സ്വർണത്തിന്‍റെ നിറം ചുവപ്പല്ല; കാവിയും പച്ചയുമെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിനെ ചാരക്കേസിനോട് ഉപമിച്ചുകൊണ്ട് ദേശാഭിമാനിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ലേഖനം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുന്നതാണ് സംസ്ഥാന സെക്രട്ടറിയുടെ പാർട്ടി മുഖപത്രത്തിലെ ലേഖനം. കോൺഗ്രസിലെ കൊട്ടാരവിപ്ളവത്തിന്‍റെ ഫലമായാണ് ചാരക്കേസിൽ അന്ന് കെ. കരുണാകരന് രാജിവെക്കേണ്ടി വന്നതെന്നും ഇനി അങ്ങനെ ഉണ്ടാകുമെന്ന് കരുതേണ്ടെന്നും ലേഖനത്തിൽ കോടിയേരി പറഞ്ഞു.
'പണ്ട് ചാരക്കേസ് സൃഷ്ടിച്ച് ഒരു മുഖ്യമന്ത്രിയെ രാജിവെപ്പിച്ച അനുഭവം ഉണ്ട്. അത് കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും കൊട്ടാരവിപ്ലവത്തിന്‍റെ കാലത്തായിരുന്നു. അതിനുവേണ്ടി ഒരു സ്ത്രീയെയും ഐ.പി.എസ് ഉദ്യോഗസ്ഥനെയും കേന്ദ്രബിന്ദുവാക്കി കഥകളുണ്ടാക്കി. അതിന്‍റെ പശ്ചാത്തലത്തിലായിരുന്നു കെ കരുണാകരന്റെ രാജി. അത്തരമൊരു അവസ്ഥ ഇന്ന് ഉണ്ടാകുമെന്ന് കോണ്‍ഗ്രസുകാര്‍ കരുതേണ്ട.'
കേരളത്തില്‍ വരുന്ന സ്വര്‍ണത്തിന് ചുവപ്പ് നിറമാണെന്നാണെന്ന ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദയുടെ പരാമര്‍ശത്തേയും കോടിയേരി വിമര്‍ശിച്ചു. 'ഇതിനകം പുറത്തുവന്ന വാർത്തകൾ വ്യക്തമാക്കുന്നത് ഇതിന്‍റെ നിറം കാവിയും പച്ചയുമാണെന്നാണ്. കാവി ബിജെപിയെയും പച്ച ചില തീവ്രവാദി സംഘടനകളെയും അവയുമായി സഹകരിക്കുന്ന മുസ്ലിംലീഗിനെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. സ്വർണക്കടത്തിന്റെ മറവിൽ ഏതെങ്കിലും സമുദായത്തെയോ ജില്ലയെയോ പ്രദേശത്തെയോ അപകീർത്തിപ്പെടുത്താൻ പാടില്ല. അത്തരം പ്രവണതകളെ കമ്യൂണിസ്റ്റുകാർ നഖശിഖാന്തം എതിർക്കും.' കോടിയേരി എഴുതുന്നു.
സ്വര്‍ണക്കടത്തുകേസില്‍ ആരോപണവിധേയനായ ശിവശങ്കറിനെ കുറിച്ചും ലേഖനത്തില്‍ എടുത്തുപറയുന്നു. ഭരണശേഷിയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്ന പരിഗണനയിലാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്. ആ വിശ്വാസത്തിന് കോട്ടംതട്ടുന്ന പെരുമാറ്റമുണ്ടായെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെന്നും കോടിയേരി പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ സ്വയം കുഴിച്ച കുഴിയില്‍ വീണിട്ടുണ്ടെങ്കില്‍ അവരെ കരകയറ്റാനുള്ള ഒരു കൈയും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് നീളില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം എഴുതുന്നു.
കേന്ദ്രമന്ത്രി വി. മുരളീധരനേയും കോടിയേരി വിമർശിക്കുന്നുണ്ട്. 'ഡിപ്ലോമാറ്റിക് പാഴ്‌സലിൽ കള്ളക്കടത്താണ് നടന്നതെന്ന് കോടതിയിൽ എൻ.ഐ.എ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ മറികടക്കുന്ന വിലയിരുത്തൽ നടത്തിയ കേന്ദ്ര സഹമന്ത്രിയുടെ നടപടി കേസിൽ ഉൾപ്പെട്ട ബിജെപി നേതാക്കളെ രക്ഷിക്കാനുള്ളതാകണം.'
സ്വർണക്കടത്ത് കേസിനെ വരും നാളുകളിൽ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനെതിരെയുള്ള തുറുപ്പു ചീട്ടായി ഉപയോഗിക്കാമെന്ന വ്യാമോഹം കല്ലിലിടിച്ച പൂക്കുല പോലെ തകരുമെന്നും ലേഖനത്തിൽ കോടിയേരി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.