കൊല്ലം ബൈപാസ് കടക്കാൻ ഇനി ടോൾ കടമ്പ
text_fieldsകൊല്ലം: ബൈപാസ് കടക്കാൻ വൈകാതെ ടോൾകൊടുക്കേണ്ടിവരുമെന്ന് വ്യക്തമായി. ഡിസംബറിലോ ജനുവരിയിലോ ടോൾ പിരിവ് ആരംഭിക്കാനാണ് തീരുമാനമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുണ്ട്. 13 കിലോമീറ്റര്‍ നീളവും കേവലം പത്ത് മീറ്റര്‍ വീതിയുമുള്ള, രണ്ടുവരികള്‍ മാത്രമുള്ള റോഡിനാണ് ടോൾ കൊടുക്കേണ്ടിവരുന്നത്.
അപകടങ്ങൾ നിത്യസംഭവമായ കൊല്ലം ബൈപാസ് അക്ഷരാർഥത്തിൽ കൊല്ലും ബൈപാസാണ്. മേവറം കാവനാട് ആല്‍ത്തറമൂട് വരെയുള്ള 13.5 കി.മീറ്റർ റോഡില്‍ അപകടങ്ങളില്ലാത്ത ദിവസങ്ങളില്ല. അമിതവേഗവും നിയന്ത്രിക്കാനാളില്ലാത്തതും അശാസ്ത്രീയമായ പോക്കറ്റ് റോഡുകളുമാണ് അപകടത്തിന് പ്രധാനകാരണം. മുപ്പതിലേറെ ജീവനുകൾ ഇതിനിടെ പൊലിഞ്ഞു. കഴിഞ്ഞവര്‍ഷം ജനുവരി 15നായിരുന്നു പ്രധാനമന്ത്രി കൊല്ലം ബൈപാസ് നാടിന് സമര്‍പ്പിച്ചത്. 52 പോക്കറ്റ് റോഡുകളും റോഡിനെക്കുറിച്ച് ധാരണയില്ലാതെ ബൈപാസില്‍ വരുന്നവരുമാണ് പ്രധാനമായും അപകടത്തിൽപെടുന്നത്.
അഞ്ച് സിഗ്നലുകളുണ്ട് ഈ ദൂരത്തിനിടെ. അമിതവേഗം രേഖപ്പെടുത്താന്‍ കാമറകളില്ലാത്തതിനാല്‍ പലവാഹനങ്ങളും റെഡ്സിഗ്നല്‍ അവസാനിക്കുംമുമ്പേ മുന്നോട്ടെടുത്ത് പായുന്നത് പലപ്പോഴും അപകടത്തില്‍ കലാശിക്കുന്നുണ്ട്. കടവൂരിനും നീരാവിലിനും മധ്യേയാണ് അപകടങ്ങളേറെയും നടന്നത്. മഴപെയ്താല്‍ ബൈപാസില്‍ ബ്രേക്കിങ് സാധ്യമല്ലെന്ന് ഡ്രൈവർമാർ സാക്ഷ്യപ്പെടുത്തുന്നു. ഇക്കാര്യം പൊലീസും നിർമാണ കമ്പനിയെ അറിയിച്ചിട്ടുണ്ട്. റോഡ് നിര്‍മാണത്തിലെ അപാകതയാണിതിന് കാരമെന്ന് നേരേത്തതന്നെ പരാതിയുയർന്നിരുന്നു.
ടോൾപിരിവിന് കാത്തിരിക്കുന്ന ബൈപാസിലെ 13.5 കി.മീറ്റര്‍ അക്ഷരാർഥത്തിൽ അപകടപ്പാതയായി ശേഷിക്കുകയാണ്. 68 ശതമാനവും ചെറുവാഹനങ്ങളാണ് ഈ ബൈപാസിനെ ആശ്രയിക്കുന്നത്. 352കോടിയാണ് ബൈപാസിെൻറ നിർമാണ ചെലവ്. ഇതിെൻറ പകുതി കേന്ദ്രം വഹിക്കും. 11 കോടിയെങ്കിലും പ്രതിവർഷം പിരിക്കാനാണ് ശ്രമം.
ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, ദേശീയപാത വികസന മന്ത്രാലയം സെക്രട്ടറി, സംസ്ഥാന മന്ത്രി ജി. സുധാകരന്‍ എന്നിവര്‍ക്ക് ഇ-മെയില്‍ നിവേദനം നല്‍കി.
ജനങ്ങളുടെ നികുതിപ്പണംകൊണ്ട് പണി പൂർത്തീകരിച്ച കൊല്ലം ബൈപാസിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള തീരുമാനം ജനങ്ങളുടെമേൽ അമിതഭാരം അടിച്ചേൽപിക്കുന്നതാണെന്നും കേന്ദ്രവും സംസ്ഥാന സർക്കാറും ചേർന്നുള്ള ഒത്തുകളിയാണെന്നും ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ പറഞ്ഞു. തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ കേന്ദ്ര ഗതാഗതമന്ത്രിക്ക് കത്തയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.