Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്യാസ്​ത്രീകളുടെ സമരം...

കന്യാസ്​ത്രീകളുടെ സമരം ഹൈജാക്ക്​ ചെയ്യാൻ വർഗീയ ശക്​തികൾ ശ്രമിക്കുന്നു - കോടിയേരി

text_fields
bookmark_border
കന്യാസ്​ത്രീകളുടെ സമരം ഹൈജാക്ക്​ ചെയ്യാൻ വർഗീയ ശക്​തികൾ ശ്രമിക്കുന്നു - കോടിയേരി
cancel

കോഴിക്കോട്​: കന്യാസ്​ത്രീകളുടെ സമരം ഹൈജാക്ക്​ ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി​ കോടിയേരി ബാലകൃഷ്​ണൻ. കന്യാസ്​ത്രീകളുടെ പരാതിയുടെ പശ്​ചാത്തിലത്തിൽ ക്രൈസ്തവസഭയെത്തന്നെ അപകീർത്തിപ്പെടുത്താൻ വർഗീയശക്തികൾ ശ്രമിക്കുന്നുണ്ട്​. ഒരു ബിഷപ‌്, കേസിൽ ഉൾപ്പെട്ടതുകൊണ്ട് വൈദികരെല്ലാം മോശക്കാരാണെന്ന് ചിത്രീകരിക്കുന്നത് ദുരുദ്ദേശ്യപരമാണ്. ഹിന്ദുരാഷ്ട്രം അക്രമാസക്തമായി സ്ഥാപിക്കാൻ നിലകൊള്ളുന്ന വർഗീയശക്തികളുടെ ഇമ്മാതിരി വകതിരിവുകേടിനെ തുറന്നുകാട്ടണമെന്നും കോടിയേരി ബാലകഷ്​ണൻ പറയുന്നു.

ബിഷപ്പ്​ കേസും സ്​ത്രീ സുരക്ഷാ നയവും എന്ന പേ രിൽ ദേശാഭിമാനിയിൽ കോടിയേരി ബാലകൃഷ്​ണൻ എഴുതിയ ലേഖനത്തിലാണ്​ ആരോപണം.

‘ബിഷപ്പി​​​​െൻറ അറസ്റ്റ് ആവശ്യപ്പെട്ട് നാല് കന്യാസ്ത്രീകൾ കൊച്ചിയിൽ സത്യഗ്രഹം നടത്തുകയാണ്. അതിനെ വ്യത്യസ്ത വിഭാഗത്തിൽപ്പെട്ടവർ പിന്തുണക്കുന്നുണ്ട്. ഈ സമരത്തെ ഒരു സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കിമാറ്റാൻ ചില ശക്തികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കന്യാസ്ത്രീസമരത്തി​​​​െൻറ മറവിൽ എൽ.ഡി.എഫ് സർക്കാരിനും സി.പി.എമ്മിനുമെതിരെ രാഷ്ട്രീയവിദ്വേഷം പരത്താനാണ് നോട്ടം. ഇത്തരം രാഷ്ട്രീയശക്തികൾ കന്യാസ്ത്രീസമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാനവ്യാപകമായി സമരപരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും പുറപ്പെട്ടിരിക്കുകയാണ്. ഇതി​​​​െൻറ അപകടം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികൾ തിരിച്ചറിയണം’-​ കോടിയേരി ​േലഖനത്തിൽ പറയുന്നു.

ലേഖനത്തി​​​​െൻറ പൂർണ രൂപം:

