ചീട്ടുകളി: കോടിയേരിയുടെ ഭാര്യാ സഹോദരൻ അറസ്റ്റിൽ; എഫ്.ഐ.ആറിൽ മറിമായം
text_fieldsതിരുവനന്തപുരം: തലസ്ഥാനത്തെ ട്രിവാൻഡ്രം ക്ലബിൽ പണംവെച്ച് ചീട്ടുകളിച്ചതിന് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാ സഹോദരനും യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എം.ഡിയുമായ എസ്.ആർ. വിനയകുമാർ അറസ്റ്റിൽ.
അറസ്റ്റിന് പിന്നാലെ കേസിൽനിന്ന് അദ്ദേഹത്തെ തലയൂരിയെടുക്കാൻ പതിനെട്ടടവും പയറ്റി പൊലീസ്. പിടിച്ചത് പുലിവാലാണെന്ന് അറിഞ്ഞതോടെ എഫ്.ഐ.ആറിൽ വിനയകുമാറിന്‍റെ ഇനിഷ്യലും അച്ഛന്‍റെ പേരും വിലാസവും തെറ്റായി രേഖപ്പെടുത്തിയാണ് മ്യൂസിയം പൊലീസിന്‍റെ കള്ളക്കളി. പിടിയിലായത് യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എം.ഡിയാണോയെന്ന് അറിയില്ലെന്നും പിടിയിലാകുന്നവരുടെ വ്യക്തിഗത വിവരങ്ങൾ പരിശോധിക്കാറില്ലെന്നുമാണ് മ്യൂസിയം എസ്.എച്ച്.ഒയുടെ നിലപാട്. തിങ്കളാഴ്ചയാണ് പ്രമുഖർക്കും സമ്പന്നർക്കും അംഗത്വമുള്ള ട്രിവാൻഡ്രം ക്ലബ് കോട്ടേജിലെ മുറിയിൽ പണം വെച്ചുള്ള ചീട്ടുകളി പൊലീസ് പിടിച്ചത്. വിനയകുമാർ അടക്കം ഒമ്പതുപേരെ അറസ്റ്റ് ചെയ്യുകയും 5.6 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തു. കസ്റ്റഡിക്ക് പിന്നാലെയാണ് കക്ഷി ആരാണെന്ന് പൊലീസ് തിരിച്ചറിയുന്നത്. അപ്പോൾ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
വാർത്തയായതോടെ കോടതിയിൽ വിനയകുമാറിനെ രക്ഷിക്കാനുള്ള വഴിയാണ് പൊലീസ് ആലോചിച്ചത്. ഇതിനായി എഫ്.ഐ.ആറിൽ മറ്റൊരു വിനയകുമാറിനെയാണ് പൊലീസ് അവതരിപ്പിക്കുന്നത്.
തലശ്ശേരി മുൻ എം.എൽ.എയായിരുന്ന എം.വി. രാജഗോപാലന്‍റെ മകനാണ് വിനയകുമാർ. എന്നാൽ എഫ്.ഐ.ആറിൽ അച്ഛന്‍റെ പേര് അരവിന്ദാക്ഷൻ എന്നാണ്. വിനയകുമാറിന് വഴുതക്കാട് പൊലീസ് ആസ്ഥാനത്തിന് സമീപവും കേശവദാസപുരത്ത പാരഗൺ ഹോട്ടലിന് സമീപത്തും വീടുണ്ടെങ്കിലും എഫ്.ഐ.ആറിൽ കവടിയാറിലെ മറ്റൊരു വീട്ടുപേരാണ്.
വിനയകുമാറിനെ കൂടാതെ സുഹൃത്തുകളായ എട്ടു പേരും അറസ്റ്റിലായിരുന്നു. ഇതിനിടെ, വിനയകുമാർ മുറിയെടുക്കാൻ ഉപയോഗിച്ച, കൊല്ലത്തെ യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂഷനൽ മെംബർഷിപ്പ് റദ്ദാക്കിയതായി ക്ലബ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.