കോടിയേരിയുടെ ഭൗതികശരീരവുമായി എയർ ആംബുലൻസ് പുറപ്പെട്ടു; പ്രിയ നേതാവിനെ കാത്ത് ആയിരങ്ങൾ
text_fieldsകണ്ണൂർ: സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ പാർട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി ചെന്നൈ വിമാനത്താവളത്തിൽനിന്നു എയർ ആംബുലൻസ് പുറപ്പെട്ടു. ഉച്ചക്ക് ഒന്നരയോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം കണ്ണൂർ വിമാനത്താവളത്തിലെത്തിക്കും.
വിമാനത്താവളത്തിൽ കണ്ണൂർ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് വിലപായാത്രയായിട്ടായിരിക്കും തലശ്ശേരി ടൗൺഹാളിലേക്ക് കൊണ്ടു പോവുക. വിലപായാത്രയെ മുഖ്യമന്ത്രി പിണറായി വിജയൻ അനുഗമിക്കും. കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിക്കാൻ 14 ഇടത്ത് സൗകര്യം ഒരുക്കും. തിരക്ക് കുറക്കാനാണ് വിലാപ യാത്രക്കിടയിൽ 14 ഇടത്ത് ആദരാഞ്ജലികൾ അർപ്പിക്കാൻ സൗകര്യം ഒരുക്കുന്നതെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചു.
തലശേരി ടൗൺഹാളിൽ രാത്രി 12 മണി വരെ പൊതുദർശനമുണ്ടാകും. തിരക്ക് നീണ്ടാൽ പൊതുദർശനം അതിനനുസരിച്ച് ക്രമീകരിക്കും. മുഖ്യമന്ത്രി തലസ്ഥാനത്ത്നിന്നു കണ്ണൂരിലെത്തും. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി, മകൻ ബിനോയ് കോടിയേരി എന്നിവർ ഭൗതികശരീരത്തെ അനുഗമിക്കുന്നുണ്ട്.
തിങ്കളാഴ്ച കോടിയേരിയുടെ വീട്ടിലും സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിന് വെച്ചശേഷം മൂന്ന് മണിയോടെ പയ്യാമ്പലത്ത് സംസ്കരിക്കും. സംസ്‌കാര ചടങ്ങിൽ ബന്ധുക്കളും മുതിർന്ന പാർട്ടി നേതാക്കളും മന്ത്രിമാരും മാത്രമാണ് പങ്കെടുക്കുക. കോടിയേരിക്ക് ആദരം അർപ്പിക്കാനായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം പ്രകാശ് കാരട്ടും തിങ്കളാഴ്ച രാവിലെ കേരളത്തിലെത്തും.
പാർട്ടിക്ക് കനത്ത നഷ്ടമാണ് കോടിയേരിയുടെ വിയോഗമെന്ന് പ്രകാശ് കാരാട്ട് അനുസ്മരിച്ചു. വിദ്യാർഥി കാലഘട്ടം മുതൽ നേതൃപാടവം തെളിയിച്ച വ്യക്തിയാണ് കോടിയേരി എന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ അപ്പോളോ ആശുപത്രിയിൽ അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ട് മണി ഓടെയാണ് കോടിയേരി അന്തരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.