കുട്ടിയെ തട്ടിക്കൊണ്ടുപോകല്: രേഖാചിത്രത്തിലെ ഒരു യുവതി നഴ്സിങ് കെയർ ടേക്കർ...? റിക്രൂട്ട്മെന്റ് തട്ടിപ്പിനിരയെന്ന് സംശയം
text_fieldsകൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പുറത്തുവിട്ട പ്രതികളുടെ രേഖാചിത്രത്തിലെ ഒരു യുവതി നഴ്സിങ് കെയർ ടേക്കർ ആണെന്ന് പൊലീസിന് സംശയം. ഇവർ റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു.
കുട്ടിയുടെ സഹായത്തോടെയാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. മൂന്ന് പേരുടെ രേഖാചിത്രങ്ങൾ ഇന്നലെ പുറത്തുവിട്ടിരുന്നു. കുട്ടിയെ പരിചരിച്ച സ്ത്രീയുടെയും കാറിന്റെ ഡ്രൈവറുടെയും കുട്ടിയെ ആശ്രാമം മൈതാനിയിൽ ഉപേക്ഷിച്ച സ്ത്രീയുടെയുമാണ് രേഖാചിത്രം. കൂടെയുണ്ടായിരുന്ന മറ്റുള്ളവരുടെ മുഖം ഓർമയില്ലെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.
യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ പത്തനംതിട്ട ജില്ല നേതാവാണ് കുട്ടിയുടെ പിതാവ്. ഇയാളിൽ നിന്ന് രണ്ടുതവണയായി മണിക്കൂറുകളോളം മൊഴിയെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകളിലേക്കടക്കം അന്വേഷണം നീളുന്നുണ്ട്. കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഫ്ലാറ്റിൽനിന്ന് ഇദ്ദേഹത്തിന്റെ ഒരു ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ പിതാവിനെ ഇന്നും മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്.
പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സംഘത്തിൽ ഒന്നിലധികം സ്ത്രീകൾ ഉൾപ്പെട്ടിരുന്നെന്നും തട്ടിക്കൊണ്ടുപോയ രാത്രി കൊല്ലം നഗരത്തിൽതന്നെയുള്ള ഇരുനില വീട്ടിലാണ് കുട്ടിയെ താമസിപ്പിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. സമീപം പൊലീസ് സാന്നിധ്യമുള്ളപ്പോഴാണ് ആശ്രാമം മൈതാനിയിൽ സ്ത്രീ കുട്ടിയെ ഉപേക്ഷിച്ച് കടന്നത്. പൊലീസിന്റെ കണ്ണിൽപെടാതെ എങ്ങനെ അത് സാധ്യമായി എന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്.
രണ്ട് പൊലീസ് വാഹനങ്ങൾ ഈസമയം അതുവഴി കടന്നുപോയെന്ന് ദൃക്സാക്ഷികൾ പറയുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച ഘട്ടത്തിൽ സ്ത്രീ പൊലീസിന്റെ കണ്ണിൽപെടാതിരുന്നത് വീഴ്ചയല്ലെന്ന് സമ്മതിച്ചാൽ പോലും ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയാത്തതിലാണ് സംശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.