്ഞതെന്ന് വ്യക്തമായിരിക്കുന്നു. പൊതുസ്ഥാനത്തിരിക്കുന്ന ആരോപണവിധേയരായ നേതാക്കാൾ സ്ഥാനത്തിൽ നിന്നും മാറി നിന്ന് മാതൃക കാണിക്കുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.
സോളാർ അഴിമതിയിൽ പൊലീസ് അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യണം. വർഷവും പാരമ്പര്യമുമല്ല വിഷയം തെറ്റ് ചെയ്തിട്ടുണ്ടോയെന്നതാണ്. നിരവധി കേസുകളിൽ പ്രതിയാണ് സരിതയെങ്കിലും നിയമമനുസരിച്ച് ലൈംഗികാരോപണ കേസുകളിൽ സ്ത്രീ പറയുന്നതാണ് മുഖവിലക്കെടുക്കുക. കേസിൽ സർക്കാർ നിയമോപദേശം തേടിയത് നിയമപരമായ മുൻകരുതലെടുക്കാനാണ്. ഏതു ചാണ്ടിയാണെങ്കിലും സ്വാഭാവിക നീതിക്ക് അർഹതയുണ്ട്. തെറ്റുചെയ്തവരെ എൽ.ഡി.എഫ് സംരക്ഷിക്കില്ലെന്നും തോമസ് ചാണ്ടി വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.