'എന്തൊരു സ്ത്രീയാണല്ലേ ഇവർ'; അമ്മ കുഞ്ഞിനെ കൊന്നു എന്നുപറഞ്ഞ് കുറ്റപ്പെടുത്തുന്നവരറിയാൻ -വൈറലായി യുവതിയുടെ കുറിപ്പ്
text_fieldsഅടുത്തിടെയാണ് കൊല്ലം കുണ്ടറയിൽ പെൺകുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ചു കൊന്നെന്ന വാർത്ത പുറത്തുവന്നത്. മൂന്നര മാസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്. മാതാവ് മാനസിക രോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിരുന്നു. വാർത്ത വന്നതിന് പിന്നാലെ അമ്മയെ കുറ്റപ്പെടുത്തിയും അധിേക്ഷപിച്ചും നിരവധിപേരാണ് രംഗത്തുവന്നത്. ഇതേപറ്റി ഷംന ഷെറിൻ എഴുതിയ കുറിപ്പ് വൈറലായി. പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന പ്രസവാനന്തര മാനസിക പ്രശ്നത്തെപറ്റി അറിയാത്തവരാണ് പാവം അമ്മയെ ക്രൂശിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ് ഷംന പറയുന്നത്.
ധാരാളം സ്ത്രീകൾക്കുണ്ടാകുന്ന ഈ പ്രശ്നത്തെ സ്വന്തം അനുഭവത്തിന്‍റെകൂടി വെളിച്ചത്തിൽ എഴുതിയ ഷംനയുടെ കുറിപ്പ് വൈറലായി. ധാരാളംപേർ പോസ്റ്റിനെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്. 'എന്തൊരു സ്ത്രീയാണല്ലേ ഇവർ ഒരമ്മയാണോ. എങ്ങനെ സാധിക്കുന്നു ഇതൊക്കെ. മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ 24 വയസുള്ള അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു എന്ന വാർത്ത വായിക്കുമ്പോൾ പോസ്റ്റ് പാർട്ടം ഡിപ്രഷനെക്കുറിച്ച് അറിവില്ലാത്തവരുടെ ജൽപനമാണെന്ന് ഷംന പറയുന്നു. തുടർന്ന് താൻ അടുത്തകാലത്ത് കടന്നുപോയ അനുഭവവും പങ്കുവയ്ക്കുന്നു. പോസ്റ്റിന്‍റെ പൂർണരൂപം.
'എന്തൊരു സ്ത്രീയാണല്ലേ ഇവർ ഒരമ്മയാണോ. എങ്ങനെ സാധിക്കുന്നു ഇതൊക്കെ' മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ 24 വയസുള്ള അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു എന്ന വാർത്ത വായിക്കുമ്പോൾ പോസ്റ്റ് പാർട്ടം ഡിപ്രഷനെക്കുറിച്ച് അറിവില്ലാത്തവരുടെ ജൽപനമാണ്. ആ കുഞ്ഞിന് എന്റെ മകളുടെ പ്രായം വരും. അമ്മക്ക് എന്റെ പ്രായവും.പോസ്റ്റ് പാർട്ടം ഡിപ്രഷൻ അഥവാ പ്രസവനന്തര വിഷാദ രോഗം ഞാനടക്കം അമ്മയാവുന്ന 90% സ്ത്രീകളും അനുഭവിക്കുന്നുണ്ട്.പലർക്കും ഇത് ഏറിയും കുറഞ്ഞും ഇരിക്കുമെന്ന് മാത്രം. ഗർഭണിയായിരിക്കുമ്പോഴുള്ള ശരീരത്തിലെ ഹോർമോണുകൾ പ്രസവനാന്തരം കുത്തനെ താഴുന്നു. ഈ ഹോർമോൺ വ്യതിയാനമാണ് മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇപ്പോൾ ഈ കുറിപ്പ് എഴുതുമ്പോൾ ഞാൻ പോസ്റ്റ് പാർട്ടം ഡിപ്രഷനുള്ള ചികിത്സയിലാണ്.
