കോടിയേരിയുടെ പ്രസ്താവന സ്ത്രീ വിരുദ്ധതയുടെ തുറന്ന് പറച്ചിൽ -ജബീന ഇർഷാദ്
text_fieldsകോഴിക്കോട്: പാർട്ടി കമ്മിറ്റികളിൽ സ്ത്രീ പ്രാതിനിധ്യം അൻപത് ശതമാനം ആയാൽ പാർട്ടി തകർന്ന് പോകുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിഹാസ പ്രതികരണം അദ്ദേഹം ഉള്ളിൽ കൊണ്ടു നടക്കുന്ന സ്ത്രീ വിരുദ്ധതയുടെ പുറത്താകലാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ്. ഇത്തരം പ്രസ്താവനകൾ സ്ത്രീകളുടെ സാമൂഹ്യ - രാഷ്ട്രീയ പങ്കാളിത്തത്തിനെതിരായ പൊതുബോധത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്നും ജബീന ഇർഷാദ് വ്യക്തമാക്കി.
ഒരു വശത്ത് സ്ത്രീ പക്ഷ കേരളത്തെ കുറച്ച് വാചാലമാവുകയും എന്നാൽ സ്ത്രീ പ്രാതിനിധ്യം വർധിക്കുന്നതിനെ പ്രായോഗികമായി തടയുകയും ചെയ്യുന്ന ഇരട്ടത്താപ്പു നയം ആണ് കോടിയേരിയും സി.പി.എമ്മും സ്വീകരിക്കുന്നത്. 50 ശതമാനം സ്ത്രീ സംവരണം പ്രായോഗികമല്ലെന്നുള്ള നിലപാട് സ്ത്രീ വിഭാഗത്തോടുള്ള അവഹേളനമാണ്.
പ്രസ്താവന പിൻവലിച്ച് മാപ്പുപറയാൻ കോടിയേരി തയാറാകണം. സ്ത്രീപക്ഷ നവകേരളത്തെക്കുറിച്ച് പറയുമ്പോഴും സ്ത്രീവിരുദ്ധ പൊതുബോധത്തെ ശക്തിപ്പെടുത്തുന്ന കാപട്യ സമീപനം ഉള്ളിൽ പേറുന്ന ഇത്തരക്കാരിൽ നിന്ന് സ്ത്രീകൾക്ക് നീതി ലഭിക്കില്ലെന്ന കാര്യം സ്ത്രീ സമൂഹം തിരിച്ചറിയണമെന്നും ജബീന ഇർഷാദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.