സ്ത്രീധന പീഡന പരാതികൾ വർധിക്കുന്നു; ഏറ്റവുമധികം പരാതികൾ കൊല്ലം ജില്ലയിൽ
text_fieldsകൊല്ലം: വിവാഹത്തിന് പിന്നാലെ ഗാര്‍ഹിക പീഡനം നേരിടുന്നതായി പരാതിപ്പെടുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവ് കാണുന്നതായി വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. സ്ത്രീധന പ്രശ്നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് കൊല്ലം ജില്ലയില്‍ നിന്നാണ്. വനിതാ കമ്മീഷന് ലഭിക്കുന്ന പരാതികളുടെ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് അംഗീകൃത കേന്ദ്രങ്ങളില്‍ വിവാഹ പൂര്‍വ കൗണ്‍സിലിങില്‍ വധൂവരന്‍മാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ഇത് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുമെന്നും പി. സതീദേവി പറഞ്ഞു.
പീഡന പരാതികൾക്ക് പുറമെ വയോജനങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥ സംബന്ധിച്ചും വനിതാ കമീഷന് പരാതി ലഭിക്കുന്നുണ്ട്. മാതാപിതാക്കൾക്ക് മക്കൾ സംരക്ഷണം നൽകുന്നില്ലെന്നാണ് വയോജനങ്ങൾ നൽകുന്ന പ്രധാന പരാതി. 85 വയസ്സായ മാതാവിനെ അഞ്ച് മക്കളും സംരക്ഷിക്കുന്നില്ലെന്ന പരാതി പരിഗണിക്കവെയായിരുന്നു വനിതാ കമീഷൻ അധ്യക്ഷയുടെ പരാമര്‍ശം.
പ്രശ്‌നങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിന് വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും വനിതാ കമീഷൻ നിര്‍ദ്ദേശിച്ചു. കമീഷൻ തീര്‍പ്പാക്കിയ കേസുകളില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹായത്തോടെ പ്രത്യേക മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും അധ്യക്ഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.