കോടിയേരിയുടെ വിയോഗം: മൂന്നുമണ്ഡലങ്ങളിലും മാഹിയിലും നാളെ ഹർത്താൽ
text_fieldsകണ്ണൂർ: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച തലശ്ശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിലും മാഹിയിലും ഹർത്താൽ ആചരിക്കും. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം ഇന്ന് കണ്ണൂരിലെത്തിക്കും.
എയർ ആബുംലൻസിൽ മൃതദേഹം കണ്ണൂർ വിമാനത്താവളത്തിലെത്തിച്ച് അവിടെ നിന്ന് തലശ്ശേരിയിലെത്തിക്കും. ഇന്ന് മുഴുവൻ തലശ്ശേരി ടൗൺഹാളിലാവും പൊതുദർശനമുണ്ടാവുക. തുടർന്ന് നാളെ കോടിയേരിയുടെ ഭൗതികശരീരം അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കും.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ അന്ത്യം. ദീർഘകാലമായി അർബുദരോഗബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു. തുടർച്ചയായി മൂന്നുതവണ സംസ്ഥാന സെക്രട്ടറിയായി സി.പി.എമ്മിനെ നയിച്ച കോടിയേരി ബാലകൃഷ്ണൻ, ചരിത്രത്തിലാദ്യമായി എൽ.ഡി.എഫിന് കേരളത്തിൽ തുടർഭരണം ലഭിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നേതൃപരമായ പങ്കുവഹിച്ചു.
2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാറിൽ ആഭ്യന്തരം, വിജിലൻസ്, ടൂറിസം വകുപ്പുകളുടെ മന്ത്രിയായിരുന്നു. രാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരുമായി കോടിയേരിക്ക് ഊഷ്മളമായ ബന്ധമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.