നയരേഖയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമെന്ന് കോടിയേരി
text_fieldsകൊച്ചി: സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച 'നവകേരളത്തിനായുള്ള പാർട്ടി കാഴ്ചപ്പാട്' രേഖ സി.പി.എം നയത്തിന് വിരുദ്ധമാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി പരിപാടിക്ക് അനുസൃതമാണ് രേഖയിലെ നിർദേശമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സി.പി.എം പാർട്ടി പരിപാടിയിൽ പറയുന്നതിൽ വിദേശ നിക്ഷേപവുമുണ്ട്. 'ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനും തെരഞ്ഞെടുക്കപ്പെട്ട ചില മേഖലകളിൽ വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കും. സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള താൽപര്യത്തിന് വേണ്ടി ധന മൂലധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കു'മെന്നാണ് അതിൽ പറയുന്നത്.
ജനകീയ ജനാധിപത്യ വിപ്ലവം പൂർത്തീകരിച്ച് അധികാരത്തിൽ വരുന്ന സർക്കാറുകൾ മൂലധന നിക്ഷേപം അനുവദിക്കും. സംസ്ഥാന താൽപര്യം ഹനിക്കാത്ത വായ്പയും നിക്ഷേപവും സ്വീകരിക്കാമെന്നാണ് പുതിയ രേഖയിലും പറയുന്നത്. പാർട്ടിയുടെ പൊതുവായ നയത്തിൽനിന്ന് വ്യതിചലിക്കുന്നില്ല. എൽ.ഡി.എഫിന് തുടർ ഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്ത ഒരു വിഭാഗം കേരളത്തിലുണ്ട്. തുടർഭരണത്തിന് പ്രധാനകാരണം സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങളായിരുന്നുവെന്ന് തിരിച്ചറിഞ്ഞാണ് യു.ഡി.എഫും ബി.ജെ.പിയും വിപ്ലവകാരികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലരും ചേർന്ന് സംഘടിത ആക്രമണമഴിച്ചുവിടുന്നത്. പാർട്ടി പരിപാടി എന്തെന്നറിയാത്തവരാണ് നയരേഖ പാർട്ടി കാഴ്ചപ്പാടിനനുസരിച്ചല്ലെന്ന വിമർശനമുയർത്തുന്നത്.
തൊഴിലാളി യൂനിയനുകളുടെ ഇന്നത്തെ സമീപനം മാറണം. ഓരോ സ്ഥാപനവും നിലനിർത്തുകയെന്നത് തൊഴിലാളി താൽപര്യത്തിനാവശ്യമാണ്. തൊഴിലാളി സംഘടനകളുടെ സമീപനത്തിൽ എങ്ങനെ മാറ്റമാകാമെന്നതിൽ ചർച്ച ചെയ്ത് അവരുടെ സമ്മതത്തോടെ ആവും തീരുമാനിക്കുക. പരമ്പരാഗത വ്യവസായങ്ങളെ ശക്തിപ്പെടുത്താൻ ആധുനികവത്കരണം വേണം. കേന്ദ്ര കമ്മിറ്റിയുടെ കരട് രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമല്ല ഇതിലെ നിർദേശം. ഉന്നത വിദ്യാഭ്യാസമേഖലയെ തകർക്കുന്നതും ഫെഡറൽഘടനയെ ഇല്ലാതാക്കുന്നതുമായ കേന്ദ്ര വിദ്യാഭ്യാസനയത്തെയാണ് കരട് രാഷ്ട്രീയപ്രമേയം എതിർക്കുന്നത്.
പുതിയ നയരേഖ ഉന്നത വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി ഉറപ്പുവരുത്താനുതകുന്നതാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വകാര്യവത്കരണം വരുമ്പോൾ പാവപ്പെട്ട കുട്ടികൾക്കും പഠന സൗകര്യമുറപ്പാക്കണം. മെറിറ്റിൽ ഒരു വിദ്യാർഥിക്കും സീറ്റ് നിഷേധിക്കപ്പെടരുത്. വിദ്യാർഥിക്ക് താങ്ങാനാവുന്ന ഫീസേ നിശ്ചയിക്കാനാവൂ. സ്വകാര്യനിക്ഷേപമെന്നത് കോർപറേറ്റ്വത്കരണമല്ല.
സംസ്ഥാന സമ്മേളനം രേഖ അംഗീകരിച്ചാൽ പുതിയ സംസ്ഥാന സമിതി അത് ചർച്ച ചെയ്ത് അംഗീകരിക്കും. ശേഷം എൽ.ഡി.എഫിൽ ചർച്ച ചെയ്യും. വിവിധ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും സ്വരൂപിച്ചശേഷം ഇത് സർക്കാറിന്റെ നയരേഖയായി മാറും. ഇതിന്റെ അടിസ്ഥാനത്തിൽ കേരള വികസനത്തിനുള്ള പൊതുവായ പരിപാടി സർക്കാർ ആവിഷ്കരിക്കുമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.