സുപ്രീംകോടതി വിധിയെത്തുടർന്ന് കോലഞ്ചേരി സംഘർഷനിഴലിൽ
text_fieldsകോലഞ്ചേരി: ഓർത്തഡോക്സ് വിഭാഗത്തിനനുകൂലമായ സുപ്രീംകോടതി വിധിയെത്തുടർന്ന് കോലഞ്ചേരി സംഘർഷനിഴലിൽ. വിധി വന്ന സാഹചര്യത്തിൽ ബുധനാഴ്ച കോലഞ്ചേരി ചാപ്പലിലെത്തുന്ന യാക്കോബായ വിഭാഗം കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ പള്ളിയിൽ തങ്ങൾക്കും അവകാശം ആവശ്യപ്പെട്ട് പ്രാർഥനയജ്ഞം ആരംഭിക്കുമെന്ന സൂചനകൾ പുറത്തുവരുന്നതാണ് പ്രശ്നം സങ്കീർണമാക്കുന്നത്. അമേരിക്കൻ പര്യടനം കഴിഞ്ഞ് ഓർത്തഡോക്സ് വിഭാഗം ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസും ബുധനാഴ്ച കോലഞ്ചേരിയിലെത്തുന്നുണ്ട്.
നേരേത്ത, കീഴ്കോടതി വിധികൾ വന്ന സാഹചര്യങ്ങളിലെല്ലാം യാക്കോബായ വിഭാഗം പ്രയോഗിച്ച സമ്മർദതന്ത്രം ഇക്കുറിയും ആവർത്തിച്ചാൽ അത് സർക്കാറിനും പൊലീസിനും തലവേദനയാകും. കൂടാതെ, യാക്കോബായ വിഭാഗത്തിൽപെട്ട പാറേതട്ടിൽ ഇസഹാഖിെൻറ (75) സംസ്കാരം ബുധനാഴ്ച വൈകീട്ട് കോലഞ്ചേരി പള്ളിയിൽ നടക്കുന്നുണ്ട്.
സുപ്രീംകോടതി വിധിയുടെ സാഹചര്യത്തിൽ പള്ളിക്കകത്ത് യാക്കോബായ വൈദികർക്ക് സംസ്കാര ശുശ്രൂഷകൾക്ക് ഓർത്തഡോക്സ് പക്ഷം അനുമതി നൽകാൻ സാധ്യതയില്ല. ഇതിന് യാക്കോബായ പക്ഷം കടുത്ത നിലപാട് സ്വീകരിച്ചാൽ അതും സംഘർഷത്തിലേക്ക് വഴിെവക്കും. ഇതുസംബന്ധിച്ച് ജില്ല ഭരണകൂടം രാവിലെ ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തുമെന്നാണ് വിവരം. ചർച്ചയിൽ തീരുമാനമാകാത്തപക്ഷം നിരോധനാജ്ഞക്കും സാധ്യതയുണ്ട്.
അതേസമയം, കോടതിവിധി നടപ്പാക്കാൻ പൂർണസംരക്ഷണം നൽകണമെന്നാണ് പൊലീസിന് ലഭിച്ച നിർദേശം. കോടതിവിധി എതിരായ സാഹചര്യത്തിൽ സർക്കാറിൽനിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിൽ യാക്കോബായ പ്രതിനിധിസംഘം മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ, കോടതിവിധിയോടെ പള്ളിയുടെ നിയന്ത്രണം ലഭിച്ച ഓർത്തഡോക്സ് വിഭാഗം ചൊവ്വാഴ്ച പള്ളിയിൽ ആരാധന നടത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് ഡിവൈ.എസ്.പി കെ. ബിജുമോെൻറ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.