സി.പി.ഐയെ തള്ളി കോടിയേരി; 'ഗവർണറെ മുഖ്യമന്ത്രി കണ്ടത് രാഷ്ട്രീയ നേതൃത്വം അറിയേണ്ട കാര്യമില്ല'
text_fieldsതിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടുന്നതിന് ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പോയതിൽ സി.പി.ഐ വിമർശനത്തെ പാടെ തള്ളി സി.പി.എം. ഗവർണറെ മുഖ്യമന്ത്രി കാണുന്നത് രാഷ്ട്രീയ നേതൃത്വം അറിയേണ്ട കാര്യമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി ഗവർണറെ കാണാൻ പോകുന്നത് മുഖ്യമന്ത്രി എന്ന നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫിന്‍റെ രാഷ്ട്രീയ നേതൃത്വത്തോട് ആലോചിച്ചിട്ടല്ല മുഖ്യമന്ത്രി ഗവർണറെ കണ്ടതെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വിമർശനം. ഇവിടെ കീഴ്പെടുന്നതിന്റെയോ മൃദു സമീപനത്തിന്‍റെയോ പ്രശ്നമില്ലെന്ന് കോടിയേരി പറഞ്ഞു.
സംഘർഷമല്ല സർക്കാർ ആഗ്രഹിക്കുന്നത്. പക്ഷേ, സ്ഥിതി മോശമായി വരുമ്പോൾ സർക്കാർ ഇടപെടും. സി.പി.എമ്മും ഇടപെടും. അത്തരം സാഹചര്യമുണ്ടായിട്ടില്ല. ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്രം പലതും ചെയ്യുന്നുണ്ട്. അത്തരം ഘട്ടം വരുമ്പോൾ ഇടപെടാറുമുണ്ട്.
പൗരത്വ വിഷയത്തിൽ ഗവർണർ ചില തെറ്റായ കാര്യം പറഞ്ഞപ്പോൾ ശക്തമായ നിലപാട് സർക്കാറും സി.പി.എമ്മും സ്വീകരിച്ചിട്ടുണ്ട്. അതിൽ സർക്കാറിന് ചാഞ്ചല്യമുണ്ടായിട്ടില്ല. ഇപ്പോൾ, കേരളത്തിൽ ഗവർണർ അല്ല പ്രശ്നം. വികസന കാര്യത്തിൽ മുന്നോട്ട് പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്.
ഗവർണർ വിഷയത്തിൽ സി.പി.എമ്മിന് വ്യക്തതയുണ്ട്. സർക്കാറിന് പ്രവർത്തിക്കാനുള്ള അന്തരീക്ഷമുണ്ട്. ഗവർണറുടെ സ്റ്റാഫിൽ ആര് വേണമെന്നത് അദ്ദേഹമാണ് തീരുമാനിക്കുന്നത്. അതുപോലെ മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിൽ ആര് വേണമെന്നത് മന്ത്രിമാർ തീരുമാനിക്കും.
ഗവർണർ തന്‍റെ നിലപാടിന്‍റെ ഭാഗമായി പലതും പറയും. പക്ഷേ, പിന്നീട് തിരുത്താറുമുണ്ട്. അതാണല്ലോ നിയമസഭ സമ്മേളനം നടന്നത്. നിയമസഭ നടന്നില്ലെങ്കിൽ സർക്കാറിനെ കുറ്റപ്പെടുത്തുന്ന ചർച്ച സമൂഹത്തിലുണ്ടാകും. തന്‍റെ നിലപാട് തിരുത്തണമെന്ന് തോന്നുമ്പോൾ തിരുത്തുന്നയാളാണ് ഗവർണർ. ഗവർണർ പദവി വേണ്ടെന്നാണ് സി.പി.എം നിലപാട്.
ലോകായുക്ത ഭേദഗതി വിഷയത്തിൽ ചർച്ചക്ക് സി.പി.എം സന്നദ്ധമാണ്. സി.പി.ഐ അവരുടെ അഭിപ്രായം പറഞ്ഞു. സി.പി.ഐ എൽ.ഡി.എഫിന്‍റെ പ്രധാന ഭാഗമാണ്. സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. പി.എസ്.സി റാങ്കുകാരുടെ എണ്ണം ഇപ്പോൾ തന്നെ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.