ബി.ജെ.പി അക്രമങ്ങൾ അഴിച്ചുവിടുന്നത് അഴിമതി കഥകൾ മറച്ചുവെക്കാൻ -കോടിയേരി
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചുവിടുന്നത് ബി.ജെ.പിയുടെ അഴിമതി കഥകൾ മറച്ചുവെക്കാനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ. അക്രമം ആസൂത്രണം ചെയ്തത് ബി.ജെ.പിയിലെ ഉന്നത നേതാക്കളാണ്. ഉന്നത സി.പി.എം നേതാക്കളെ ആക്രമിക്കുകയാണ് ആർ.എസ്.എസ് ലക്ഷ്യമെന്നും കോടിയേരി ആരോപിച്ചു. എ.കെ.ജി സെന്‍ററിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.
ബി.ജെ.പി ഒാഫീസ് ആക്രമിക്കപ്പെട്ട സംഭവത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അപലപിച്ചു. അക്രമത്തിൽ പങ്കെടുത്ത പാർട്ടി അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. ആ വിഷയത്തിൽ ജില്ലാ കമ്മിറ്റി അന്തിമ തീരുമാനം സ്വീകരിക്കുമെന്നും കോടിയേരി അറിയിച്ചു.
സി.പി.എം പ്രവർത്തകരെ പ്രകോപിപ്പിക്കുകയാണ് ബി.ജെ.പി ലക്ഷ്യം. പാർട്ടി അംഗങ്ങൾ സംയമനം പാലിക്കണം. ബി.ജെ.പി പ്രവർത്തകർ ചെയ്യുന്നത് പോലെ സി.പി.എം അംഗങ്ങൾ ചെയ്യരുത്. എന്തെല്ലാം പ്രകോപനമുണ്ടായാലും പാർട്ടി ഒാഫീസുകളും വീടുകളും തകർക്കാൻ പാടില്ലെന്നും കോടിയേരി പറഞ്ഞു.
തിരുവനന്തപുരത്തെ അക്രമ സംഭവങ്ങൾക്ക് തുടക്കം കുറിച്ച് ബി.ജെ.പിയാണ്. ഭീഷണിപ്പെടുത്തി സി.പി.എമ്മിനെ തകർക്കാമെന്ന് ബി.ജെ.പി കരുതേണ്ടെന്നും കോടിയേരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.