ബിഷപ്​ കേസും സ്​ത്രീസുരക്ഷാ നയവും

സ്ത്രീസുരക്ഷയിൽ അധിഷ്ഠിതമാണ് സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും നയം. അതുകൊണ്ടുതന്നെ സ്ത്രീകൾ ആക്രമിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുന്ന സംഭവങ്ങളുണ്ടായാൽ അതിൽ പ്രതി എത്ര സ്വാധീനവും ശക്തിയുമുള്ള ആളായാലും ഇരയോടൊപ്പമേ ഞങ്ങൾ നിലകൊള്ളൂ. എൽഡിഎഫ് സർക്കാരിന്റെ പൊലീസ് നയവും സ്ത്രീസുരക്ഷയ്ക്ക് പ്രാമുഖ്യം നൽകുന്നതാണ്. ഈ പൊതുനയത്തിന് അപഭ്രംശം സംഭവിക്കാതെ പൊലീസിനെയും ഭരണസംവിധാനത്തെയും നയിക്കുന്നതാണ് എൽഡിഎഫ് സർക്കാരിന്റെ മികവ്.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ രൂപതാ ബിഷപ‌് ഫ്രാങ്കോ മുളയ്ക്കലിനെ കേരള പൊലീസിന്റെ അന്വേഷണസംഘം ബുധനാഴ്ച ഏഴ് മണിക്കൂർ ചോദ്യംചെയ്തു. ചോദ്യംചെയ്യൽ വ്യാഴാഴ്ചയും തുടർന്നു. ഇനി അനന്തര നിയമനടപടികളിലേക്ക് കടക്കുകയാണ്. കേസ് അന്വേഷണത്തിൽ പരിപൂർണ സ്വാതന്ത്ര്യമാണ് എൽഡിഎഫ് സർക്കാർ പൊലീസിന‌് നൽകിയിട്ടുള്ളത്. പരാതിക്ക‌് അടിസ്ഥാനമായ സംഭവം നാലുവർഷം മുമ്പുണ്ടായതാണ്. അതുകൊണ്ടുതന്നെ നിയമപരമമായ മുൻകരുതലും തെളിവ് ശേഖരണവും കൂടുതൽ ജാഗ്രതയോടെയും ശാസ്ത്രീയമായും നടത്താനുള്ള ഉത്തരവാദിത്തം അന്വേഷണസംഘത്തിനുണ്ട്. തെളിവ് ശേഖരിക്കലും മൊഴിയെടുക്കലും ഞൊടിയിടയിൽ നടത്താവുന്നതല്ല. അതിനാലാണ് ബിഷപ്പിന്റെ അറസ്റ്റിനായുള്ള ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതി പൊലീസ‌് ഇതുവരെ സ്വീകരിച്ചുവന്ന നടപടികളിൽ തൃപ്തി രേഖപ്പെടുത്തിയത്.

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നാല് കന്യാസ്ത്രീകൾ കൊച്ചിയിൽ സത്യഗ്രഹം നടത്തുകയാണ്. അതിനെ വ്യത്യസ്ത വിഭാഗത്തിൽപ്പെട്ടവർ പിന്തുണയ്ക്കുന്നുണ്ട്. ഈ സമരത്തെ ഒരു സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കിമാറ്റാൻ ചില ശക്തികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കന്യാസ്ത്രീസമരത്തിന്റെ മറവിൽ എൽഡിഎഫ് സർക്കാരിനും സിപിഐ എമ്മിനുമെതിരെ രാഷ്ട്രീയവിദ്വേഷം പരത്താനാണ് നോട്ടം. ഇത്തരം രാഷ്ട്രീയശക്തികൾ കന്യാസ്ത്രീസമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാനവ്യാപകമായി സമരപരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും പുറപ്പെട്ടിരിക്കുകയാണ്. ഇതിന്റെ അപകടം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികൾ തിരിച്ചറിയണം.

ഒരു ബിഷപ്പിനെതിരെ സ്വന്തം സഭയിലെ കന്യാസ്ത്രീ പൊലീസിൽ പരാതിയുമായി എത്തിയതും അവർക്ക് പിന്തുണയുമായി നാല് കന്യാസ്ത്രീകൾ പ്രത്യക്ഷസമരത്തിന് വന്നതും സഭയിൽത്തന്നെ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. ഇത് മനസ്സിലാക്കി ആഭ്യന്തരശുദ്ധീകരണം എങ്ങനെ വേണമെന്ന ആലോചന നടത്താനുള്ള കരുത്ത് ക്രൈസ്തവസഭയ്ക്കുണ്ടെന്ന് ഞങ്ങൾ കരുതുന്നു. സന്മാർഗജീവിതത്തിൽനിന്ന‌് വ്യതിചലിക്കുന്ന വൈദികർക്ക് താക്കീതും ശിക്ഷയും നൽകുന്നതിനും അവരെ നേർവഴിക്ക‌് നയിക്കാൻ ഉപദേശവും കൽപ്പനയും പുറപ്പെടുവിക്കുന്നതിലും ക്രൈസ്തവസഭയുടെ ഇന്നത്തെ അധിപൻ ഫ്രാൻസിസ് മാർപാപ്പ ധീരമായ നേതൃത്വമാണ് നൽകുന്നത്.

