'അനുഭവിച്ചോ'; എം.എൽ.എയെ പഞ്ഞിക്കിട്ട് ട്രോളന്മാർ, സഹതാരമായി വനിതാ കമ്മീഷൻ മുൻ അധ്യക്ഷയും
text_fieldsഫോണിൽ സഹായം ചോദിച്ച് വിളിച്ച വിദ്യാർഥിയോട് കയർത്തും പരുഷമായും സംസാരിച്ച കൊല്ലം എം.എൽ.എ എം.മുകേഷിനെതിരേ ട്രോളന്മാരുടെ വിളയാട്ടം. സംഭവം പുറത്തുവന്ന് മണിക്കൂറുകൾക്കകം ട്രോളന്മാരും സജീവമായി. രാജിവെച്ച മുൻ വനിതാകമ്മീഷൻ അധ്യക്ഷയുമായി ചേർത്താണ് എം.എൽ.എയെ ട്രോളുന്നത്. അതേസമയം വിഷയത്തിൽ സമൂഹമാധ്യമങ്ങളിലും രോഷം പുകയുകയാണ്. ഒരു കുട്ടിയോട് ഇങ്ങിനെ സംസാരിക്കുന്ന ഒരാൾ എങ്ങിനെയാണ് ജനസേവകനാകുന്നതെന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. കൂടുതൽപേരും വിമർശിക്കുന്നുണ്ടെങ്കിലും എം.എൽ.എയെ പിന്തുണച്ചും ചിലരെല്ലാം രംഗത്തുവന്നിട്ടുണ്ട്. ഇത് മനപ്പൂർവ്വം കെട്ടിച്ചമച്ച നാടകമാണെന്നാണ് അക്കൂട്ടർ പറയുന്നത്.
പാലക്കാടുള്ള കുട്ടി കൊല്ലം എം.എൽ.എയെ വിളിച്ചതിൽ ദൂരൂഹത കാണുന്നവരും കുറവല്ല. മുകേഷിെൻറ പഴയൊരു ഡയലോഗ് എടുത്തുപറഞ്ഞാണ് വിമർശനങ്ങളിൽ അധികവും ഉയർന്നിരിക്കുന്നത്. രാത്രിയിൽ തന്നെ വിളിച്ച ആരാധകനോട് 'അന്തസ്സ് വേണമെടാ അന്തസ്സ്' എന്ന് മുകേഷ് പ്രതികരിച്ചിരുന്നു. അത് വ്യാപകമായി വിമർശനത്തിനും ഉപയോഗിക്കുന്നുണ്ട്.'ഇങ്ങനെയും ബഡായി ബംഗ്ലാവ്', 'അനുഭവിച്ചോ എല്ലാം','കുഞ്ഞുങ്ങളോടു സിനിമാ dialogue, കഷ്ടം'-തുടങ്ങി കമൻറുകൾ ലഭിക്കുന്നുണ്ട്. തനിക്ക് ആ കുട്ടിയുടെ വിവരംപോലും ഇല്ലല്ലോ. ഒന്നുമല്ലെങ്കിൽ വിളിച്ചത് ഒരു കുട്ടിയല്ലേ. ആ കുട്ടിക്ക് പറയാനുള്ളത് എന്താണെന്നെങ്കിലും കേൾക്കാമായിരുന്നു. തനിക്ക് ഒന്നും പറ്റിയ പണിയല്ല.എം.എൽ.എ. തനിക്ക് പറ്റിയത് ബഡായി ബംഗ്ലാവ് ആണ്'-ഒരാൾ കുറിച്ചു.
കുട്ടിയും മുകേഷും തമ്മിലുള്ള സംഭാഷണത്തിെൻറ ഫോൺ കോൾ റെക്കോർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ 10ാം ക്ലാസുകാരനാണ് എം.എൽ.എയെ വിളിച്ചത്. കൂട്ടുകാരൻ കൊടുത്ത നമ്പർ ഉപയോഗിച്ചായിരുന്നു വിളി. ഫോൺ എടുത്തപാടെ കുറ്റവാളികളെ ചോദ്യം ചെയ്യുന്നരീതിയിലായിരുന്നു എം.എൽ.എയുടെ സംസാരം. 'ആറ് പ്രാവശ്യം എന്തിനാണ് വിളിച്ചത്, ഒറ്റപ്പാലം എം.എൽ.എ മരിച്ചോ, അയാളെ വിളിക്കാതെ എന്തിനാണ് എന്നെ വിളിച്ചത്'എന്നുതുടങ്ങി പിന്നീടങ്ങോട്ട് ശകാരവർഷമായി. ഞാനൊരു സ്റ്റുഡൻറ് ആണെന്നും 10ാം ക്ലാസിലാണ് പഠിക്കുന്നതെന്നും വിദ്യാർഥി പറഞ്ഞു. ആരായാലും തന്നെ വിളിക്കേണ്ടെന്നായിരുന്നു എം.എൽ.എയുടെ മറുപടി.
