ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികളെ ചാത്തന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു
text_fieldsചാത്തന്നൂർ: ഓയൂർ ഓട്ടുമലയിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ചാത്തന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ശനിയാഴ്ച രാവിലെയാണ് വൻ പൊലീസ് സന്നാഹത്തോടെ മുഖ്യപ്രതി പത്മകുമാർ (51), ഭാര്യ അനിതാകുമാരി (39), മകൾ അനുപമ (21) എന്നിവരെ മാമ്പള്ളിക്കുന്നത്തെ ഇവരുടെ വീടായ കവിതാരാജിൽ എത്തിച്ചത്.
ആദ്യം പത്മകുമാറിനെ പൊലീസ് വാഹനത്തിൽനിന്ന് ഇറക്കി വീടിന്‍റെ സിറ്റൗട്ടിന് മുന്നിൽ നിർത്തി ചോദ്യങ്ങൾ ചോദിച്ചശേഷമാണ് മുഖം മറച്ചനിലയിൽ പത്മകുമാറിന്‍റെ ഭാര്യയെയും മകളെയും വീടിന് മുന്നിലേക്ക് കൊണ്ടുവന്നത്. മൂവരെയും നിർത്തി വിവരങ്ങൾ ചോദിച്ചശേഷം പുറകിലൂടെ വീടിനുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൂവരെയും വീടിനുള്ളിലേക്ക് കൊണ്ടുപോയശേഷം കുട്ടിയെ ഇരുത്തിയിരുന്ന സ്ഥലവും ആഹാരം കൊടുത്ത വിവരങ്ങളും ലാപ്ടോപ്പിലൂടെ കുട്ടിയെ കാർട്ടൂൺ കാണിച്ച വിവരങ്ങളും ശേഖരിച്ചശേഷം രണ്ടോടെ പത്മകുമാറിനെ പുറത്തിറക്കി.
ഇയാളുടെ സാന്നിധ്യത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിൽ ഫോറൻസിക്, വിരലടയാള ഉദ്യോഗസ്ഥർ പരിശോധന നടത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ സംഭവശേഷം ഉപയോഗിച്ചിട്ടില്ല. കാർ വീടിന് മുന്നിൽതന്നെ നിർത്തിയിട്ടിരിക്കുകയാണ്. ഈ കാറിൽനിന്ന് നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം.
വീട്ടിലെ പരിശോധനകൾക്കുശേഷം മൂന്നോടെ മൂന്നു പേരെയും വീടിന് പുറത്തെത്തിച്ചു. പിന്നീട് കുട്ടിയെ തട്ടിക്കൊണ്ടുവരുന്ന വഴി അനിതകുമാരി എത്തി ഫോൺ ചെയ്യുകയും സാധനങ്ങൾ വാങ്ങുകയും ചെയ്തപാരിപ്പള്ളി കിഴക്കനേലയിലെ കടയിലേക്ക് കൊണ്ടുപോയി. കടയുടമയായ സ്ത്രീ ഇവരെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരെ തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് വൻ ജനക്കൂട്ടമാണ് ഇവരുടെ വീടിന് സമീപമെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.