ജലന്ധർ ബിഷപ്പിനെതിരായി കന്യാസ്ത്രീകൾ നൽകിയ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന ചിത്രീകരണം നടത്തുകയും ക്രൈസ്തവസഭയെത്തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ചില കേന്ദ്രങ്ങളുണ്ട്. അത്തരം വർഗീയശക്തികളെ തിരിച്ചറിയണം. ഒരു ബിഷപ‌്, കേസിൽ ഉൾപ്പെട്ടതുകൊണ്ട് വൈദികരെല്ലാം മോശക്കാരാണെന്ന് ചിത്രീകരിക്കുന്നത് ദുരുദ്ദേശ്യപരമാണ്. ഹിന്ദുരാഷ്ട്രം അക്രമാസക്തമായി സ്ഥാപിക്കാൻ നിലകൊള്ളുന്ന വർഗീയശക്തികളുടെ ഇമ്മാതിരി വകതിരിവുകേടിനെ തുറന്നുകാട്ടണം. ബിഷപ്പിനെ രക്ഷിക്കാൻ എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതായും അത് വോട്ട് ലാക്കാക്കിയാണെന്നും ചില കൂട്ടർ തട്ടിവിടുന്നുണ്ട്. സ്ത്രീപീഡനക്കേസുകളിൽ ഉൾപ്പെടുന്നവർ ബിഷപ്പായാലും സന്യാസിയായാലും മുക്രിയായാലും പൊലീസ്‐നിയമ‐ഭരണചക്രങ്ങൾ ഉരുളുന്നതിൽ ഒരു ദയാദാക്ഷിണ്യവും എൽഡിഎഫ് ഭരണത്തിൽ ഉണ്ടാകില്ല.

തെളിവില്ലാത്ത കേസുകളിൽ ആരെയും കുടുക്കുകയുമില്ല. കുറച്ചുനാൾ മുമ്പ് ഒരു ഹിന്ദുസന്യാസിയുമായി ബന്ധപ്പെട്ട ലൈംഗിക ആക്ഷേപമുണ്ടായി. മറച്ചുവയ്ക്കപ്പെടേണ്ട ശരീരഭാഗം ആ സന്യാസിക്ക‌് നഷ്ടപ്പെട്ടു. അതുപോലെ ചില മുസ്ലിം പുരോഹിതരുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമ കേസുകളുമുണ്ടായി. കൊട്ടിയൂരിൽ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു പുരോഹിതനെ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കുമ്പസാര രഹസ്യത്തിന്റെമറവിൽ ബലാത്സംഗം ചെയ്തെന്ന കേസിൽ ചില വൈദികരെ അറസ്റ്റ് ചെയ്യാനും ജയിലിൽ അടയ്ക്കാനും എൽഡിഎഫ് സർക്കാർ തയ്യാറായി. പ്രതികളുടെ ജാതി‐മതം നോക്കാതെ ശക്തമായ നടപടികളാണ് ഈ കേസുകളിലെല്ലാം പൊലീസ് സ്വീകരിച്ചത്. ഇതേ സമീപനമാകും ബിഷപ്പിന്റെ കാര്യത്തിലുമുണ്ടാകുക. സ്ത്രീ പീഡിപ്പിക്കപ്പെട്ട കേസുകളിൽ തെളിവുണ്ടെങ്കിൽ പ്രതികൾ അഴിയെണ്ണുകയും നിയമനടപടിക്ക് വിധേയരാകുകയും ചെയ്യും. വോട്ട് അല്ല കുറ്റത്തിന്റെ ഗൗരവവും തെളിവുമാണ് നിയമനടപടിക്ക് അടിസ്ഥാനം.