മൂന്നു മാസം മുൻപായിരുന്നു ഞാൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ജീവിതത്തിൽ ഏറ്റവും സന്തോഷമുണ്ടാവേണ്ട സമയം. സന്തോഷമുണ്ടാകുമെന്ന് പ്രതീക്ഷിച്ച സമയം. പക്ഷേ മറിച്ചായിരുന്നു കാര്യങ്ങൾ. പ്രസവശേഷം വൈകാരികമായി അങ്ങേയറ്റം അരക്ഷിതാവസ്ഥയാണ് ഞാൻ അനുഭവിച്ചത്. സങ്കടവും , ഭയവും, ആശങ്കയും മാറി മാറി വരികയും എന്റെ നിത്യജീവിതത്തെ അത് അൽപ്പാൽപ്പമായി ബാധിക്കാനും തുടങ്ങി . പരിചരിക്കാനോ ചേർത്ത് പിടിക്കാനോ ഉമ്മ ഇല്ലാത്തത് കൊണ്ട് ഇത് വളരെ തീവ്രമായിരുന്നു. പ്രസവ ശേഷമായിരുന്നു ആ അഭാവത്തിന്റെ വലിപ്പം ജീവിതത്തിൽ ഏറ്റവും കൂടുതൽ ഞാൻ അനുഭവിച്ചത്.
ഇതിനിടയിലായിരുന്നു യൂനിവേഴ്സിറ്റി പരീക്ഷ നോട്ടിഫിക്കേഷൻ വന്നത്. പ്രസവിച്ച് സ്റ്റിച് ഉണങ്ങും മുൻപേ എണീറ്റിരുന്ന് പഠിക്കേണ്ട നിർബന്ധിതവസ്ഥയായിരുന്നു. സാധാരണ ഉറക്കമൊഴിക്കുന്നതിനേക്കാൾ കൂടുതൽ ഉറക്കം അതുകൊണ്ട് നഷ്ടപ്പെട്ടു. പോസ്റ്റ് പാർട്ടം ഡിപ്രഷന്റെ ബുദ്ധിമുട്ടുകളും കൂടുതലായി. എങ്കിലും എന്റെ കുഞ്ഞിന് ഉമ്മയുടെ അഭാവം ഉണ്ടാവരുത് എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിന്റ അരക്ഷിതാവസ്ഥ എന്താണെന്ന് എനിക്ക് നന്നായി അറിയാവുന്നത് കൊണ്ട് പ്രസവിച്ചു റെസ്റ്റ് കഴിയുന്നതിനു മുൻപ് ഞാൻ തന്നെ കുഞ്ഞിനെ കുളിപ്പിക്കുകയും കുഞ്ഞിന്റെ കാര്യങ്ങൾ ഒറ്റക്ക് ചെയ്യുകയും ചെയ്തു. വല്ലാത്ത ധൈര്യം തോന്നിയ സമയമായിരുന്നു അത്.
