മത്സ്യനയത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണം –കോടിയേരി
text_fieldsതിരുവനന്തപുരം: ആഗോള കുത്തകകളെ സഹായിക്കുന്ന മത്സ്യനയത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന് കീഴിലുള്ള ഇമ്പിച്ചിബാവ ഫൗണ്ടേഷെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കേന്ദ്ര മത്സ്യനയം’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഴക്കടൽ മത്സ്യബന്ധനം കോർപറേറ്റുകളെ ഏൽപിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഇതിലൂടെ പാരമ്പര്യ മത്സ്യബന്ധനമേഖല തകരും. സ്വകാര്യ കുത്തകകൾക്ക് ആകർഷണീയ മേഖലയായി മത്സ്യബന്ധനം മാറി. ലാഭംമാത്രമാണ് അവരുടെ ലക്ഷ്യം. 12 നോട്ടിക്കൽ മൈൽ കഴിഞ്ഞാൽ ആഴക്കടൽ മത്സ്യബന്ധനം സ്വകാര്യകുത്തകകൾക്ക് മാത്രമായി ഒതുങ്ങും. ഇത് തൊഴിലാളികൾക്ക് തിരിച്ചടിയാണ്. കോർപറേറ്റുകൾക്ക് മത്സ്യബന്ധനത്തിന് അനുവദനീയമായ മേഖല 12 നോട്ടിക്കൽ മൈലിനപ്പുറം എന്നത് 35 നോട്ടിക്കൽ മൈലാക്കി മാറ്റണം.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കിടയിൽ വൈദഗ്ധ്യമുള്ളവരില്ലെന്ന കാരണമാണ് സ്വകാര്യ കുത്തകകളെ കൊണ്ടുവരാൻ കാരണമായി പറയുന്നത്. തൊഴിലാളികൾക്ക് വിദഗ്ധപരിശീലനം നൽകി വൈദഗ്ധ്യമുണ്ടാക്കാവുന്നതേയുള്ളൂ. കന്നുകാലികളുടെ വിൽപനക്കേർപ്പെടുത്തിയ നിയന്ത്രണത്തിന് പിന്നിലും താൽപര്യങ്ങളുണ്ട്. മാംസകയറ്റുമതി നടത്തുന്ന കുത്തകകളെ സഹായിക്കാനാണ് സർക്കാർനീക്കം. സാധാരണക്കാരെ ഇൗ മേഖലയിൽനിന്ന് അപ്രത്യക്ഷമാക്കി കുത്തകകൾക്ക് നേട്ടമുണ്ടാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും കോടിയേരി ആരോപിച്ചു. ഫെഡറേഷൻ പ്രസിഡൻറ് കൂട്ടായി ബഷീർ അധ്യക്ഷത വഹിച്ചു. ഒാസ്റ്റിൻ ഗോമസ്, ഡോ. കെ.വി. തോമസ്, വി.പി. ചിത്തരഞ്ജൻ, പുല്ലുവിള സ്റ്റാൻലി, സി.പി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.