കൂട്ടുകാരനാണ് നമ്പർ തന്നതെന്ന് പറഞ്ഞപ്പോൾ അവെൻറ ചെവിക്കുറ്റി നോക്കി അടിക്കണം എന്നായി പ്രതികരണം. സ്വന്തം എം.എൽ.എയുടെ നമ്പർ തരാതെ വേറേരാജ്യത്തുള്ള എം.എൽ.എയുടെ നമ്പർ തന്ന കൂട്ടുകാരനാരാണെന്നും മുകേഷ് ചോദിച്ചു. താൻ വലിയ ഒരു മീറ്റിങ്ങിൽ ഇരിക്കുകയാണെന്നും തന്നെ ആളുകൾ പരിഹസിക്കുന്നുവെന്നുമായി പിന്നീടുള്ള പ്രതികരണം. ഇതോടെ കുട്ടി സോറി പറഞ്ഞു. സോറി ഒന്നും പറയേണ്ടെന്നും ഇത് നല്ല അസ്സൽ വെളച്ചിലാണെന്നുമായി എം.എൽ.എ.അതേസമയം സംഭവത്തിൽ നടന്നത് ഗൂഡാലോചന ആണെന്നാണ് മുകേഷ് പറയുന്നത്. തനിക്കെതിരെ പലരും ഗൂഢാലോചന നടത്തുന്നുണ്ടെന്നും അതിന്‍റെ ഭാഗമായാണ് കുട്ടി ഫോൺ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ സൈബർ സെല്ലിലും പൊലീസിലും പരാതി നൽകുമെന്നും മുകേഷ് പറഞ്ഞു.
'തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ പലരും തന്നെ നിരന്തരമായി വേട്ടയാടുകയാണ്. നിരവധി പേരാണ് വിളിക്കുന്നത്. ഫോൺ വിളികൾ കാരണം ഒരു മണിക്കൂറിനുള്ളിൽ മൊബൈലിലെ ചാർജ് തീരുന്ന അവസ്ഥയാണ്. ഗൂഢാലോചന നടത്തി തന്നെ പ്രകോപിപ്പിക്കാനാണ് അവരുടെ ശ്രമം. ആര് ഫോൺ വിളിച്ചാലും എടുക്കുന്ന പ്രകൃതമാണ് തനിക്ക്. എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചുവിളിക്കും.ഇപ്പോൾ സംഭവിച്ചതും ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. ആ കുട്ടി താൻ ഒരു സൂം മീറ്റിങ്ങിൽ പങ്കെടുക്കുേമ്പാഴാണ് വിളിക്കുന്നത്. ആദ്യം വിളിച്ചപ്പോൾ യോഗത്തിലാണെന്ന് പറഞ്ഞു. ആറ് തവണയാണ് യോഗത്തിനിടെ വീണ്ടും വീണ്ടും വിളിച്ചത്. ഇതുകാരണം മീറ്റിങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. പിന്നീട് തിരിച്ചുവിളിച്ച് സ്വന്തം നാട്ടിലെ എം.എൽ.എയെ ബന്ധപ്പെട്ടോ എന്ന് ആരാഞ്ഞു. അദ്ദേഹത്തിന്‍റെ മറുപടി ലഭിച്ചശേഷം തന്നെ ബന്ധപ്പെട്ടോളൂ എന്നാണ് അതുകൊണ്ട് ഉദ്ദേശിച്ചത്.
സുഹൃത്ത് പറഞ്ഞിട്ടാണ് അവൻ വിളിച്ചതെന്ന് പറഞ്ഞു. എന്നാൽ അയാൾ സുഹൃത്തല്ല, ഈ നാടിന്‍റെ തന്നെ ശത്രുവാണ്. പലരും ഇത്തരത്തിൽ പ്രകോപിപ്പിക്കുന്നുണ്ട്. ആറ് പ്രാവശ്യം വിളിച്ചതും ഫോൺ റെക്കോർഡ് ചെയ്തതുമെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. ഇതുപോലെ തന്‍റെ ഒാഫിസിന്‍റെ പേരിൽ ആശുപത്രി, ബാങ്ക് എന്നിവിടങ്ങളിലേക്കും പലരും വ്യാജമായി വിളിച്ചിട്ടുണ്ട്. ഇതിനെതിരെ പരാതി നൽകി. കുട്ടികളോട് വളരെ നല്ല രീതിയിൽ മാത്രമാണ് താൻ പെരുമാറാറുള്ളത്. ചൂരൽ ഉപയോഗിച്ച് അടിക്കണമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണ്. കുട്ടിയുടെ അച്ഛന്റെയോ മൂത്ത ജ്യേഷ്ഠന്റെയോ പ്രായം തനിക്കുണ്ട്. അതിനാലാണ് അത്തരത്തിലെ പ്രയോഗം ഉപയോഗിച്ചത്.
സംഭവത്തിന് പിന്നിൽ രാഷ്ട്രീയമുണ്ട്. പൊലീസിലും സൈബർ സെല്ലിലും പരാതി നൽകാനാണ് തീരുമാനം. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും അവരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരും. ഇത്തരത്തിൽ കുട്ടികൾ ആരെയും വിളിക്കരുത്. കുട്ടിക്ക് വിഷമം ഉണ്ടായതുപോലെ തനിക്കും അതിലേറെ ഇപ്പോൾ സങ്കടം തോന്നുന്നു. ഇത്തരത്തിലൊരു വിഡിയോ ഇടേണ്ടിവന്നതിൽ വിഷമമുണ്ട്' -മുകേഷ് വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.