നവജാത ശിശുക്കൾക്ക് ഉമ്മ വീട്ടിൽ നിന്ന് ആവശ്യത്തിലുമധികം പരിചരണവും ശ്രദ്ധയും ലഭിക്കുമ്പോൾ ഞാൻ തന്നെ എന്റെ കുഞ്ഞിന് ഉമ്മയും ഉമ്മാമയുമായി. ഈ അമിത ആത്മവിശ്വാസം കാരണം ഞാൻ പോസ്റ്റ് പാർട്ടം ഡിപ്രഷനെ പാടെ അവഗണിച്ചു കളഞ്ഞു. പക്ഷേ അത് ദിവസങ്ങൾക്കൊപ്പം വളർന്നു വരുന്നുണ്ടായിരുന്നു. എനിക്ക് ഉറക്കം കുറഞ്ഞു. ഭയവും വിഷാദവും കൂടുതലായി. ഓർമ്മക്കുറവും ശ്രദ്ധക്കുറവും വരാൻ തുടങ്ങി. പഠിക്കുന്ന കാര്യങ്ങൾ ഒരുപാട് കാലം ഓർമയിൽ സൂക്ഷിക്കാൻ കഴിവുള്ള ഞാൻ പെട്ടെന്ന് തന്നെ പഠിച്ചതൊക്കെ മറക്കാൻ തുടങ്ങി. പരീക്ഷയും കരിയറും നഷ്ടപ്പെടുമോ എന്നുള്ള ഭയം എന്നെ തളർത്തി. കുഞ്ഞിനെ കാണുമ്പോഴേ സങ്കടം വരാൻ തുടങ്ങി. എന്റെ നിത്യ ജീവിതത്തെ അത് ബാധിക്കുവാൻ തുടങ്ങി.
എന്റെ സുഹൃദ് വലയത്തിൽ അമ്മയായ പല സ്ത്രീകളോടും ഞാൻ സംസാരിച്ചു. ഭൂരിഭാഗം പേർക്കും സമാന അനുഭവങ്ങൾ ഉണ്ടെന്ന് മനസിലായി. ഉമ്മമാരുടെ പരിചരണമാണ് പലരെയും സാധാരണ ഗതിയിലേക്ക് തിരിച്ചു കൊണ്ടു വന്നത് എന്ന് പറയാനും അവർ മറന്നില്ല. അതെന്നെ കൂടുതൽ നിരാശയിലാഴ്ത്തി. നന്നായി പാൽ ഉണ്ടായിരുന്ന എനിക്ക് ദിവസം ചെല്ലുന്തോറും മുലപ്പാലിന്റെ അളവ് കുറയാൻ തുടങ്ങി. പലപ്പോഴും കുഞ്ഞിന് കൊടുക്കാൻ പാലില്ലാത്ത അവസ്ഥ വന്നു. സ്വന്തം വീട്ടിലെ ഉമ്മയുടെ അഭാവവും ഒറ്റപ്പെടലും അതിന് ആക്കം കൂട്ടി.കാര്യങ്ങൾ അങ്ങേയറ്റം വഷളായപ്പോഴാണ് ചികിത്സ തേടണം എന്ന് ഞാൻ തീരുമാനിച്ചത്.
സ്ത്രീകൾ ഇതൊക്കെ സഹിക്കണം എന്നും ചികിത്സ തേടരുതെന്നും ഇത് സഹിക്കുന്നത് സ്ത്രീകളുടെ ധാർമിക ഉത്തരവാദിത്തമാണെന്നും പലരും പറഞ്ഞു. ഇതേ കാരണം കൊണ്ടാണ് പല സ്ത്രീകളും ഇത് പുറത്തു പറയാതിരിക്കുന്നതെന്ന് ഞാൻ മനസിലാക്കി.സ്ത്രീകൾ സ്വയമേ തന്നെ മറ്റുള്ളവർ എന്തു കരുതും എന്നാലോചിച്ചു ഇത് പുറത്തു പറയാൻ ധൈര്യപ്പെടാത്തത്തിന്റെ കാരണം ഇതാണ്. ഈ ഉപദേശം ഉമ്മയായ സ്ത്രീകളെ മാത്രമല്ല. കുഞ്ഞുങ്ങളെ കൂടി ബാധിക്കുന്നുണ്ട്. കുഞ്ഞിനോട് ആവേശത്തോടെ സംസാരിക്കുകയും പാട്ടു പാടുകയുമൊക്കെ ചെയ്തിരുന്ന എനിക്കു ഡിപ്രഷനാവുന്ന സമയത്ത് കുഞ്ഞിന്റെ മുഖത്തു നോക്കാനുള്ള ധൈര്യം പോലുമില്ലായിരുന്നു. ആ സമയങ്ങളിൽ കുഞ്ഞിന്റെ മുഖത്തു സങ്കടവും അരക്ഷിതാവസ്ഥയും തെളിഞ്ഞു കാണാമായിരുന്നു. കുഞ്ഞിനെ ഓർത്തെങ്കിലും എന്റെ അമിത ആത്മ വിശ്വാസം കളഞ്ഞു ചികിത്സ തേടുമെന്ന് ഞാനുറപ്പിച്ചു. കുഞ്ഞിന് മൂന്നു മാസം തികയും മുമ്പ് എറണാകുളത്ത് വന്നു ഒറ്റക്ക് താമസിക്കാൻ തുടങ്ങി. മറ്റുള്ളവരുടെ മുൻവിധികളെ അവഗണിച്ചു ഡോക്ടറെ കണ്ടു. ഇപ്പോൾ ചികിത്സയിലാണ്. അതിനിടക്കാണ് ഈ വാർത്ത കാണുന്നത്.
