ചുമ നിർത്താതെ ജനം; പനിച്ചൂടിൽ വിറച്ച് കൊല്ലം
text_fieldsകൊല്ലം: ജില്ലയിൽ മഴമാറി ചൂട് കടുത്തതോടെ പനിയുടെ ചൂടും കൂടിവരുകയാണ്. വൈറൽപനിക്ക് പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും ചൂടുപനിയും എന്നിവയുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചികിത്സതേടുന്നവരുടെ എണ്ണം ദിനേന വർധിച്ചുവരുകയാണ്.
മഴയും വെയിലും മാറിവരുന്നതിലുള്ള കാലാവസ്ഥവ്യതിയാനമാണ് പനി കൂടാനുള്ള കാരണമായി അധികൃതർ പറയുന്നത്. കോവിഡിന്റെ തുടർച്ചപോലെയാണ് പലരിലും കടുത്ത പനി ക്ഷീണമുണ്ടാകുന്നത്. വൈറൽ പനിയുടെ സമാനമായ ലക്ഷണം തന്നെയാണ് എല്ലാറ്റിനും. പനിക്കുശേഷമുണ്ടാകുന്ന ചുമ വിട്ടുമാറാതെ മാസങ്ങളോളമാണ് തുടരുന്നത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർക്ക് ഇത് ഗുരുതരമാവുകയും ചെയ്യുന്നു. ഡോക്ടർമാർ രക്തപരിശോധന ഉൾപ്പെടെ കുറിച്ചുനൽകുന്നത് പലരും നിരസിക്കുകയാണ്.
കൃത്യമായ ചികിത്സ തേടാത്തതും രോഗം ഗുരുതരമാക്കുന്നു. ശരീരവേദന, അമിതമായ ക്ഷീണം, ചുമ, പനി, തൊണ്ടവേദന, തലവേദന, വിറയൽ എന്നിവയാണ് പി.എച്ച്.സികളിൽ എത്തുന്നതിലധികവും കാണുന്നത്. സാധാരണ ജലദോഷപ്പനി മുതൽ ഡെങ്കിപ്പനി, എലിപ്പനി പോലുള്ള ഗുരുതര പനികൾ പടരുന്ന സമയമാണിത്. നീളുന്ന പനി ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ തുടക്കത്തിേല ചികിത്സ തേടണം. കുട്ടികളിൽ ബാധിക്കുന്ന പനി ഗുരുതരമാകാൻ സാധ്യതയേറെയുള്ളതിനാൽ പ്രതിരോധമാർഗങ്ങൾ കണ്ടെത്താനും സ്വയംചികിത്സ നൽകാതെ ഡോക്ടറുടെ നിർദേശം തേടണമെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പകർച്ചപ്പനി നിയന്ത്രിക്കാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പനി ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. നവംബർ മുതൽ ഇതുവരെ ജില്ലയിൽ പകർച്ചപ്പനിമൂലം ജില്ലയിൽ ഒ.പിയിൽ ചികിത്സതേടിയത് 23,848 പേരാണ്. ഇതിൽ വിവിധ ആശുപത്രികളിലായി 431പേരോളം കിടത്തിച്ചികിത്സക്ക് വിധേയരായി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 835 പേരോളമാണ്. ഇതിൽ 282 പേർക്ക് ഡെങ്കി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എലിപ്പനിയുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചികിത്സതേടിയത് 15 പേരാണ്. മഴ മാറിനിൽക്കുന്നതോടെ ശുദ്ധജല സ്രോതസ്സുകളിൽ മലിനജലം കലരാനുള്ള സാധ്യതയേറെയാണ്. ചൂടേറിയതോടെ വിവിധയിടങ്ങളിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിൽ മുട്ടയിട്ട് പെരുകിയ കൊതുകുകൾ രോഗവാഹകരാകാൻ സാധ്യതയുമുണ്ട്.
കിണറുകളും കുടിവെള്ള സ്രോതസ്സുകളും കൃത്യമായി ക്ലോറിനേറ്റ് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കണം. കിണറുകൾ, ടാങ്കുകൾ എന്നീ വെള്ളം ശേഖരിക്കുന്നവയെല്ലാം കൊതുക് കയറാത്തവിധം വലയുപയോഗിച്ച് സംരക്ഷിക്കുകയാണ് വലിയ പ്രതിരോധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.