കോടിയേരിയുടെ ജീവചരിത്രം പ്രകാശനം ചെയ്തു
തിരുവനന്തപുരം: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണൻെറ ജീവചരിത്രം പ്രകാശനം ചെയ്തു. പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രകാശനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയും പുസ്തകം ഏറ്റുവാങ്ങി.
കെ.എസ്.കെ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ പുസ്തക പരിചയം നടത്തി. ചടങ്ങിൽ ആനാവൂർ നാഗപ്പൻ അധ്യക്ഷത വഹിച്ചു. വി. ജോയി, എം. വിജയകുമാർ, സൂസൻകോടി തുടങ്ങിയവർ സംസാരിച്ചു. കർഷക തൊഴിലാളി മാസികയുടെ എഡിറ്റർ പ്രീജിത് രാജ് ജീവചരിത്രം എഴുതിയത്. പുസ്തകം തയാറാക്കുന്നതിനു സഹായിച്ച നിരവധിപേർക്ക് പ്രീജിത് നന്ദി പറഞ്ഞു.
ബാലകൃഷ്ണനിൽനിന്ന് കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവായി വളർന്ന കോടിയേരി ബാലകൃഷ്ണന്റെ ജീവചരിത്രമാണ് പുസ്തകം. കെ.എസ്.എഫിലൂടെയും എസ്.എഫ്. ഐയിലൂടെയും ആരംഭിച്ച യാത്രയിൽ ജനലക്ഷങ്ങളുടെ ആവേശമായും പ്രതീക്ഷയായും മാറിയ കോടിയേരി ബാലകൃഷ്ണന്റെ ജീവിതത്തിലെ സംഭവബഹുലമായ കാലങ്ങളുടെ അടയാളപ്പെടുത്തലാണ്. കോടിയേരിയുമായി അടുപ്പം സൂക്ഷിച്ചവരുടെ ഓർമ്മകളും പുസ്തകത്തിലുണ്ട്.