ശ്രീറാമിന്റെ നിയമനം ന്യായീകരിച്ച് കോടിയേരി; മാറ്റിയത് എതിർപ്പുയർന്നതിനാലെന്നും പരാമർശം
text_fieldsതിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തെ പരോക്ഷമായി ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമർശം. പത്രപ്രവർത്തകനെ കാറിടിച്ചുകൊന്ന കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിർബന്ധിച്ചതിനാലാണ് സർവീസിൽ തിരിച്ചെടുത്തതെന്ന് കോടിയേരി ന്യായീകരിച്ചു.
പിന്നീട് സർവീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ കലക്ടറാക്കി. എന്നാൽ, അതിൽ പൗരസമൂഹത്തിൽ എതിർപ്പുണ്ടായി. ആ വികാരം കണക്കിലെടുത്താണ് നിയമനം സർക്കാർ റദ്ദാക്കിയതെന്നും കോടിയേരി വ്യക്തമാക്കി. എൽ.ഡി.എഫ് സർക്കാരിന്റെ ഏതെങ്കിലും നടപടിയോടോ തീരുമാനത്തോടോ വിയോജിപ്പുണ്ടെങ്കിൽ അത് ജനാധിപത്യപരമായി പ്രകടിപ്പിക്കുന്നതിനോട് സർക്കാരിനോ മുഖ്യമന്ത്രിക്കോ മുന്നണിക്കോ അസഹിഷ്ണുതയില്ലെന്ന് പറയുന്നതിനാണ് കോടിയേരി ശ്രീറാം വെങ്കിട്ടരാമന്റെ സംഭവം ഉദാഹരണമായി പറഞ്ഞത്.
ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ നടപടിയിൽ തെറ്റില്ലെങ്കിലും പ്രതിഷേധ ഉയർന്നതിനെ തുടർന്ന് കലക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നുവെന്നാണ് കോടിയേരി ലേഖനത്തിൽ പറയുന്നത്. മോദിക്കെതിരെ ഉയരുമോ കോൺഗ്രസിന്റെ കരിങ്കൊടി എന്ന പേരിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ പരാമർശങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.