കൊല്ലത്തും അപകടം അരികെ !
text_fieldsകൊല്ലം: താനൂരിലെ ദാരുണമായ ജലദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജലഗതാഗത സുരക്ഷയെക്കുറിച്ച് ചർച്ചകൾ ഉയരുമ്പോൾ, കൊല്ലത്തെ ജലവിനോദമേഖലക്കുമേൽ കരിനിഴൽ കൂടുതൽ വ്യാപിക്കുകയാണ്. ‘കൊല്ലത്തുമുണ്ടാകും ഇത്തരത്തിലൊരു ദുരന്തം, ഇന്നല്ലെങ്കിൽ നാളെ’ എന്നാണ് അഷ്ടമുടിയെ തൊട്ടറിഞ്ഞ് ബോട്ടിങ് മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന വ്യക്തികൾ മുന്നറിയിപ്പ് നൽകുന്നത്.
അഷ്ടമുടിക്കായലും മൺറോതുരുത്തും സാമ്പ്രാണിക്കോടിയുമെല്ലാം തിലകക്കുറിയായ കൊല്ലത്തിന്റെ വിനോദസഞ്ചാരമേഖലയുടെ ശാപമായി അനധികൃത ജലയാനങ്ങൾ നിർബാധം ആളുകളെ കുത്തിനിറച്ച് പോകുന്ന കാഴ്ചയാണ് കായലോളങ്ങളിലുള്ളത്. താനൂർ ദുരന്തത്തിന്റെ ആഘാതം മാറാതെ വിറങ്ങലിച്ച് നിന്ന തിങ്കളാഴ്ചയും അഷ്ടമുടിയിലൂടെ അനധികൃത സർവിസുകൾ നടത്തിയെന്ന പരാതി കലക്ടർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞകാലങ്ങളിലെപോലെ ഇത്തവണയും ആദ്യത്തെ ഒരു ബഹളത്തിനുശേഷം അധികൃതർ കണ്ണടച്ചാൽ വൻ ദുരന്തമാകും കൊല്ലത്തെ കാത്തിരിക്കുന്നതെന്നാണ് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്.
കൊല്ലം ജില്ലയിൽ പോർട്ട് ഓഫിസിൽ എല്ലാ നടപടിക്രമങ്ങളും പാലിച്ച് രജിസ്ട്രേഷൻ നേടിയത് ഹൗസ്ബോട്ടുകളും ശിക്കാരകളും ഉൾപ്പെടുന്ന 184 ജലയാനങ്ങളാണ്. എന്നാൽ, അനധികൃതമായി നിരവധി യാനങ്ങൾ ജില്ലയിൽ സർവിസ് നടത്തുന്നുണ്ട്. സാമ്പ്രാണിക്കോടി മേഖലക്ക് സമീപംതന്നെ 20ഓളം അനധികൃത ബോട്ടുകൾ വിനോദസഞ്ചാരികളെ ‘റാഞ്ചാൻ’ കാത്തുനിൽക്കുന്ന കാഴ്ചയും പതിവാണ്.
കഴിഞ്ഞ ഡിസംബറിൽ പോർട്ട് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രജിസ്ട്രേഷനും ലൈസൻസും ആവശ്യമായ സജ്ജീകരണങ്ങളും ഇല്ലാത്തതിന് മൂന്നരലക്ഷം രൂപയാണ് ഒരൊറ്റ ദിവസം പിഴയിട്ടത്. എന്നാൽ, അതിനെതിരെ മുഖ്യമന്ത്രിക്കുവരെ പരാതി നൽകി പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണുണ്ടായത്. ജില്ലയിലെ ഏറ്റവും പ്രശസ്തമായ മൺറോതുരുത്തിലും കൊല്ലത്ത് അധികാരികളുടെ തൊട്ടുമുന്നിലുള്ള അഷ്ടമുടിക്കായലോരങ്ങളിലും അനധികൃത യാനങ്ങൾ തകൃതിയായി ഓടുന്നുണ്ട്.
