സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തിരികെയെത്തുന്നു
text_fieldsസി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പദവിയിലേക്ക് കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തുന്നു. ഒരു വർഷം മുമ്പ് സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി ബാലകൃഷ്ണൻ അവധിയെടുത്തതിനെ തുടർന്ന് എ. വിജയ രാഘവന് താൽകാലിക ചുമതല നൽകിയതായിരുന്നു. നാളെ സംസ്ഥാന സെക്രട്ടറിയായി കോടിയേരി വീണ്ടും ചുമതലയേൽക്കും.
2020 നവംബർ 13നാണ് കോടിയേരി ബാലകൃഷ്ണൻ പദവി ഒഴിഞ്ഞത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടികാണിച്ചാണ് കോടിയേരി അവധിയെടുത്തത്. മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ തുടർന്നുള്ള വിവാദങ്ങൾക്കിടെയാണ് കോടിയേരി അവധിയിൽ പ്രവേശിച്ചത്.
മകൻ ബിനീഷ് ജാമ്യം നേടി ജയിൽ മോചിതനായ സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി പദവിയിലേക്ക് തിരികെ എത്തുന്നത്. ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായ സാഹചര്യത്തിൽ സെക്രട്ടറി പദവിയിലേക്ക് തിരിച്ചെത്തുന്നുവെന്നാണ് വിശദീകരണം.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലായിരുന്നു കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ബിനീഷിന്‍റെ അറസ്റ്റ് രാഷ്ട്രീയ എതിരാളികൾ പ്രചരണ വിഷയമാക്കുന്നത് ഒഴിവാക്കാനാണ് വിജയരാഘവന് ചുമതല നൽകി കോടിയേരി ഒഴിഞ്ഞതെന്ന ആക്ഷേപം ശക്തമായിരുന്നു.
2015ൽ ആലപ്പുഴയിൽ നടന്ന സമ്മേളനത്തിലാണ് കോടിയേരി സെക്രട്ടറിയായത്. 2018ൽ തൃശൂരിൽ നടന്ന സമ്മേളനത്തിലും അദ്ദേഹം തൽസ്ഥാനത്ത് തുടർന്നു. സി.പി.എം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, പിബി അംഗം തുടങ്ങിയ പദവികൾ പാർട്ടിയിൽ കോടിയേരി വഹിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം പി.ബി അംഗമാണ് കോടിയേരി ബാലകൃഷ്ണൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.