കോടിയേരിയുടെ വിയോഗം; വിതുമ്പി ജന്മനാട്
text_fieldsതലശ്ശേരി: നാടിന്റെ ചിരിമുഖം എന്നെന്നേക്കുമായി വിടപറഞ്ഞപ്പോൾ വിതുമ്പി കോടിയേരി ഗ്രാമം. നാടിനെ സ്വന്തം പേരിനോട് ചേർത്തുവെച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ വളർന്ന കോടിയേരിയെ എന്നും തങ്ങളിലൊരാളായാണ് നാട്ടുകാർ കണ്ടത്. ഏവർക്കും രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസ്വീകാര്യനായിരുന്നു കോടിയേരി സഖാവ്.
അനുനയത്തിന്റെയും മിതഭാഷണത്തിന്റെയും പാതയായിരുന്നു പാർട്ടിയിലെ കോടിയേരി വഴി. അധികാരത്തിലിരിക്കുമ്പോഴും പാർട്ടി തിരക്കിനിടയിലും ലഭിക്കുന്ന ഒഴിവുവേളകളിലെല്ലാം കോടിയേരി ജന്മനാട്ടിലെത്തുമായിരുന്നു.
നാടിന്റെയും നാട്ടുകാരുടെയും പ്രശ്നങ്ങളിലെല്ലാം സജീവമായ ഇടപെടൽ ഏവർക്കും സഖാവിനെ പ്രിയങ്കരനാക്കി. നേതൃത്വത്തിൽ മാത്രമല്ല, താഴെ തട്ടിലുള്ള പ്രവർത്തകർക്കിടയിലും വൈകാരിക ബന്ധം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനായി.
കോടിയേരി ഒനിയൻ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കൊടിപിടിച്ചു തുടങ്ങിയായിരുന്നു പാർട്ടി ബന്ധം. ബാലസംഘം നേതാവാകേണ്ട 19ാം വയസ്സിലാണ് കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാകുന്നത്.
ഇരുപതാം വയസ്സിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായതോടെ കണ്ണൂരും കടന്ന് സഖാവും കോടിയേരി എന്ന നാടും വളരുകയായിരുന്നു. 1982ലാണ് ആദ്യമായി തലശ്ശേരി എം.എൽ.എയാകുന്നത്. പിന്നെ തോൽവിയറിയാതെ നാലുതവണ കോടിയേരി എന്ന തങ്ങളുടെ പ്രിയ സഖാവിനെ തലശ്ശേരിക്കാർ നിയമസഭയിലേക്ക് അയച്ചു.
ജനപ്രതിനിധിയായിരിക്കുമ്പോഴും നാടിനെ ചേർത്തുവെക്കുന്ന നേതാവായിരുന്നു. രാഷ്ട്രീയ എതിരാളികൾക്കുപോലും സ്വീകാര്യനായി ഏവരും ബഹുമാനിക്കുന്ന തലശ്ശേരിയുടെ സ്വന്തം എം.എൽ.എയായും പിന്നീട് മന്ത്രിയായും സി.പി.എം സംസ്ഥാന സെക്രട്ടറിയായും കോടിയേരിയുടെ രാഷ്ട്രീയ വളർച്ച തുടർന്നു.
രോഗഗ്രസ്ഥനാണെന്ന് അറിയാമെങ്കിലും മരണവിവരം നാടിനെയും ഗ്രാമത്തെയും കണ്ണീരിലാഴ്ത്തി. പ്രിയ സഖാവിന്റെ ഭൗതിക ശരീരം ഞായറാഴ്ച ഉച്ചയോടെ തലശ്ശേരി ടൗൺഹാളിലെത്തിക്കും.
ജില്ലയിൽ അനുശോചനപ്രവാഹം
കണ്ണൂർ: അന്തരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് ജില്ലയിൽ അനുശോചന പ്രവാഹം. രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് മേയർ ടി.ഒ. മോഹനൻ പറഞ്ഞു.
സംഘടന രംഗത്ത് ഉറച്ച നിലപാട് സ്വീകരിക്കുമ്പോൾതന്നെ എല്ലാവരോടും സൗമ്യമായി പെരുമാറിയെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. രാഷ്ട്രീയ എതിരാളികൾപോലും സ്നേഹവാത്സല്യത്തോടെ സമീപിച്ചു. രാഷ്ട്രീയ ഗുരുനാഥന്റെ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ക്കശമായ രാഷ്ട്രീയനിലപാടുകള്‍ക്കിടയിലും സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുമായും സൗഹൃദം പുലര്‍ത്താന്‍ കോടിയേരിക്ക് സാധിച്ചിരുന്നെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. കണ്ണൂര്‍ രാഷ്ട്രീയം കേരളത്തിന് സംഭാവന നല്‍കിയ നേതാക്കന്മാരുടെ ഗണത്തില്‍ കോടിയേരി ഓർമിക്കപ്പെടുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് അനുശോചിച്ചു.
സ്വന്തം രാഷ്ട്രീയാഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുമ്പോഴും വിമർശനങ്ങളെ പുഞ്ചിരിയോടെ നേരിടുകയും വിയോജിപ്പുകൾ ശക്തമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്ന ശൈലി മാതൃകാപരമാണെന്നും സി.പി.ഐ ജില്ല സെക്രട്ടറി സി.പി. സന്തോഷ് കുമാർ അനുശോചിച്ചു.
രാഷ്ട്രീയപരമായി വ്യത്യസ്ത നിലപാടുകൾ വെച്ചുപുലർത്തുമ്പോഴും വ്യക്തി ബന്ധങ്ങളിൽ എല്ലാവരുമായി സൗഹൃദവും സൗമ്യതയും പുലർത്തിയ നേതാവായിരുന്നുവെന്ന് മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി അനുശോചിച്ചു.
പാർലമെന്ററി രംഗത്തും രാഷ്ട്രീയ പൊതുമണ്ഡലങ്ങളിലും ഇടപെടുമ്പോൾ സ്നേഹ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്നുവെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അനുശോചിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ്-എസ് സംസ്ഥാന ജന. സെക്രട്ടറിമാരായ ഇ.പി.ആര്‍. വേശാല, യു. ബാബു ഗോപിനാഥ്, ജില്ല പ്രസിഡന്റ് കെ.കെ. ജയപ്രകാശ് എന്നിവര്‍ അനുശോചിച്ചു.
രാഷ്ട്രീയ വിയോജിപ്പുകൾ ശക്തമായി നിലനിൽക്കുമ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധ പുലർത്തിയിരുന്നുവെന്ന് എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് എ.സി. ജലാലുദ്ദീൻ അനുസ്മരിച്ചു. ഐ.എൻ.എൽ (ഡെമോക്രാറ്റിക്) സംസ്ഥാന പ്രസിഡന്റ് അഷ്റഫ് പുറവൂർ, ജനറൽ സെക്രട്ടറി കരീം പുതുപ്പാടി, ജില്ല പ്രസിഡന്റ് കെ.വി. സലിം എന്നിവർ അനുശോചിച്ചു.
നാളെ ഹർത്താൽ
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച തലശ്ശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിലും മാഹിയിലും ഹർത്താൽ ആചരിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.