സാമ്പ്രാണിക്കോടിയിൽ
വിലക്കിയപ്പോൾ ‘മേരിലാൻഡ്’
സുരക്ഷ പ്രശ്നങ്ങൾ ഉയർന്നതിനെതുടർന്ന് പൂട്ടിയിടുകയും പിന്നീട് കർശന നിയന്ത്രണങ്ങളോടെ തുറക്കുകയുംചെയ്ത സാമ്പ്രാണിക്കോടിയിൽ ജില്ല ഭരണകൂടം കത്രികപ്പൂട്ടിട്ടതോടെ പുതിയ തുരുത്തുകൾ കണ്ടെത്തി അനധികൃത ബോട്ട് സർവിസുകാർ ‘ഉല്ലാസയാത്ര’ തുടരുകയാണ്. നീണ്ടകര പാലത്തിന് സമീപം അഴിമുഖത്തോടടുത്ത് അപകടം പിടിച്ച ചെറിയ തുരുത്തിനാണ് മേരിലാൻഡ് എന്ന് പേരുമിട്ട് യാത്രക്കാരെ എത്തിക്കുന്നത്.
ഡി.ടി.പി.സിയിൽ രേഖകളെല്ലാം സമർപ്പിച്ച് രജിസ്റ്റർ ചെയ്ത ബോട്ടുകൾക്ക് മാത്രമാണ് സാമ്പ്രാണിക്കോടി തുരുത്തിൽ ആളെ എത്തിക്കാനും ഇറക്കാനും അനുമതിയുള്ളത്. ഇത്തരത്തിൽ 32 യാനങ്ങളാണ് നിലവിൽ സാമ്പ്രാണിക്കോടിയിലേക്ക് സർവിസ് നടത്തുന്നത്. അനധികൃത യാനക്കാർക്ക് ഇവിടെ അടുക്കാൻ കഴിയില്ല. ഇതോടെയാണ് ബദലായി ഇവർ മേരിലാൻഡിനെ ‘അവതരിപ്പിച്ചത്’. വിനോദസഞ്ചാരത്തിന് യാതൊരുവിധത്തിലും യോഗ്യമല്ലാത്ത ഇടമാണിത്.
സാമ്പ്രാണിക്കോടിയെക്കുറിച്ചോ ഇവിടത്തെ തുരുത്തുകളെക്കുറിച്ചോ ധാരണയില്ലാത്ത പുറത്തുനിന്നുള്ള വിനോദസഞ്ചാരികളെ അക്ഷരാർഥത്തിൽ പറഞ്ഞുപറ്റിച്ചാണ് ഇവിടെയെത്തിക്കുന്നത്. സാമ്പ്രാണിക്കോടിയിൽ എത്തിക്കാമെന്ന് പറഞ്ഞാണ് കൊണ്ടുപോകുന്നത്. എന്നാൽ, മേരിലാൻഡ് എന്നത് സാമ്പ്രാണിക്കോടിയിൽനിന്ന് മുക്കാൽ മണിക്കൂർ ദൂരത്താണ്. കടലിനോട് ചേർന്ന് കിടക്കുന്ന, എപ്പോൾ വേണമെങ്കിലും വേലിയിറക്കവും കയറ്റവും ഉണ്ടാകുന്ന, അടിയൊഴുക്കുള്ള സ്ഥലത്താണ് മാനദണ്ഡം പാലിക്കാതെ ആളുകളെ എത്തിക്കുന്നത്. ഡി.ടി.പി.സി കേന്ദ്രത്തിന് സമീപത്തുനിന്നാണ് പത്തോളം ബോട്ടുകൾ ഇത്തരം ആളുകളെ കൊണ്ടുപോകുന്നത്. ഇത് ചൂണ്ടിക്കാണിച്ചിട്ട് പോലും നടപടിയുണ്ടാകുന്നില്ല എന്നാണ് ആക്ഷേപമുയരുന്നത്. ആളുകളിൽനിന്ന് എത്ര പണം വാങ്ങുന്നു, എത്ര പേരെ കൊണ്ടുപോകുന്നു, എപ്പോൾ തിരികെ എത്തിക്കുന്നു എന്നതിനൊന്നും കണക്കില്ല. പൊലീസിനെപോലും വെല്ലുവിളിച്ചാണ് ഇത്തരക്കാർ പ്രവർത്തിക്കുന്നത്. മണലി ക്ഷേത്രത്തിന് സമീപത്തുനിന്ന് പത്തോളം ബോട്ടുകൾ സർവിസ് നടത്തുന്നുണ്ട്. തിങ്കളാഴ്ചപോലും പരിശോധനക്കെത്തിയ പൊലീസിനെ വെല്ലുവിളിക്കുന്ന സമീപനമാണ് അനധികൃത ബോട്ടുകാർ നടത്തിയത്. രേഖാമൂലം പരാതികൾ പോയിട്ടുപോലും ഇതുവരെ നടപടിയുണ്ടായിട്ടില്ല എന്നതിൽ വലിയ പ്രതിഷേധമാണുള്ളത്.
