തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ അതിജീവിതയുടെ പരാതി ദുരൂഹം -കോടിയേരി
text_fieldsകൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ ആക്രമിക്കപ്പെട്ട നടിയുടെ പരാതി ദുരൂഹമാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചാരണമാണ് വിഷയത്തില്‍ യു.ഡി.എഫ് നടത്തുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാതിയുണ്ടെങ്കിൽ അതിജീവിത നേരത്തെ കോടതിയെ അറിയിക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.
അതിജീവിതക്ക് നീതി ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പാർട്ടിയും സർക്കാരും അവർക്കൊപ്പമാണ്.
പ്രോസിക്യൂട്ടറെയും വനിത ജഡ്ജിയെയുമെല്ലാം നിയമിച്ചത് അവരുടെ താൽപര്യം പരിഗണിച്ചാണ്. ഏത് കാര്യത്തിലാണ് അവരുടെ താൽപര്യത്തിന് വിരുദ്ധമായി സർക്കാർ നിന്നതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന ചലച്ചിത്രോത്സവത്തിൽ അതിജീവിതയെ മുഖ്യാതിഥിയാക്കിയ സർക്കാറാണിത്.
കേസിൽ വളരെ പ്രമുഖനായ വ്യക്തി ഉൾപ്പെടെ അറസ്റ്റിലായി. യു.ഡി.എഫ് ഭരണമായിരുന്നെങ്കിൽ അങ്ങനെ ഒരാളെ അറസ്റ്റ് ചെയ്യുമായിരുന്നോ?. യു.ഡി.എഫ് എക്കാലത്തും ഇത്തരം പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
തൃക്കാക്കരയില്‍ യു.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമിക്കുന്നുണ്ട്. സ്ഥാനാർഥി ഉമാ തോമസ് ബി.ജെ.പി ഓഫിസിൽ പോയത് ഇതിന്‍റെ ഭാഗമാണ്. യു.ഡി.എഫ് തൃക്കാക്കരയിൽ ബി.ജെ.പി, എസ്.ഡി.പി.ഐ കൂട്ടുകെട്ടുണ്ടാക്കി. ഈ കൂട്ടുകെട്ട് വിജയിക്കില്ല. ഇവരുടെ വോട്ട് വേണ്ടെന്ന് വി.ഡി സതീശൻ പറയുമോ?. ഇടതുമുന്നണി നേരെത്തെ ഇതിൽ നിലപാട് വ്യക്‌തമാക്കിയിട്ടുണ്ട്.
വിസ്മയ കേസിലെ കോടതിവിധി പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവലാണ്. കേസ് നടത്തിപ്പിലെ ജാഗ്രതയാണ് ഇത് കാണിക്കുന്നത്. സ്ത്രീ സുരക്ഷയിൽ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.