കോടിയേരി ഇനി ഹൃദയങ്ങളിൽ; പ്രിയ സഖാവിന് പയ്യാമ്പലത്ത് നിത്യനിദ്ര
text_fieldsകണ്ണൂർ: ജീവിതം പാർട്ടിക്കായി സമർപ്പിക്കുകയും കേരള രാഷ്ട്രീയത്തിന് ചെങ്കടൽച്ചൂടേകുകയും ചെയ്ത പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് നിത്യനിദ്ര. വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് സംസ്കാര ചടങ്ങുകൾക്ക് തുടക്കമായത്. രാഷ്ട്രീയഗുരു ഇ.കെ. നായനാർ, പാർട്ടി മുൻ സെക്രട്ടറി ചടയൻ ഗോവിന്ദൻ എന്നിവരുടെ സ്മൃതികുടീരങ്ങൾക്ക് സമീപമാണ് പ്രിയ നേതാവിന് ചിതയൊരുക്കിയത്.
പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. കുടുംബാംഗങ്ങൾക്കും 12 നേതാക്കൾക്കും മാത്രമാണ് സംസ്കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. മക്കളായ ബിനോയിയും ബിനീഷും ചേർന്ന് ചിതക്ക് തീകൊളുത്തിയതോടെ വിപ്ലവ നക്ഷത്രത്തെ അഗ്നിജ്വാലകൾ ഏറ്റുവാങ്ങി.
ഉച്ചക്ക് രണ്ട് വരെ ജില്ല കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ സ്‍മാരകത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വിലാപയാത്രയായാണ് മൃതദേഹം പയ്യാമ്പലത്തെത്തിച്ചത്. ആംബുലൻസിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളാണ് കോടിയേരിയുടെ ഭൗതികശരീരം ചിതയിലേക്കെത്തിച്ചത്. പതിനായിരക്കണക്കിനാളുകളാണ് പ്രിയനേതാവിന് അന്ത്യയാത്രയൊരുക്കാൻ ഒഴുകിയെത്തിയത്. നോവിന്റെ ഇടർച്ചയുള്ള മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ നേതാവിനെ എന്നന്നേക്കുമായി യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.