കോടിയേരി ക്രിസ്തുമതം സ്വീകരിച്ചേക്കും, സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ പലരും മാമ്മോദീസ മുങ്ങാൻ സാധ്യത -പി.സി. തോമസ്
text_fieldsകൊച്ചി: കോൺഗ്രസിന്‍റെ നേതൃസ്ഥാനങ്ങളിൽ ന്യൂനപക്ഷക്കാർ ഇല്ലെന്ന ആക്ഷേപം ഉന്നയിക്കുന്ന സി.പി.എം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ, താമസിയാതെ ക്രിസ്തുമതമോ മറ്റേതെങ്കിലും ന്യൂനപക്ഷ മത വിഭാഗമോ സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന് കേരള കോൺഗ്രസ് വ൪ക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്. ബന്ധപ്പെട്ട മതക്കാർ അതിന് സമ്മതിക്കുമോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്‍റെ നേതൃസ്ഥാനത്ത് ന്യൂനപക്ഷങ്ങളുടെ കുറവിനെക്കുറിച്ചാണ് കോടിയേരിയുടെ വിഷമമെങ്കിൽ, സ്വന്തം പാർട്ടിയുടെ പഴയ സെക്രട്ടറിമാരിൽ ആരൊക്കെ ന്യൂനപക്ഷക്കാരുണ്ട് എന്ന് പരിശോധിച്ചു നോക്കുന്നത് നല്ലതാണ്. ഏതായാലും സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറിമാരാരും അടുത്തകാലത്തൊന്നും ക്രിസ്ത്യാനിയോ മറ്റ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരോ ആയിരുന്നില്ല. അതുപോലെതന്നെ ദേശീയ നേതൃത്വത്തിലും. ഏതായാലും കോൺഗ്രസിന്‍റെ അഖിലേന്ത്യാ അധ്യക്ഷ ഭൂരിപക്ഷ സമുദായത്തിൽ ഉൾപ്പെടുന്ന ആളല്ല എന്നെങ്കിലും കോടിയേരി മനസ്സിലാക്കുന്നത് നന്ന്.
സി.പി.എമ്മും കോടിയേരിയും എന്നു മുതലാണ് ഓരോ മതവിഭാഗത്തിൽ പെടുന്ന ആളുകളെയും മറ്റു പാർട്ടികളുടെ തലപ്പത്തു കൊണ്ടുവരാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. എന്തായാലും കോൺഗ്രസിനേക്കാൾ വലിയ ന്യൂനപക്ഷ പ്രേമം തങ്ങൾക്കുണ്ട് എന്ന് വരുത്താനാണ് കോടിയേരിയുടെ ശ്രമമെങ്കിൽ, സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ താമസിയാതെ പലരും 'മാമ്മോദീസ' മുങ്ങാൻ സാധ്യതയുണ്ട്. അവരെ എടുക്കണമൊ എന്ന്, ബന്ധപ്പെട്ടവർ തീരുമാനിക്കും എന്നു മാത്രം -പി.സി. തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.