കുട്ടിയെ തട്ടിക്കൊണ്ടുപോകൽ: അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെന്ന്; ഡി.വൈ.എഫ്.ഐ വനിത നേതാവിനെതിരെ പരാതി
text_fieldsകൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഡി.വൈ.എഫ്.ഐക്കെതിരെ പരാതി. കേസിന്‍റെ അന്വേഷണത്തെ വഴിതെറ്റിക്കാൻ ഡി.വൈ.എഫ്.ഐ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. വിഷ്ണു സുനിൽ പന്തളമാണ് പരാതി നൽകിയത്.
കുട്ടിയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ വനിത നേതാവ് ദൃക്സാക്ഷി എന്ന മട്ടിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
കുട്ടിയെ ആശ്രാമം മൈതാനത്തു നിന്ന് കണ്ടെത്തുന്നതിന് മുമ്പ് ആശ്രാമത്തെ ഇൻകം ടാക്സ് ഓഫീസേഴ്സ് ക്വാർട്ടേഴ്സിന് മുമ്പിൽ രണ്ട് പേരെത്തി ബഹളം ഉണ്ടാക്കിയെന്നും ഇവർ തട്ടിക്കൊണ്ടു പോയ സംഘത്തിലെ ആളുകളാണെന്ന് സംശയിക്കുന്നതായും ഡി.വൈ.എഫ്.ഐ വനിത നേതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യുവാക്കളെത്തിയ കാറിന്‍റെ നമ്പരും വ്യക്തമാക്കിയിരുന്നു.
എന്നാൽ, ജനശ്രദ്ധയുള്ള വാർത്തയിൽ നിറയാൻ ഡി.വൈ.എഫ്.ഐ നടത്തിയ ആസൂത്രിത നീക്കമാണ് സംഭവത്തിന് പിന്നിലെന്നും വനിത നേതാവിന്‍റെ മൊഴി രേഖപ്പെടുത്തണമെന്നും പരാതിയിൽ വിഷ്ണു സുനിൽ ആവശ്യപ്പെടുന്നു.
അതേസമയം, കേസ് അന്വേഷിക്കാൻ ദക്ഷിണ മേഖല ഡി.ഐ.ജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. ജില്ലയിൽ വിവിധ കേസുകളിൽ അന്വേഷണ മികവ് തെളിയിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെ 40ഓളം പേരടങ്ങുന്ന സംഘമാണ് ഇനി കേസ് കൈാര്യം ചെയ്യുന്നത്. കൊല്ലം സിറ്റി, റൂറൽ എസ്.പിമാരും എ.സി.പിമാരും ഡിവൈ.എസ്.പിമാരും എസ്.എച്ച്.ഒമാരും സംഘത്തിലുണ്ട്. തിരുവനന്തപുരം റൂറൽ ഉദ്യോഗസ്ഥരുടെ പിന്തുണയും തേടുന്നു.
സൈബർ സംഘങ്ങളെ ഉൾപ്പെടുത്തി വിവിധ സ്ക്വാഡുകളായി തിരിഞ്ഞുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പ്രതികൾ സഞ്ചരിച്ചതായി കരുതുന്ന വഴികളിലെല്ലാമുള്ള സി.സി ടി.വി ദൃശ്യങ്ങളുടെ പരിശോധനയും പുരോഗമിക്കുന്നു. ഇതിനിടെ, ചാത്തന്നൂരിൽ നിന്ന് പ്രതികളുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
കൊല്ലം റൂറൽ പരിധിയിലെ മുഴുവൻ എസ്.എച്ച്.ഒമാരെയും ഉൾപ്പെടുത്തിയുള്ള യോഗം റൂറൽ പൊലീസ് ആസ്ഥാനത്ത് ബുധനാഴ്ച നടന്നു. വിവിധ ഘട്ടങ്ങളായി രാവിലെ 10 മുതൽ ആരംഭിച്ച യോഗം രാത്രി ഏറെ വൈകിയും തുടർന്നു. സി.സി ടി.വികളില്ലാത്ത ഭാഗങ്ങളിലൂടെ പ്രതികൾ സഞ്ചരിച്ചതും വാഹനത്തിന്‍റെ നമ്പർ വ്യാജമായതും അന്വേഷണം വഴിമുട്ടിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.