അന്ന് 'പിതൃശൂന്യരുടെ' പട്ടികയിൽ വീണ ജോർജും; കോടിയേരിയുടെ പഴയ ഫേസ്ബുക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ
text_fieldsകോഴിക്കോട്: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായി വീണ ജോർജ് ചുമതലയേൽക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, അവർക്കെതിരെ ഒമ്പത് വർഷം മുമ്പ് മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് കുത്തിപ്പൊക്കി നെറ്റിസൺസ്. അന്ന് സി.പി.എമ്മിന്‍റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ പുറത്തിറക്കിയ പോസ്റ്ററിൽ 'പിതൃശൂന്യർ' എന്ന് വിശേഷിപ്പിച്ചവരിൽ വീണ ജോർജും ഉൾപ്പെട്ടിരുന്നു. ഈ പോസ്റ്റർ പങ്കുവെച്ചുള്ള കോടിയേരിയുടെ എഫ്.ബി പോസ്റ്റാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
2012 ജൂലൈ 29ലേതാണ് പോസ്റ്റ്. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മരണവാര്‍ത്തയുമായി ബന്ധപ്പെട്ട് ഇന്ത്യവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത ഒരു ചിത്രത്തെ ചൊല്ലി ഉയർന്ന വിവാദത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ക്യാപ്റ്റൻ ലക്ഷ്മിക്ക് വിട ചൊല്ലി ഇന്ത്യവിഷൻ നൽകിയ പോസ്റ്ററിലെ ഫോട്ടോയിൽ അവരുടെ തൊപ്പിയിൽ സി.പി.എം എന്നെഴുതിയത് മായ്ച്ചുകളഞ്ഞു എന്നാണ് വിവാദമുയർന്നത്. ഇതിനെ വിമർശിച്ച് ഡി.വൈ.എഫ്.ഐ 'പിതൃശൂന്യർ' എന്ന തലക്കെട്ടിൽ പങ്കുവെച്ച പോസ്റ്ററിൽ അന്ന് ഇന്ത്യ വിഷനിൽ മാധ്യമപ്രവർത്തക ആയിരുന്ന വീണ ജോർജിന്‍റെ ചിത്രവും ഉൾപ്പെട്ടിട്ടുണ്ട്. 'ഇത്രയും വേണോ സി.പി.എം വിരോധം. സഖാവ് ക്യാപ്റ്റൻ ലക്ഷ്മിയുടെ തൊപ്പിയിലെ സി.പി.എം എന്നെഴുതിയത് കമ്പ്യൂട്ടറിൽ മായ്ച് കളഞ്ഞിരിക്കുന്നു. ലജ്ജാവഹം' എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ. വീണ ജോർജിനൊപ്പം അന്നത്തെ സഹപ്രവർത്തകരായ എം.പി. ബഷീർ, സനീഷ് ഇളയടത്ത് എന്നിവരുടെ ചിത്രങ്ങളും ചേർത്തിരുന്നു.
ഈ പോസ്റ്ററാണ് കോടിയേരി ബാലകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ന്യൂസ്റൂമിലെ കാപട്യങ്ങൾക്ക് രക്തസാക്ഷികളുടെ പിന്മുറക്കാർ മറുപടി ചോദിക്കുമെന്നും അന്ന് നിഷ്പക്ഷ മാധ്യമ ധർമ്മത്തെ പറ്റി ചാരിത്ര്യ പ്രസംഗം നടത്തിയാൽ മാപ്പ് കിട്ടില്ലെന്നുമാണ് കോടിയേരി എഴുതിയത്. എന്നിട്ട് അതേ ആൾക്ക് മന്ത്രിസ്ഥാനം നൽകേണ്ടി വന്നതിനെ കളിയാക്കിയാണ് എഫ്.ബി പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണന്റെ എഫ്.ബി പോസ്റ്റിന്‍റെ പൂർണരൂപം-
നിങ്ങൾ തുടച്ചുമാറ്റാൻ ശ്രമിക്കുന്നതെന്തെന്ന് ഇപ്പോൾ വ്യക്തമായി. തൊപ്പിയിലെ ചിഹ്നങ്ങൾ നിങ്ങൾക്ക് മായ്ക്കാൻ കഴിയും. പക്ഷേ, ഞങ്ങളുടെ കൊടി ചുവന്നത് രക്തം കൊണ്ടാണ്. രക്തത്തിൽ അലിഞ്ഞുചേർന്നത് കമ്യൂണിസവും. ഓർത്താൽ നന്ന്. ന്യൂസ്റൂമിലെ കാപട്യങ്ങൾക്ക് മറുപടി രക്തസാക്ഷികളുടെ പിന്മുറക്കാർ ഞങ്ങൾ ചോദിക്കുക തന്നെ ചെയ്യും. അന്ന് നിഷ്പക്ഷ മാധ്യമ ധർമ്മത്തെ പറ്റി ചാരിത്ര്യ പ്രസംഗം നടത്തരുത്. മാപ്പ് കിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.