റിയാസിന് പിന്തുണ, വിമർശകർക്ക് താക്കീത്; ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്നത് സംഘടനാ രീതിയല്ലെന്ന്
text_fieldsനിയമസഭാകക്ഷി യോഗത്തില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ചോര്‍ന്നതിലും വാർത്തയായതിലും സി.പി.എം നേതൃത്വത്തിന് അതൃപ്തി. തിങ്കളാഴ്ച എ.കെ.ജി സെന്‍ററില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് എം.എല്‍.എമാരെ അതൃപ്തി അറിയിച്ചത്. പാര്‍ട്ടി എം.എല്‍.എമാര്‍ മാത്രം പങ്കെടുത്ത യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് സംഘടനാ രീതിയല്ലെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കോടിയേരി താക്കീത് നല്‍കി.
കരാറുകാരേയും കൂട്ടി എം.എല്‍.എമാര്‍ മന്ത്രിയെ കാണാൻ വരരുതെന്നായിരുന്നു ഏഴാം തീയതി നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മുഹമ്മദ് റിയാസ് പറഞ്ഞത്. ഇതിനെതിരേയായിരുന്നു സി.പി.എം നിയമസഭാകക്ഷി യോഗത്തില്‍ എം.എല്‍.എമാരുടെ വിമര്‍ശനം. തലശ്ശേരി എം.എൽ.എ എ.എൻ ഷംസീറായിരുന്നു വിമർശനത്തിന് തുടക്കമിട്ടത്. എം.എൽ.എമാർ ആരെകൂട്ടിയാണ് വരേണ്ടതെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന രൂക്ഷ വിമർശനമാണ് ഷംസീർ ഉന്നയിച്ചത്.
ഇതിനുപിന്നാലെ വാര്‍ത്തകള്‍ നിഷേധിച്ച് മന്ത്രി റിയാസ് രംഗത്തെത്തിയിരുന്നു. സി.പി.എം നിയമസഭാകക്ഷി യോഗത്തില്‍ ഒരു വിമർശനവും ഉയർന്നിട്ടില്ലെന്നും താൻ പറഞ്ഞത് എൽ.ഡി.എഫ് നിലപാടാണെന്നുമാണ് റിയാസ് പ്രതികരിച്ചത്.
തിങ്കളാഴ്ച എ.കെ.ജി സെന്‍ററില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ് റിയാസ് പങ്കെടുത്തിരുന്നില്ല. എ.എന്‍ ഷംസീര്‍ അടക്കമുള്ള മറ്റ് എം.എല്‍.എമാര്‍ ഇതുമായി ബന്ധപ്പെട്ട് വിശദീകരണത്തിനോ ചര്‍ച്ചകള്‍ക്കോ തയാറായതുമില്ല. റിയാസ് പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നു പറഞ്ഞ് മുഖ്യമന്ത്രിയും പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനും റിയാസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.