കൊല്ലം ജില്ല പഞ്ചായത്തിന്റെ സ്വപ്നക്കൂട്; 75 അതിദരിദ്ര കുടുംബങ്ങൾക്ക് വീട്
text_fieldsകൊല്ലം: ജില്ലപഞ്ചായത്ത് സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ സാമ്പത്തിക സഹകരണത്തോടെ ഏറ്റെടുത്ത സ്വപ്നക്കൂട് പദ്ധതിയിൽ 75 അതിദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകുമെന്ന് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വീട് ഒന്നിന് ജില്ല പഞ്ചായത്ത് വിഹിതം 5.76 ലക്ഷം രൂപയോടൊപ്പം ഭവന നിർമാണ ബോർഡിൽ നിന്നുള്ള 3.84 ലക്ഷംരൂപ കൂടി ലഭ്യമാക്കി 9.60 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. 437 സ്ക്വയർ ഫീറ്റിലാണ് നിർമാണം. ഫെബ്രുവരി 11ന് വൈകീട്ട് നാലിന് കൊട്ടാരക്കര മുനിസിപ്പൽ ഗ്രൗണ്ടിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അധ്യക്ഷതയിൽ റവന്യൂമന്ത്രി കെ. രാജൻ ജില്ലതല ഉദ്ഘാടനം നിർവഹിക്കും. പെരിനാട് ലഹളയുടെയും കല്ലുമാല സമരത്തിന്റെയും കമ്മാൻകുളം നിർമാണത്തിന്റെയും ചരിത്രപരമായ പ്രാധാന്യം ജനങ്ങൾക്ക് പകർന്നുനൽകാനായി ജില്ലപഞ്ചായത്ത് ഏറ്റെടുത്തുനിർമിച്ച കമ്മാൻകുളം ചരിത്രസ്മാരകം 15ന് വൈകീട്ട് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വയോജനങ്ങൾക്ക് റേഡിയോ, അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്ക് വസ്ത്രവിതരണം എന്നിവയുടെ ജില്ലതല ഉദ്ഘാടനം 13ന് പകൽ മൂന്നിന് ജയൻ സ്മാരക ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് നിർവഹിക്കും.
ജില്ല പഞ്ചായത്ത് ഓഫിസ് പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടീൽ 19ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ജില്ല പഞ്ചായത്തിന്റെ ലേബലിൽ കതിർമണി ബ്രാൻഡിൽ മട്ടയരി മാർച്ചിൽ വിപണിയിലെത്തിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ 3000 വിദ്യാർഥിനികൾക്ക് മെൻസ്ട്രൽ കപ്പ് വിതരണത്തിന് ഓർഡർ നൽകി. കൂടാതെ ഭിന്നശേഷി സ്കോളർഷിപ് ലഭിക്കുന്ന 3000 കുട്ടികൾക്ക് 2500 രൂപ വിലവരുന്ന ഭക്ഷ്യകിറ്റും അർബുദബാധിതരായ 1000 ഓളം വയോജനങ്ങൾക്ക് 5000 രൂപ വിലമതിക്കുന്ന ഭക്ഷ്യകിറ്റും വിതരണം ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുംമുമ്പ് ഇവ പൂർത്തീകരിക്കും. സെക്രട്ടറി വൈ. വിജയകുമാറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.