കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പിതാവിന്റെ രഹസ്യമൊഴി 23ന് രേഖപ്പെടുത്തും
text_fieldsകൊല്ലം: ഓയൂർ ഓട്ടുമലയിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ കുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സി.ബി. രാജേഷ് തിങ്കളാഴ്ച രേഖപ്പെടുത്തും. അന്വേഷണത്തിൽ തൃപ്തനാണെന്നും തന്റെ സ്വകാര്യ സംഭാഷണം വളച്ചൊടിച്ച് നൽകിയതാണെന്നും കൂട്ടിയുടെ പിതാവ് കഴിഞ്ഞദിവസം അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്ന തരത്തിൽ പിതാവിന്റെ പരാമർശം വാർത്താ ചാനലുകളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് ജില്ല റൂറല്‍ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ അപേക്ഷ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതിയെ സമീപിച്ച് അനുമതി വാങ്ങിയത്. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച മൊഴി രേഖപ്പെടുത്തിയത്. ക്രിമിനൽ ചട്ടം 164ാം വകുപ്പ് അനുസരിച്ചാണ് മൊഴി രേഖപ്പെടുത്തുന്നത്.
2023 നവംബർ 27ന് വൈകീട്ടാണ് ട്യൂഷൻ കഴിഞ്ഞ് സഹോദരനോടൊപ്പം വരുന്ന വഴി ആറു വയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം ഉച്ചയോടെ കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് തമിഴ്നാട് തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (53), ഭാര്യ എം.ആർ. അനിതാകുമാരി (46), മകൾ അനുപമ (22) എന്നിവരാണ് പ്രതികൾ. മൂന്നാംപ്രതി അനുപമക്കും രണ്ടാംപ്രതി അനിതാകുമാരിക്കും ജാമ്യം ലഭിച്ചിരുന്നു. ഒന്നാംപ്രതി പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.