ജീവിതത്തിൽ ഇത്രയും തീവ്രമായ ഒരു പ്രയാസം മുൻപ് ഞാൻ അനുഭവിച്ചിട്ടില്ല. അതൊരിക്കലും ഇങ്ങനെ എഴുതി ഫലിപ്പിക്കാൻ കഴിയില്ല. അനുഭവസ്ഥരല്ലാത്തവർക്ക് അത് പൂർണ അർത്ഥത്തിൽ മനസിലാക്കാനും കഴിയില്ല. ഇതൊന്നും എഴുതണമെന്നോ ആരോടെങ്കിലും പറയണമെന്നോ ഒരിക്കൽ പോലും അത് വരെ എനിക്ക് തോന്നിയിട്ടില്ലായിരുന്നു. പക്ഷേ ഇപ്പോൾ തോന്നുന്നത് പൊതു സമൂഹത്തിന് ഇപ്പോഴും ധാരണയില്ലാത്ത ഈ കാര്യങ്ങൾ തുറന്നു പറയുന്നത്, അതിനെക്കുറിച്ചെഴുതുന്നത്, സമൂഹത്തിൽ അവബോധമുണ്ടാക്കുന്നത്, കൂടുതൽ മരണങ്ങൾ ഇല്ലാതാക്കുന്നത്, തുറന്നു പറയാൻ എന്റെ സഹോദരിമാർക്ക് ധൈര്യം നൽകുന്നത്, അവരെ പഴിചാരുന്ന കുടുംബത്തിലെ മറ്റു സ്ത്രീകളും പുരുഷന്മാരും അടക്കമുള്ളവർക്ക് കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുക്കുന്നത് എന്റെ സാമൂഹിക ഉത്തരവാദിത്തമാണെന്നാണ്. സ്ത്രീകൾക്ക് പ്രസവ ശേഷം ശാരീരിക പരിചരണം ഉറപ്പു വരുത്തുന്നവർ മാനസികാരോഗ്യത്തിന് ഒട്ടും പ്രാധാന്യം കൊടുക്കാത്ത അവസ്ഥയുണ്ടാകുമ്പോൾ മനോഹരമായ മാതൃത്വവും അതിമനോഹരമായ ശൈശവവും കൂടിയാണ് ഇല്ലാതാവുന്നത്.ഇത് വായിക്കുന്നവരിൽ പോസ്റ്റ് പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ തുറന്നു പറയുക. നിങ്ങൾക്ക് വേണ്ടത് പരലോകത്തെ സ്വർഗം മാത്രമല്ല, ദുനിയാവിലെ സമാധാനം കൂടിയാണെന്ന് തിരിച്ചറിയുക. ഉലകിനോളം വലിയ ഉമ്മയെ ചേർത്തു പിടിക്കാത്തവർ മനുഷ്യരല്ലെന്ന് മനസിലാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.