മണ്ഡലം ലീഗ് നേതാക്കളുടെ 'ഓപറേഷൻ' സക്സസ്; മുനീറിനെ കൊടുവള്ളിക്ക് വേണ്ട
text_fieldsകോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ മൂന്നാം തവണയും കോഴിേക്കാട് സൗത്ത് നിയോജക മണ്ഡലത്തിൽനിന്ന് ജനവിധി തേടും. സംസ്ഥാന നേതൃത്വം ഇതു സംബന്ധിച്ച് മണ്ഡലം കമ്മിറ്റിക്ക് നിർദേശം നൽകി. കൊടുവള്ളിയിലേക്ക് മാറാൻ മുനീർ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും കൊടുവള്ളി മണ്ഡലത്തിലെ നേതാക്കൾക്ക് അവിെട മത്സരിക്കേണ്ടതിനാൽ മുനീർ വരുന്നതിനെതിരെ 'ഓപറേഷൻ' നടന്നിരുന്നു.
മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥിതന്നെ ഇവിടെ മത്സരിക്കണമെന്ന് നിയോജകമണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൊടുവള്ളി മുനീറിന് അത്ര സുരക്ഷിതമാവില്ലെന്ന കണക്കുകൂട്ടലും പാർട്ടിക്കുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഉൾപ്പെടെ നേതാക്കൾ പങ്കെടുത്ത മണ്ഡലം കമ്മിറ്റി യോഗത്തിലാണ് മുനീർ സൗത്ത് നിയോജകമണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന ധാരണയിലെത്തിയത്.
2011ലാണ് സൗത്ത് നിയോജകമണ്ഡലത്തിൽ മുനീർ ആദ്യം മത്സരിച്ചത്. അന്ന് എതിർ സ്ഥാനാർഥി സി.പി.എമ്മിലെ മുസാഫർ അഹമ്മദ് ആയിരുന്നു. 2016ൽ എൽ.ഡി.എഫ് സ്ഥാനാർഥി ഐ.എൻ.എല്ലിെൻറ പ്രഫ. അബ്ദുൽ വഹാബായിരുന്നു. ഇത്തവണ വീണ്ടും എതിർസ്ഥാനാർഥിയായി മുസാഫർ അഹമ്മദ് തന്നെ വരാനുള്ള സാധ്യതയേറെയാണ്. നിലവിൽ കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയറാണ് മുസാഫർ അഹമ്മദ്. 2011ൽ മുസാഫർ മുനീറിനോട് തോറ്റത് 1,376 വോട്ടിനായിരുന്നു. 2016 ൽ വഹാബിനെ മുനീർ തോൽപിച്ചത് 6,327 വോട്ടിനാണ്.
മണ്ഡലം കമ്മിറ്റിയിൽ എതിർപ്പുകളുണ്ടായെങ്കിലും ഭൂരിഭാഗവും മുനീർ സൗത്ത് മണ്ഡലത്തിൽ തന്നെ മത്സരിക്കണമെന്ന അഭിപ്രായമാണുയർന്നത്. കോൺഗ്രസിെൻറ അഭിപ്രായവും മണ്ഡലത്തിൽ മുനീറിന് അനുകൂലമാണ്. 1991ൽ ആദ്യമായി മുനീർ മത്സരിച്ചത് കോഴിക്കോട് രണ്ടാം മണ്ഡലത്തിലായിരുന്നു. അന്ന് സി.പി.എമ്മിലെ സി.പി. കുഞ്ഞുവിനോടായിരുന്നു മത്സരം. സി.പി. കുഞ്ഞുവിെൻറ മകനാണ് മുസാഫർ അഹമ്മദ്.
'96ൽ എളമരം കരീം മുസ്ലിം ലീഗിലെ ഖമറുന്നിസ അൻവറിനെ ഇതേ മണ്ഡലത്തിൽ തോൽപിച്ചു. 2011ലാണ് മണ്ഡലത്തിെൻറ പേര് മാറി കോഴിക്കോട് സൗത്ത് ആയത്. 2006ൽ മങ്കടയിൽ തോറ്റ ശേഷം മുനീർ ജയിച്ചത് കോഴിക്കോട്ടായിരുന്നു. മണ്ഡലം നിലനിർത്താൻ മുനീറിന് സാധിക്കുമെന്ന ആത്മവിശ്വാസമാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.