കോടിയേരിയുടെ പരാമര്‍ശം നൂറ്റാണ്ടിലെ തമാശ -വെള്ളാപ്പള്ളി
text_fieldsപത്തനാപുരം: ബി.ഡി.ജെ.എസിനെ ഇടതുമുന്നണിയില്‍ ഉൾപ്പെടുത്താത്തത് വര്‍ഗീയകക്ഷി ആയതുകൊണ്ടാെണന്ന കോടിയേരിയുടെ പരാമര്‍ശം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാെണന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂനിയെൻറ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയകക്ഷിയായ ഐ.എൻ.എല്‍ ഇടതുമുന്നണിയുമായി സഹകരിക്കുന്നുണ്ട്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപിള്ളയും അദ്ദേഹത്തിെൻറ പാര്‍ട്ടിയുമായും സഹകരിച്ചുപോരുന്നു. കെ.എം. മാണിയെ സ്വീകരിക്കാന്‍ സി.പി.എം തയാറെടുക്കുന്നു. ഇവര്‍ക്കാര്‍ക്കും ഇല്ലാത്ത എന്ത് അയോഗ്യതയാണ് ബി.ഡി.ജെ.എസിന് ഉള്ളതെന്നും വെള്ളാപ്പള്ളി ചോദിച്ചു. മതേതരത്വം പറയുന്നവര്‍ ശോഷിച്ചുവരികയും ബി.ജെ.പിയുടെ വളര്‍ച്ച ജെറ്റ് വേഗത്തില്‍ ഉയര്‍ന്നുകൊണ്ടും ഇരിക്കുകയാണ്. സവര്‍ണാധിപത്യം പുനഃസ്ഥാപിക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാറിെൻറ ശ്രമം. നമ്മള്‍ ചിഹ്നം നോക്കി വോട്ട് കുത്തിയപ്പോള്‍ മറ്റുള്ളവര്‍ പേര് നോക്കി വോട്ട് ചെയ്തു. ഈഴവ സമുദായം വെറും വോട്ട് കുത്തി യന്ത്രങ്ങളാകരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. യൂനിയന്‍ പ്രസിഡൻറ് ആദംകോട് ഷാജി, സെക്രട്ടറി ബി. ബിജു എന്നിവര്‍ സംസാരിച്ചു .
എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ കോൺഫറൻസ് ഹാളും യൂത്ത് മൂവ്മെൻറ് കേന്ദ്ര സമിതി ചെയർമാൻ പച്ചയിൽ സന്ദീപ് യൂത്ത് മൂവ്മെൻറ് ഓഫിസും യോഗം കൗൺസിലർ വനജ വിദ്യാധരൻ വനിതാ സംഘം ഓഫിസും ഉദ്ഘാടനം ചെയ്തു. പത്തനാപുരം നഗരഹൃദയത്തിൽ അരക്കോടിയിലധികം രൂപ ചെലവഴിച്ചാണ് യൂനിയന്‍ ഓഫിസ് നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.