മലപ്പുറത്തെ ശംസുദ്ദീന് ഖബറൊരുക്കിയത് കൊടുവള്ളി ടൗൺ മഹല്ല് കമ്മിറ്റി
text_fieldsകൊടുവള്ളി: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കോവിഡ് പോസിറ്റിവായി മരിച്ച മലപ്പുറം സൗത്ത് തൃപ്പനച്ചി പൊറ്റമ്മൽ സ്വദേശി ശംസുദ്ദീന് (60) ഖബറിടമൊരുക്കി മാതൃക കാണിച്ച് കൊടുവള്ളി ടൗൺ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി. കോഴിക്കോട് സ്വദേശിയായ ശംസുദ്ദീൻ സൗത്ത് തൃപ്പനച്ചിയിൽനിന്ന് വിവാഹം കഴിച്ച് അവിടെ താമസിച്ചുവരുകയായിരുന്നു. ജൂലൈ 29നാണ് അസുഖബാധിതനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചത്. രോഗം ഭേദമായതിനെ തുടർന്ന് ആഗസ്റ്റ് ഏഴിന് വീട്ടിലേക്ക് തിരിച്ചുപോയി. എന്നാൽ, വീണ്ടും രോഗം അധികരിച്ചതിനെ തുടർന്ന് 12ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കോവിഡ് പോസിറ്റിവാകുകയും 15ന് വൈകീട്ട് 3.40ഓടെ മരിക്കുകയുമായിരുന്നു.
സൗത്ത് തൃപ്പനച്ചി മഹല്ല് ഖബർസ്ഥാനിൽ കോവിഡ് ചട്ടപ്രകാരം ഖബറൊരുക്കാൻ ശ്രമം നടന്നെങ്കിലും ഖബർസ്ഥാനിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഖബറൊരുക്കാൻ കഴിഞ്ഞില്ല. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചതോടെ കോഴിക്കോട് ജില്ല കലക്ടർ സാംബശിവറാവു കുന്ദമംഗലം എം.എൽ.എയും മഹല്ല് പ്രസിഡൻറുമായ അഡ്വ. പി.ടി.എ. റഹിമിനെ വിളിച്ച് ശംസുദ്ദീന് ഖബറൊരുക്കുന്നതിന് സഹായം തേടുകയായിരുന്നു. കൊടുവള്ളി മഹല്ല് കമ്മിറ്റി അനുവാദം നൽകിയതോടെ മഹല്ല് കമ്മിറ്റി രൂപംനൽകിയ ആർ.ആർ.ടി അംഗങ്ങളായ ബിച്ചുണ്ണി, സാലി തങ്ങൾ, ഷനവാസ് ഇമ്മാരത്തായിൽ, പി.കെ. സുബൈർ, ഒ.പി. സലീം, കെ.വി. നൗഷാദ്, ജംഷീർ, കെ.വി. ബാസിത്ത് എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെത്തന്നെ ഖബർ ഒരുക്കി നൽകി. താമരശ്ശേരി സ്വദേശി അണ്ടോണ മൻസൂർ ഖബറൊരുക്കാൻ തെൻറ മണ്ണുമാന്തിയന്ത്രവും സൗജന്യമായി വിട്ടുനൽകി. 11.30ഓടെ കോർപറേഷൻ ഹെൽത്ത് ഓഫിസറുടെ നേതൃത്വത്തിൽ ജീവനക്കാർ ആംബുലൻസിൽ മയ്യിത്ത് കൊണ്ടുവന്ന് സുരക്ഷ ചട്ടങ്ങൾ പാലിച്ച് ഖബറടക്കുകയായിരുന്നു. ശംസുദ്ദീെൻറ അടുത്ത ബന്ധുക്കളും കൊടുവള്ളി മഹല്ല് കമ്മിറ്റി ഭാരവാഹികളും അടക്കം ഏതാനും പേർ ദൂരെനിന്ന് അന്ത്യകർമ ചടങ്ങുകൾ വീക്ഷിച്ചു. തുടർന്ന് ജീവനക്കാർ പള്ളി പരിസരം അണുമുക്തമാക്കുകയും ചെയ്തു.
ആഗസ്റ്റ് അഞ്ചിന് വയർ സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റിവായി മരിച്ച കൊടുവള്ളി പെരിയാംതോട് സാബിത്തിെൻറ (27) മൃതദേഹവും ഖബറടക്കിയത് ഈ ഖബർസ്ഥാനിലായിരുന്നു. കൊടുവള്ളി മഹല്ല് കമ്മിറ്റി കാണിച്ച മാതൃകാ തീരുമാനത്തെ ജില്ല ഭരണകൂടം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.