ഇപ്പോഴത്തെ സംഭവവികാസങ്ങളും അതുേപാലുള്ള വിവാദങ്ങളും ഓർമപ്പെടുത്തുന്ന ഒരു സംഭവമാണ് യുവ ചലച്ചിത്രനടി അപമാനിക്കപ്പെട്ട കേസ്. ആ സംഭവത്തിന്റെ ആദ്യഘട്ടത്തിൽ ഒരുവിഭാഗം മാധ്യമങ്ങളും സ്വതന്ത്ര ബുദ്ധിജീവികളെന്ന മേലങ്കി അണിഞ്ഞവരും എൽഡിഎഫ് സർക്കാരിനെതിരെ നടത്തിയ കുപ്രചാരണം മാഞ്ഞുപോകുന്നതല്ല. ആരോപണവിധേയനായ പ്രമുഖ ചലച്ചിത്രനടനെ സർക്കാരും മുഖ്യമന്ത്രിയും രക്ഷിക്കുന്നുവെന്നായിരുന്നു ആക്ഷേപം. എന്നാൽ, ക്വട്ടേഷൻ പ്രതി പൾസർ സുനിയെ പൊലീസ് പിടികൂടി. പിന്നാലെ നടൻ ദിലീപിനെ അറസ്റ്റുചെയ‌്ത‌് ജയിലിലടച്ചു. സ്ത്രീപീഡന കേസുകളിൽ പ്രതികൾക്ക് അനുകൂലമായി പൊലീസ് സംവിധാനത്തെ കീഴ്പ്പെടുത്തുന്ന മുൻകാല യുഡിഎഫ് ഭരണത്തിന്റെ നയവും അനുഭവവുമല്ല എൽഡിഎഫ് ഭരണത്തിലേത്. ബിജെപി ഭരണമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീകളും കുട്ടികളും കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നു. ഇതടക്കമുള്ള കേസുകളിൽ കുറ്റവാളികളെ പിടിക്കുന്നില്ല.

ദില്ലിയിലെ നിർഭയ സംഭവത്തെ തുടർന്ന് പാർലമെന്റ് ശക്തമായ സ്ത്രീസുരക്ഷാ നിയമം പാസാക്കി. എന്നിട്ടും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്കെതിരായ പൈശാചിക ആക്രമണം തുടരുകയാണ്. പെരുമ്പാവൂരിലെ ജിഷയെന്ന നിയമവിദ്യാർഥിനിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലടക്കം യുഡിഎഫ് ഭരണത്തിൽ പ്രതികളെ പിടിച്ചില്ല. ജിഷ ദരിദ്രയായിരുന്നു. ആ പെൺകുട്ടി കൊല്ലപ്പെട്ടിട്ട് അഞ്ച് ദിവസം പൊലീസ് അനങ്ങിയില്ല. എൽഡിഎഫ് അധികാരത്തിൽ വന്നയുടനെ ജിഷ കേസ് അന്വേഷണത്തിന് മുതിർന്ന വനിതാ ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. വൈകാതെ കേസ് തെളിയിച്ചു. പ്രതിയെ വിലങ്ങ‌് വച്ചു. ജിഷയുടെ കുടുംബത്തിന് വീട് അടക്കമുള്ള സൗകര്യങ്ങൾ സർക്കാർ ചെയ്തുകൊടുത്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും ബിജെപി ഭരണവും മുൻ യുഡിഎഫ് ഭരണവും ഉദാസീനമാണ്. കുറ്റവാളികളെ രക്ഷിക്കാൻ ഭരണസംവിധാനങ്ങളെ മെരുക്കിമാറ്റുന്നു. എന്നാൽ, എൽഡിഎഫ് ഭരണം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം നടത്തുന്നവർക്കെതിരെ നിർദാക്ഷിണ്യം നടപടിയെടുക്കുന്നു.

