പതിറ്റാണ്ടുകൾ നീണ്ട നിയമയുദ്ധം; വർഷങ്ങൾ അടഞ്ഞുകിടന്നു
text_fieldsകോലഞ്ചേരി: പതിറ്റാണ്ടുകൾ നീണ്ട നിയമയുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും അടച്ചുപൂട്ടലുകൾക്കും ഒടുവിലാണ് കോലഞ്ചേരി പള്ളിക്കേസിൽ ഓർത്തഡോക്സ് സഭക്ക് അനുകൂലമായ സുപ്രീംകോടതി വിധി. സംസ്ഥാന ഭരണത്തിനുപോലും തലവേദന സൃഷ്ടിക്കുന്ന തരത്തിൽ മലങ്കര സഭാ തർക്കം മാറിയത് കോലഞ്ചേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് പള്ളി കേന്ദ്രീകരിച്ചാണ്. ജില്ല കോടതിക്കും ഹൈകോടതിക്കും മുന്നിൽ കീറാമുട്ടിയായ പള്ളിത്തർക്കത്തിൽ അനുരഞ്ജന നീക്കങ്ങളൊന്നും ഫലം കാണാതെ പോവുകയായിരുന്നു. നീണ്ട നിയമയുദ്ധങ്ങൾക്കായി പൊടിച്ചത് കോടികളാണ്. ഒപ്പം സംഘർഷങ്ങളിലും കേസുകളിലും കുരുങ്ങി നൂറു കണക്കിന് ജീവിതങ്ങൾ വഴിയാധാരമായി.
സഭാ തർക്കം ആരംഭിച്ച 1912ൽ തന്നെ കോലഞ്ചേരി പള്ളിയിലും ഭിന്നത ഉടലെടുത്തിരുന്നു. കോലഞ്ചേരിക്കാരനായ മുറിമറ്റത്തിൽ ബാവയെ കാതോലിക്കയാക്കി മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിച്ചതാണ് കാരണം. ഇതോടെ അേന്ത്യാഖ്യാ പാത്രിയാർക്കീസിന് വിരുദ്ധമായി നിൽക്കുന്നവരെ പള്ളിയിൽ പ്രവേശിപ്പിക്കില്ലെന്ന് 1913ൽ ഉടമ്പടിയുണ്ടാക്കിയ പള്ളിക്കാർ അദ്ദേഹം മരിക്കുന്നതുവരെ പള്ളിയിൽ കയറ്റിയുമില്ല. മലങ്കരയിൽ സഭാ സമാധാനം നിലനിന്ന 1964-72 കാലമൊഴികെ കോലഞ്ചേരിയിലും സംഘർഷം പതിവായി.
മലങ്കരയിലെ പള്ളികൾ 1934 ഭരണഘടന പ്രകാരം ഭരിക്കണമെന്ന ഓർത്തഡോക്സ് സഭക്ക് അനുകൂലമായ 1995ലെ സുപ്രീംകോടതി വിധി വന്നയുടനേ കോലഞ്ചേരി പള്ളിയിലെ വൈദികനായിരുന്ന യാക്കോബായ വിഭാഗത്തിലെ ഫാ: സഖറിയ ഇച്ചിക്കോട്ടിലിനെ സ്ഥലം മാറ്റിയതാണ് സംഘർഷത്തിനും നീണ്ട നിയമയുദ്ധങ്ങൾക്കും വഴിെവച്ചത്. തുടർന്ന് യാക്കോബായ വിഭാഗത്തിലെ പള്ളി കൈക്കാരായ കെ.എസ്. വർഗീസ്, ചെറിയപേത്രാസ് എന്നിവർ 1913 ലെ ഉടമ്പടി പ്രകാരം പള്ളിയുടെ നിയന്ത്രണം തങ്ങൾക്ക് നൽകണമെന്നാവശ്യപ്പെട്ട് നിയമനടപടി ആരംഭിക്കുകയായിരുന്നു. ഇതിെൻറ തുടർച്ചയായാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധി.
സംഘർഷത്തെ തുടർന്ന് 1940 ൽ 89 ദിവസം അടച്ചുപൂട്ടിയ പള്ളി 1998 ഏപ്രിൽ 18 മുതൽ 2005 ജൂലൈ വരെയും പൂട്ടിക്കിടന്നു. 2005 ജൂലൈയിൽ പെരുന്നാളിെൻറ ഭാഗമായി തുറന്ന പള്ളി സംഘർഷത്തെ തുടർന്ന് വീണ്ടും അടച്ചു. 2010ൽ ഹൈകോടതി വിധിയെ തുടർന്ന് ഇരുകൂട്ടർക്കും ആരാധനക്കായി തുറന്നു. ഓർത്തഡോക്സ് സഭക്ക് അനുകൂലമായ ഹൈകോടതി വിധിയെ തുടർന്ന് 2011ൽ വീണ്ടും സംഘർഷമുണ്ടായി. കോടതി വിധി നടപ്പാക്കണമെന്ന ആവശ്യവുമായി ഓർത്തഡോക്സ് വിഭാഗം കാതോലിക്കയും ആരാധന സ്വാതന്ത്ര്യം ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം കാതോലിക്കയും പള്ളിക്ക് മുന്നിൽ നിരാഹാരം ആരംഭിച്ചു. ഇതോടെ സർക്കാർ ഇടപെട്ട് പള്ളി വീണ്ടും പൂട്ടി. യാക്കോബായ വിഭാഗം നൽകിയ പ്രത്യേകാനുവാദ ഹരജിയിൽ 2016 ഏപ്രിലിൽ സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ രണ്ടു കൂട്ടർക്കും ആരാധന സ്വാതന്ത്ര്യം അനുവദിച്ചു. ഈ കേസിെൻറ വാദം പൂർത്തിയാക്കിയാണ് ജസ്റ്റിസുമാരായ അരുൺമിശ്ര, അമിതാഭ്റോയി എന്നിവർ തിങ്കളാഴ്ച രാവിലെ വിധി പറഞ്ഞത്. പള്ളിക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം തേടിയുള്ള ഹരജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.