വിരലിനിടയിൽ ബ്ലേഡ് ഒളിപ്പിച്ച് ആക്രമണം; മുങ്ങുന്നത് ബംഗളൂരുവിലേക്ക് -അനസ് കൊടും കുറ്റവാളിയെന്ന് പൊലീസ്
text_fieldsകല്ലമ്പലം: പാരിപ്പള്ളി ജങ്ഷനിൽ നടുറോഡിൽ കല്ലമ്പലം സ്റ്റേഷനിലെ പോലീസുകാരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ അനസ് കൊടുംകുറ്റവാളി. ചാവർ കോട് മലച്ചിറ കോട്ടയ്ക്കകം വീട്ടിൽ അനസ് (24) ആണ് പിടിയിലായത്. എസ്.ഐ. ജയൻ, സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, ശ്രീജിത്ത് ,ചന്തു എന്നിവർക്കാണ് പ്രതിയെ പിടികൂടുന്നതിനിടെ കുത്തേറ്റത്. ഇതിൽ വിനോദ് ആശുപത്രി വിട്ടു. ശ്രീജിത്ത് ഐ.സി.യു.വിൽ നിരീക്ഷണത്തിലാണ്. മറ്റു രണ്ടുപേർ അപകടനില തരണം ചെയ്തതായും പോലീസ് അറിയിച്ചു.
പൊലീസ് വലവിരിക്കുന്നു
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെ പാരിപ്പള്ളി ജങ്ഷനിലാണ് സംഭവം. 2018ൽ ചാവർകോട് മലച്ചിറ ഒരു ക്ലബിന് നേരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ബോബെറിഞ്ഞ കേസിലെ പ്രതിയാണ് അനസ്. ഈ കേസിലാണ് അനസിനെ പിടികൂടാൻ ആറ് പോലീസുകാർ പാരിപ്പള്ളിയിൽ എത്തിയത്. പോലീസ് ഉത്തരവ് പ്രകാരം പിടികിട്ടാപ്പുള്ളികളെയും ഗുണ്ടകളെയും പിടികൂടുന്നതിനു ഓരോ സ്റ്റേഷനിലെയും എസ്.ഐമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിൽ കല്ലമ്പലം സ്റ്റേഷനിൽ എസ്.ഐ ജയനെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അനസിനെ പിടികൂടാൻ പാരിപ്പള്ളിയിൽ എത്തുന്നത്.
അനസ് പിടികിട്ടാപ്പുള്ളി
വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുള്ള അനസിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഗുണ്ടാ നേതാവും ലഹരി കടത്തും അക്രമവും സ്ഥിരമാക്കിയ പ്രതി കൈ വിരലുകൾക്ക് ഇടയിൽ ബ്ലേഡ് വെച്ചാണ് നടക്കുന്നത്. ഇതിനിടെ പ്രതി നിരവധി പേരെ ബ്ലേഡ് കൊണ്ട് ആക്രമിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങൾ നടത്തിയതിനുശേഷം ബാംഗ്ലൂരിൽ എത്തി ഒളിവിൽ കഴിയും. ഇടയ്ക്ക് നാട്ടിൽ എത്തി മയക്കുമരുന്ന് കച്ചവടവും മദ്യം ഉപഭോഗം നടത്തിയിരുന്നു.കയ്യിൽ കാശ് ഇല്ലാതെ വരുമ്പോൾ ആൾക്കാരെ ബ്ലൈഡ് കൊണ്ട് ശരീരത്തിൽ പോറൽ ഏൽപ്പിച്ച് ഭീഷണിപ്പെടുത്തി കാശ് വാങ്ങുമായിരുന്നു.
പൊലീസ് എത്തിയത് മഫ്ടിയിൽ
കഴിഞ്ഞ ദിവസം എസ്. ഐ ജയൻ, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വിനോദ്, ശ്രീജിത്ത്, ചന്തു എന്നിവർ ഉൾപ്പെട്ട സംഘം മഫ്തിയിലാണ് പ്രതിയുള്ള സ്ഥലത്ത് എത്തിയത്. പോലീസിനെ കണ്ട പ്രതി ഓടുകയും സഹസികമായി ഇയാളെ പിടികൂടുകയുമായിരുന്നു. അപ്പോഴാണ് പ്രതി കത്തി ഉപയോഗിച്ച് പോലീസുകാരെ കുത്തിയത്. എസ്.ഐ ജയനെ നെഞ്ചില്‍ ഇടിച്ച് പരിക്കേല്‍പിച്ചത് തടയാന്‍ ശ്രമിച്ച ശ്രീജിത്തിന്റെ നട്ടെല്ലിന് സമീപമാണ് കുത്തേറ്റു. വിനോദിന്റെ കാലിനാണ് കുത്തേറ്റത്. കുത്തേറ്റെങ്കിലും ഇയാളെ പൊലീസ് സംഘം സാഹസികമായി പിടികൂടി.
കൃത്യനിർവ്വഹണം ജീവൻ പണയംവെച്ച്
ജീവൻ പണയം വെച്ചാണ് പോലീസുകാർ കൃത്യനിർവ്വഹണം നടത്തിയത്. രക്തം വാർന്നൊലിച്ചിട്ടും പ്രതിയെ പിടികൂടി പോലീസ് ജീപ്പിൽ കല്ലമ്പലത്ത് എത്തിച്ചു. വാഹനത്തിൽ വെച്ച് നിരവധി തവണ പ്രതി പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഒടുവിൽ സ്റ്റേഷനിൽ പ്രതിയെ എത്തിച്ച ശേഷമാണ് പോലീസുകാർ ആശുപത്രികളിലേക്ക് പോയത്. കോളേജ് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ലഹരി നൽകുന്ന പ്രതിയെ പോലീസ് പിടികൂടുമ്പോഴും ഇയാളുടെ പക്കൽ രണ്ട് സിറിഞ്ചുകൾ ഉണ്ടായിരുന്നു. സിന്തറ്റിക്ക് ഡ്രഗ്സാണ് പ്രതി കുട്ടികൾക്ക് ഉൾപ്പെടെ കച്ചവടം നടത്തി വന്നിരുന്നത്.
പോലീസിനുനേരെ ബോംബ് എറിഞ്ഞ കേസിലും 28 ആം മൈലിൽ ക്ലബിൽ ബോംബ് എറിഞ്ഞ കേസിലും ബാറിൽ അടിപിടി ഉണ്ടാക്കിയ കേസിലും പ്രതിയാണ് അനസ്. പ്രതിയെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. പാരിപ്പള്ളിയിൽ വെച്ച് കഴിഞ്ഞ ദിവസം പോലീസുകാരെ ആക്രമിച്ച കേസിൽ പാരിപള്ളി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.2018-ൽ ചാവർ കോട് മലച്ചിറ ക്ലബിന് നേരെ ബോബെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിലാണ് അനസിനെ കല്ലമ്പലം പോലീസ് നിലവിൽ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.