ഇതെല്ലാമാണ് വസ്തുതയെന്നിരിക്കെ കന്യാസ്ത്രീ സത്യഗ്രഹത്തിന്റെ മറവിൽ ബിജെപിയും ആർഎസ്എസും കുത്തിയിളക്കുന്ന വർഗീയതയ്ക്കും എൽഡിഎഫ് സർക്കാർ വിരുദ്ധതയ്ക്കും വളമിടാൻ കോൺഗ്രസിലെയും യുഡിഎഫിലെയും ഒരു വിഭാഗവും അരാജകവാദികളും രംഗത്തിറങ്ങിയിരിക്കുന്നു. ഇത് രാഷ്ട്രീയവും സാമൂഹ്യവുമായ അപഥസഞ്ചാരമാണ്.

സ്ത്രീപീഡന കേസുകളിലെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുന്ന സമീപനമാണ് ഇന്ന് പൊലീസിനുള്ളത്. സോളാർ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലൈംഗിക അതിക്രമ ആക്ഷേപം നേരിടുന്നവരാണ് യുഡിഎഫിലെ ഒരു പങ്ക് നേതാക്കൾ. കമീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മാത്രമായി അറസ്റ്റോ, മറ്റ് നിയമനടപടികളോ മാസങ്ങൾ പിന്നിട്ടിട്ടും ഉണ്ടായിട്ടില്ല. ഇത്തരം കേസുകളിൽ രാഷ്ട്രീയശത്രുതയോ വൈരനിര്യാതന ബുദ്ധിയോ എൽഡിഎഫ് സർക്കാരിനില്ല. ആവശ്യമായ പരിശോധനകളും തെളിവെടുപ്പും നടത്തി അവധാനതയോടെ കൈകാര്യം ചെയ്യുകയാണ് സർക്കാർ. അതുകൊണ്ട് ജലന്ധർ ബിഷപ്പിനെതിരായ പരാതി വന്നയുടനെ അറസ്റ്റുണ്ടായില്ലെന്ന ചില യുഡിഎഫ് നേതാക്കളുടെ അഭിപ്രായം അർഥശൂന്യമാണ്.

യുഡിഎഫ് ഭരണത്തിന്റെ അഞ്ച് വർഷത്തിനിടയിൽ സംസ്ഥാനത്ത് 5982 ബലാത്സംഗവും 886 സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകലും 1997 ലൈംഗിക അതിക്രമങ്ങളുമുണ്ടായി. എൽഡിഎഫ് ഭരണത്തിൽ സ്ഥിതി വ്യത്യസ്തമാണ്. രാഷ്ട്രീയശത്രുക്കൾപോലും ഇത് അംഗീകരിക്കും. ക്രമസമാധാനത്തിൽ കേരളം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. എന്നാൽ, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി ഭയാനകമാണ്. വർഗീയ ഫാസിസ്റ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകളെ രണ്ടാംതരക്കാരായി കാണുന്നു. ഇതിൽനിന്നെല്ലാം വ്യത്യസ്തമായി ആരോഗ്യപരമായ സ്ത്രീ‐പുരുഷ ബന്ധം സൃഷ്ടിക്കാനാണ് എൽഡിഎഫ് പ്രവർത്തിക്കുന്നത്.

സ്ത്രീകൾക്ക് സവിശേഷമായ പ്രാധാന്യം നൽകുന്നതുകൊണ്ടാണ് പ്രത്യേക വകുപ്പ് സർക്കാർ രൂപീകരിച്ചത്. പാർപ്പിടപദ്ധതികളും ഭൂവിതരണവും സ്ത്രീകളുടെയോ സംയുക്തമായോ വേണം രജിസ്റ്റർ ചെയ്യേണ്ടതെന്ന എൽഡിഎഫ് സർക്കാർ തീരുമാനത്തിൽ സ്ത്രീസുരക്ഷാനയമാണ് തെളിയുന്നത്. സ്ത്രീകൾക്കെതിരായ എല്ലാവിധ അതിക്രമങ്ങൾക്കുംനേരെ അതിശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകും. ഈ നയംതന്നെയാണ് കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പിനെതിരായുള്ള കേസിലും സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankerala newsmalayalam newsJalandhar BishopBishop Franco MulakkalNun Strike
News Summary - Kodiyeri On Nun Strike - Kerala News
Next Story