രജിസ്ട്രേഷനും ലൈസൻസും വേണം
ജലയാനങ്ങൾക്ക് രജിസ്ട്രേഷനും ഓടിക്കുന്നയാൾക്ക് ലൈസൻസും ഉണ്ടെങ്കിൽ മാത്രമേ പ്രവർത്തിപ്പിക്കാവൂ എന്നാണ് ചട്ടം. എന്നാൽ, പോർട്ട് ഓഫിസിനെ അറിയിക്കാതെ നിർമിക്കുകയും ഇതിനാൽ രജിസ്ട്രേഷൻ കിട്ടാതെ വരുകയും ചെയ്ത ബോട്ടുകളും ലൈസൻസ് ടെസ്റ്റിൽ പരാജയപ്പെട്ട ഡ്രൈവർമാരുമാണ് അനധികൃത ബോട്ടുകളായി ജലത്തിൽ ഇറക്കുന്നത്. രജിസ്ട്രേഷനുള്ള ബോട്ടുകൾക്കുപോലും എല്ലാവർഷവും സ്റ്റെബിലിറ്റി പരിശോധനക്ക് സർവേ നടത്തണം. എന്നാൽ, ഇതൊന്നും ബാധകമാകാതെയാണ് ഒരുകൂട്ടർ ജില്ലയിലെ കായലുകളിൽ വിഹരിക്കുന്നത്.
മാർച്ചിൽ ദുരന്തം ഒഴിഞ്ഞുപോയി
ശിക്കാര വള്ളം മുങ്ങിയ അപകടത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ട അപകടം കൊല്ലത്ത് ഉണ്ടായിട്ട് രണ്ടു മാസം പിന്നിടുന്നതേയുള്ളൂ. അഷ്ടമുടി കായലിൽ പെരിങ്ങാലത്തിനു സമീപമാണ് വിനോദസഞ്ചാരികൾ സഞ്ചരിച്ച ശിക്കാര വള്ളം മുങ്ങിയത്. സംസ്ഥാന ജലഗതാഗത വകുപ്പ് ബോട്ടിലെ ജീവനക്കാർ കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിനാലാണ് അന്ന് രണ്ടു സ്ത്രീകളും ഒരു പുരുഷനും മൂന്ന് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെ എട്ടുപേർ രക്ഷപ്പെട്ടത്.
