ബ്ലാക് മെയിൽ ചെയ്ത് പണം തട്ടിയ സംഘത്തിലെ നാലുപേർ പിടിയിൽ
text_fieldsകൊടുങ്ങല്ലൂർ: കണ്ണൂർ സ്വദേശിയായ യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി യുവതികളോടൊപ്പം ചിത്രങ്ങളും വീഡിയോയും പകർത്തി ബ്ലാക് മെയിൽ ചെയ്ത് പണം തട്ടിയ സംഘത്തിലെ നാലുപേർ പിടിയിൽ. കൊടുങ്ങല്ലൂർ വള്ളിവട്ടം തറയിൽ ഷെമീന (26), തൃശൂർ വെളപ്പായ കുണ്ടോളി വീട്ടിൽ ശ്യാം ബാബു (25), അവണൂർ കാക്കനാട്ട് വീട്ടിൽ സംഗീത് (28), ചേറ്റുപുഴ മുടത്തോളി അനീഷ് (34) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ സൂത്രധാരിയായ വയനാട് സ്വദേശി നസീമയും ഇവരുടെ ഭർത്താവ് അക്ബർ ഷായും ഒളിവിലാണ്.
കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ നസീമയും ഭർത്താവും താമസിച്ചിരുന്ന ഫ്ലാറ്റിൽ ഇൗ മാസം 15നാണ് കേസിനാസ്പദ സംഭവം. നസീമയുടെ നിർദേശപ്രകാരം ഷെമീനയാണ് പരാതിക്കാരനെ ഫോണിൽ വിളിച്ച് ഇയാളുടെ കാറിൽ കയറി ഫ്ലാറ്റിലെത്തിച്ചത്. തുടർന്ന് നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരം ശ്യാമും സംഗീതും അക്ബർ ഷായും സദാചാര പൊലീസ് ചമഞ്ഞ് പരാതിക്കാരനെ മർദിക്കുകയും ഭീഷണിപ്പെടുത്തി സ്ത്രീകളോടൊപ്പം നിർത്തി ചിത്രങ്ങളെടുക്കുകയുമായിരുന്നു. കുതറി താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പരാതിക്കാരനെ കട്ടിലിൽ ബലമായി കിടത്തി, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതിനിടെ ഇവരുടെ സുഹൃത്ത് അനീഷിനെ വിളിച്ചുവരുത്തുകയും പ്രശ്നം ഒത്തുതീർപ്പാക്കണമെങ്കിൽ മൂന്നു ലക്ഷം രൂപ തരണമെന്നും അല്ലെങ്കിൽ ഇയാളുടെ കാർ തട്ടിയെടുക്കുമെന്നും പറഞ്ഞു.
പൊലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ വാങ്ങി സ്വിച്ച് ഓഫ് ചെയ്തു. േപഴ്സും എ.ടി.എം കാർഡും ബലമായി വാങ്ങിയ പ്രതികൾ 35000 രൂപയും കൈക്കലാക്കി. എ.ടി.എം കാർഡ് ഉപയോഗിച്ച് കൂടുതൽ പണമെടുക്കാൻ രണ്ടുപേർ പോയെങ്കിലും അക്കൗണ്ടിൽ പണമുണ്ടായിരുന്നില്ല. ഇതിൽ കുപിതരായി തിരിച്ചെത്തിയവർ വീണ്ടും ആക്രമണം നടത്തി. പിന്നീട് മൂന്നു ലക്ഷം രൂപ ഷമീനയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാമെന്ന് സമ്മതിച്ച് രക്ഷപ്പെട്ട പരാതിക്കാരൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.