ജീവത്യാഗം ചെയ്തും സർക്കാറിനെ സംരക്ഷിക്കും -കോടിയേരി
text_fieldsതിരുവനന്തപുരം: ലൈഫ് മിഷനിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത് രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പി എടുത്ത തീരുമാനമാണ് സി.ബി.ഐ നടപ്പാക്കുന്നത്. ഓരോപ്രവർത്തകനും സർക്കാറിനെതിരെയുള്ള നീക്കങ്ങൾ തടയാൻ മുന്നിലുണ്ടാകും. ജീവത്യാഗം ചെയ്തും ഇടതുപക്ഷ സർക്കാറിനെ സംരക്ഷിക്കുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് എം.എൽ.എ കത്ത് നൽകിയപ്പോൾ സി.ബി.ഐ അന്വേഷണം നടത്തുന്നത് അസാധാരണ നടപടിയാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറാണ് അന്വേഷണം ആദ്യം പ്രഖ്യാപിച്ചത്. സി.ബി.ഐ അന്വേഷണം ചൂണ്ടിക്കാട്ടി പാർട്ടിയെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും കോടിയേരി പറഞ്ഞു.
മകൻ ബിനീഷ് കോടിയേരിക്കെതിരെയുള്ള എൻഫോഴ്സ്മെൻറ് അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ഏത് അന്വേഷണവും നടത്തിക്കൊള്ളട്ടേയെന്നായിരുന്നു കോടിയേരിയുടെ മറുപടി. അന്വേഷണം നടത്തി കുറ്റക്കാരനാണോ അല്ലേ എന്ന് തെളിയിക്കട്ടെയന്നും ഇക്കാര്യത്തിൽ തുടക്കം മുതലുള്ള നിലപാട് തന്നെയാണ് ഇപ്പോഴുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയിൽ യു.ഡി.എഫ് എം.പിമാർ ബി.ജെ.പിയുടെ ബി ടീമായി മാറി. കർഷക ബില്ലിനെതിരെ സി.പി.എം അംഗങ്ങൾ രാജ്യസഭയിൽ പോരാടിയപ്പോൾ, ലോക്സഭയിേലക്ക് തെരഞ്ഞെടുക്കപ്പെട്ട 19 യു.ഡി.എഫ് അംഗങ്ങൾ മൗനം പാലിച്ചു. കർഷക വിരുദ്ധ ബില്ല് വോട്ടിനിടണമെന്ന് വാദിക്കാൻ പോലും കോൺഗ്രസ് ശ്രമിച്ചില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഇത് ജനങ്ങൾക്കിടയിൽ തുറന്നുകാണിക്കാൻ സി.പി.എം പ്രചരണം നടത്തുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗതീരുമാനങ്ങൾ വിശദീകരിച്ച് കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോർപറേറ്റുകൾക്ക് കീഴടങ്ങിയ കേന്ദ്ര സർക്കാർ സാധാരണക്കാരെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, പച്ചക്കറിക്ക് തറവില നിശ്ചയിച്ചും മത്സ്യമേഖലയിൽ ഇടപെട്ടും ഇടതുപക്ഷ സർക്കാർ കർഷകർക്കും മത്സ്യതൊഴിലാളികൾക്കും സംരക്ഷണമൊരുക്കുകയാണ്. ഹൈസ്പീഡ് ഇൻറർനെറ്റിലൂടെ റിലയൻസിെൻറ കുത്തകവത്കരണനീക്കങ്ങൾക്ക് കേരള സർക്കാർ നടപ്പാക്കുന്ന കെ ഫോൺ പദ്ധതി വിഘാതം സൃഷ്ടിക്കുമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.