പരിശോധനകൾ വേണം ഫലപ്രദമായി
വകുപ്പുകൾ തമ്മിൽ മത്സരിക്കുകയും പരസ്പരം വെച്ചൊഴിയുകയും ചെയ്ത് അനധികൃത ബോട്ട് സർവിസുകാർക്ക് വളമിട്ടുകൊടുക്കുന്നെന്ന ആക്ഷേപവുമുണ്ട്. യാനങ്ങൾ പരിശോധിക്കേണ്ടത് പോർട്ട് ഓഫിസെന്ന് പറഞ്ഞാണ് പൊലീസ് കൈകഴുകുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലെന്നാകും പോർട്ട് ഓഫിസിൽനിന്നുള്ള മറുപടി. ബോട്ടുകൾ രജിസ്ട്രേഷൻ നടത്തേണ്ടത് പോർട്ട് ഓഫിസിലൂടെയാണ്. യാനം നിർമാണത്തിന്റെ ആദ്യഘട്ടം മുതൽ ഇതിന് നടപടി തുടങ്ങണം. പ്ലാൻ ഉൾപ്പെടെ ഹാജരാക്കി, സർവേയർ വിവിധ ഘട്ടങ്ങളിൽ പരിശോധിച്ച് ക്ഷമത ഉറപ്പാക്കിയാണ് ഏറ്റവും ഒടുവിൽ നിർമാണം പൂർത്തിയാക്കി എല്ലാ സജ്ജീകരണങ്ങളുമായി വരുന്ന യാനത്തിന് രജിസ്ട്രേഷന് സർട്ടിഫിക്കറ്റ് നൽകുന്നത്. സ്റ്റെബിലിറ്റി പരിശോധന തുടർന്നുള്ള വർഷങ്ങളിലും ആവർത്തിച്ചുകൊണ്ടിരിക്കണം. സർവേയർക്ക് മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കാണ് യാനങ്ങളിൽ ഏതൊരു പരിശോധനയും നടത്താൻ അധികാരം. പരാതിയുടെ അടിസ്ഥാനത്തിൽ പോർട്ട് ഓഫിസ് യാനങ്ങളുടെ റെയിഡിന് പോയാലും സർവേയർ സംഘത്തിൽ ഉണ്ടാകണം. സർവേയർക്ക് മാത്രമാണ് പിഴയിടാൻ അധികാരം. എന്നാൽ, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകൾക്കായി ആകെ ഒരു സർവേയറാണുള്ളത്. യാനങ്ങളുടെ നിർമാണകാല പരിശോധന, വർഷംതോറുമുള്ള പരിശോധന എന്നിങ്ങനെ ജോലി പിടിപ്പതുള്ള സർവേയറെയും കൂട്ടി ആഴ്ചതോറും പോയിട്ട് പല മാസങ്ങൾകൂടുമ്പോൾപോലും റെയ്ഡ് നടത്താൻ കഴിയാത്ത പ്രതിസന്ധിയാണ്.
തിങ്കളാഴ്ച സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം അഞ്ചാലുംമൂട് പൊലീസ് പോർട്ട് ഓഫിസ് ഉദ്യോഗസ്ഥരുമായി സാമ്പ്രാണിക്കോടി മേഖലയിൽ പരിശോധനക്കിറങ്ങിയതുപോലും സർവേയർ ഇല്ലാതെയാണ്. ആലപ്പുഴയിലെ പരിശോധന തിരക്കിലാണ് സർവേയർ. ഈ സ്ഥിതിയിൽ കൊല്ലത്ത് ഫലപ്രദമായി പരിശോധന നടത്താൻ കഴിയാത്ത സ്ഥിതിയാണ്.
ഒരു യാനം പരിശോധന നടത്തുമ്പോൾതന്നെ മറ്റെല്ലാ അനധികൃത യാനങ്ങളും കായൽപരപ്പിൽനിന്ന് അപ്രത്യക്ഷമാകുന്ന ‘പ്രതിഭാസവും’ ഉണ്ട്. വിവരം കാട്ടുതീപോലെ പരന്ന് ഇത്തരം യാനങ്ങൾ ഒളിപ്പിക്കുകയാണ് ചെയ്യുന്നത്. തിങ്കളാഴ്ചയും പൊലീസ് പരിശോധക്കിടയിൽ ഇതാണ് സംഭവിച്ചത്. ഇതോടെ അനധികൃത യാനങ്ങളെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഫലപ്രദമായി പരിശോധനകൾ ഉണ്ടായില്ലെങ്കിൽ വലിയ ദുരന്തം കൊല്ലത്ത് സംഭവിക്കും എന്ന മുന്നറിയിപ്പ് ഉയരവെ, ബന്ധപ്പെട്ട അധികൃതർ ഉണരണമെന്നാണ് ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.