മുസ്ലിം ലീഗിനെ ജിന്നയുടെ ലീഗിനോട് ഉപമിച്ച് കോടിയേരി
text_fieldsകോഴിക്കോട്: മുസ്ലിം ലീഗിനെ രൂക്ഷമായി വിമർശിച്ചും മുഹമ്മദലി ജിന്നയുടെ ലീഗിനോട് ഉപമിച്ചും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 1906 ഡിസംബറിൽ ധാക്കയിൽ രൂപംകൊണ്ട, ഇന്ത്യാ വിഭജനത്തിന് നിലകൊണ്ട മുസ് ലിം ലീഗിന്‍റെ വഴി തീവ്രവർഗീയതയുടേതായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ മുസ് ലിം മാതൃരാജ്യമെന്ന മുദ്രാവാക്യം ജിന്നയുടെ നേതൃത്വത്തിൽ സംഘടന പിന്നീട് ഉയർത്തി. ബംഗാളിൽ സായുധരായ മുസ് ലിം യുവാക്കൾ അക്രമസമരത്തിന് ഇറങ്ങിയപ്പോൾ 1946ൽ ലീഗ് പ്രതിനിധിയായ ബംഗാൾ മുഖ്യമന്ത്രി സുഹ്രാവർദി അക്രമം അമർച്ച ചെയ്യാൻ പൊലീസിനെയോ സൈന്യത്തെയോ വിട്ടില്ല. അതിന്‍റെകൂടി ഫലമായി ബംഗാളിനെ വർഗീയ ലഹളയിഞലേക്ക് നയിച്ചു. അന്നത്തെ അക്രമശൈലി മറ്റൊരു രൂപത്തിൽ കേരളത്തിൽ അരങ്ങേറുന്നതിനാണ് മുസ് ലിം ലീഗ് കോഴിക്കോട്ട് പ്രകോപനപരമായ റാലി നടത്തുകയും അതിൽ പച്ചയായി വർഗീയത വിളമ്പുകയും ചെയ്തതെന്നും കോടിയേരി പറയുന്നു.
മുസ്ലിം ലീഗാകട്ടെ ദേശീയമായിത്തന്നെ പിടിച്ചുനിന്നത് കേരളത്തിൽ ഇടക്കുംമുറക്കും ലഭിക്കുന്ന അധികാരം ഉപയോഗിച്ചു നടത്തുന്ന അഴിമതികളുടെ ബലത്തിലാണ്. ഇക്കൂട്ടർ അകപ്പെട്ടിരിക്കുന്ന വാരിക്കുഴിയിൽ നിന്നും കരകയറാൻ മാർഗം കാണാതെ ഉഴലുകയാണ്. ഇതിനു മധ്യേ അവർ കണ്ടെത്തിയിരിക്കുന്ന പിടിവള്ളിയാകട്ടെ ആർ.എസ്.എസ് –ബി.ജെ.പിയെ പോലെ, വർഗീയ രാഷ്ട്രീയത്തിലാണ്. രാഹുലും കൂട്ടരും ഹിന്ദുവികാരം ആളിക്കത്തിച്ചും ലീഗ് മുസ്ലിം വർഗീയത പടർത്തിയും നേട്ടമുണ്ടാക്കാമോ എന്ന പരീക്ഷണത്തിലാണ്.
മലപ്പുറം അടക്കം ലീഗ് തങ്ങളുടെ ഉരുക്കുകോട്ടകളായി കരുതുന്ന ഇടങ്ങളിൽ പോലും എൽ.ഡി.എഫ് വിജയക്കൊടി പാറിക്കുകയാണ്. ഈ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുന്നതിന് പച്ചയായ വർഗീയതയെ പുറത്തെടുത്തിരിക്കുകയാണ് ലീഗ്. അതിന്‍റെ വിളംബരമായിരുന്നു വഖഫ് ബോർഡ് നിയമനത്തിന്‍റെ പേരുപറഞ്ഞ് ലീഗ് കോഴിക്കോട്ട് നടത്തിയ എൽ.ഡി.എഫ് സർക്കാർ വിരുദ്ധ പ്രകടനവും സമ്മേളനവുമെന്നും കോടിയേരി പറയുന്നു.
വഖഫ് ബോർഡിന്‍റെ നിയന്ത്രണവും നേതൃത്വവും വലിയൊരു കാലത്തോളം മുസ്ലിം ലീഗിന് ആയിരുന്നു. ഈ കാലത്ത് വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളും ഉണ്ടായിട്ടുണ്ടെന്ന് ഭരണഘടനാ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലുള്ള അന്വേഷണത്തെയും നിയമനടപടിയെയും വിലക്കാനാണ് ലീഗിന്‍റെ സമര കോലാഹലം. അതിനുവേണ്ടി വിഭജനകാല മുസ് ലിം ലീഗിന്‍റെയും ഇപ്പോഴത്തെ ജമാഅത്തെ ഇസ് ലാമിയുടെയും രാഷ്ട്രീയത്തിന്‍റെ ചാമ്പ്യന്മാരായി ലീഗ് നേതാക്കൾ മാറിയിരിക്കുകയാണ്. സ്വന്തം പ്രവൃത്തികൊണ്ട് അകപ്പെട്ട ഒറ്റപ്പെടലിലും രാഷ്ട്രീയ പ്രതിസന്ധിയിലും നിന്ന് രക്ഷനേടാൻ ലീഗ് കണ്ടെത്തിയിരിക്കുന്നത് വിപത്തിന്‍റെ വഴിയാണെന്നും സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.